അപരന്‍റെ മുഖം

0

യേശു അവിടെ നിന്ന്‌ അവരെ വിളിച്ചു ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക്‌ എന്തുചെയ്യണമെന്നാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌?അവര്‍ പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ക്കു കണ്ണുകള്‍ തുറന്നു കിട്ടണം.യേശു ഉള്ളലിഞ്ഞ്‌ അവരുടെ കണ്ണുകളില്‍ സ്‌പര്‍ശിച്ചു. തത്‌ക്‌ഷണം അവര്‍ക്കു കാഴ്‌ചകിട്ടി. അവരും അവനെ അനുഗമിച്ചു.”(മത്താ. 20 : 32-34)

ഫ്രഞ്ച് തത്വചിന്തകൻ ഇമ്മാനുവൽ ലെവിനാസിന്റെ അപരൻ – the other – ലെ രണ്ടാമത്തെ പ്രധാന ചിന്ത ‘അപരന്റെ മുഖം’ – face of the other – ആണ്.  അന്ധരുടെ നിലവിളി ക്രിസ്തുവിനെ പിടിച്ചുനിർത്തുകയാണ്. അവർക്ക് വേണ്ടത് തന്റെ കരുണയുടെ കടലിൽ നിന്ന് കോരി നൽകിയിട്ട് മാത്രം യാത്ര തുടരുന്ന തമ്പുരാൻ. 

ശരിക്കൊന്ന് കണ്ണുതുറന്ന് നോക്കിയാൽ അറിയാം. അപരന്റെ മുഖം ഇന്ന് മ്ലാനമാണ്. മഴയും പ്രളയവും ചേർന്ന് പ്രകാശം കെടുത്തിയ മുഖങ്ങൾ..ജീവിതഭാരം കൊണ്ട് കുമ്പിട്ടുപോയ മുഖങ്ങൾ..രോഗത്തോടും രോഗക്കിടക്കയോടും നിരന്തരം മല്ലിട്ട് മനസ്സിന്റെ വസന്തം മുഴുവൻ ഒഴിഞ്ഞുപോയ വിളറിയ മുഖങ്ങൾ.. ജീവിത പ്രാരാബ്ധങ്ങൾകൊണ്ട് മുഖം കുമ്പിട്ടുപോയവർ.. ആരാലും സ്നേഹിക്കപ്പെടാത്തവർ.. ആരും പരിഗണിക്കാനില്ലാത്തവർ.. ദാരിദ്ര്യം കൊണ്ടും കടബാധ്യത കൊണ്ടും പൊറുതിമുട്ടുന്നവർ

ഗലീലിയുടെ തെരുവോരങ്ങളിലൂടെ കരുണ വിളമ്പി നടന്ന ക്രിസ്തുവിനെ ഓർമ്മപ്പെടുത്തുന്ന ചിലരെങ്കിലും നമുക്കുചുറ്റുമുണ്ട്. ചില വൈദികരും ചില കന്യാസ്ത്രീയമ്മമാരും ചില ചേട്ടൻമാരും ചില ചേച്ചിമാരും ചില കുഞ്ഞുങ്ങളുമൊക്കെ..  പ്രളയകാലത്ത് അപരന്റെ വേദനിക്കുന്ന മുഖം എത്രയോ മനുഷ്യരിലാണ് കരുണയുടെ ഉറവുകൾ ഒഴുക്കിയത് ! അഭിമാനമുണ്ട്, നന്മ വറ്റിപ്പോകാത്ത കേരളജനതയെ ഓർത്ത്. 

എന്നാലും സുഹൃത്തേ, കരുണ കാണിക്കാൻ പ്രളയം വരെ കാത്തിരിക്കണമെന്നില്ല; ചിലപ്പോൾ ഒരു പുഞ്ചിരി, ചിലപ്പോൾ ഒരു നോട്ടം, അരമിനിട്ട്‌ ഒന്നു കേൾക്കാനുള്ള മനസ്സ്.. ഭക്ഷണപ്പൊതികളെക്കാളും പച്ചനോട്ടുകളെക്കാളും മനുഷ്യർക്ക് വേണ്ടത് മറ്റെന്തൊക്കെയോ ആണ്. 

അറിയാമോ, ഓരോ മുഖത്തിനും എന്തോ പറയാനുണ്ട്. കണ്ണുകളുയർത്തി നോക്കാനും, മുഖത്തുനിന്ന് ഒരാളെ  വായിക്കാനുമുള്ള കഴിവുണ്ടായാൽ മതി. സമയവും സമ്പത്തും സ്നേഹവും ആരോഗ്യവും അതർഹിക്കുന്നവന് വിളമ്പിക്കൊടുക്കാൻ അൽപം മനസ്സുണ്ടായാൽ മതി. ഞാൻ ആരെന്നും എന്താവണമെന്നും ഓർമപ്പെടുത്തുന്ന  മുഖങ്ങൾ.. !

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവം .. 

ഫാ. അജോ രാമച്ചനാട്ട്