തോൽവി

0

ജീവിതത്തിൽ ഒരിക്കലെങ്കിലും തോൽവിയുടെ രുചി അറിയാത്തവർ ഉണ്ടോ? സംശയം ആണ്. അതിന്‍റെ  രുചി എന്നൊക്കെ കുറിക്കാൻ എളുപ്പമാണ്. പക്ഷേ അനുഭവിച്ചവനെ അതിന്‍റെ കാഠിന്യം അറിയൂ. ഒന്നുറപ്പാണ്, തോൽവിയുടെ രുചി അറിഞ്ഞു ജീവിതം മാറ്റി എഴുതിയവരിൽ മിക്കവാറും ചരിത്രം കുറിച്ചവരാണ്.

മൈക്കിൾ കാരിമറ്റം അച്ചന്‍റെ പരാജിതരുടെ സുവിശേഷം എന്ന പുസ്തകം വായിച്ചപ്പോൾ ആണ് ബൈബിളിൽ ഇത്രയധികം പരാജിതർ ഉണ്ട്  എന്ന് മനസിലായത്. പരാജിതർ കുറിച്ച പല സുവിശേഷങ്ങൾക്കും മൂർച്ച ഏറെയാണ്. അവർ  അവരുടെ ജീവിതങ്ങളെ മാത്രമല്ല, ലോകം മുഴുവനും മാറ്റിമറിക്കുന്നതിൽ പങ്കു വഹിച്ചു എന്നാണ് മനസിലാകുന്നത്. 

 മറിച്ചും അനുഭവങ്ങൾ ഉണ്ടെന്നുള്ളത് സമ്മതിക്കുന്നു. ചില തോൽവികളോടുകൂടെ എല്ലാ വിളക്കുകളും അണയുന്ന ജീവിതങ്ങൾക്ക് മുൻപിൽ മുൻപ് പറഞ്ഞ ജീവിതങ്ങൾ ഒരു വെല്ലുവിളി ആണ്. തോറ്റുപോകുമ്പോൾ ചേർത്തു പിടിച്ചു സാരമില്ലടാ എന്ന് പറയും എന്ന് കരുതിയ പലരും നിശബ്ദമായപ്പോൾ തോൽവിയുടെ വേദന പതിൻ മടങ്ങു വർധിച്ചു. നിശബ്ദതകൾക്കപ്പുറം കുറ്റപ്പെടുത്തലുകൾ കൂടെ ആയപ്പോൾ തോൽവികൾ പലതും എന്‍റെ അവസാനം പോലും ആണോ എന്ന് ചിന്തി ച്ചിട്ടുണ്ട്.

 തോൽവിയുടെ ഒരു പാരമ്യം ആയി തോന്നിയിട്ടുള്ളത് കുരിശാണ്. കുരിശിൽ ഉള്ളവൻ തോൽവി അല്ലെങ്കിലും അവൻ കുറെ തോൽവികൾ ഏറ്റു വാങ്ങി എന്നുള്ളത് ഉറപ്പാണ്. കൂടെ ചങ്കിൽ ചേർത്തു പിടിച്ചവൻ ഒറ്റിയപ്പോൾ അവൻ തോല്പിക്കപ്പെട്ടു,എന്നും കൂടെ ഉണ്ടാകും എന്ന് കരുതി തള്ളകോഴി തന്‍റെ ചിറകിനടിയിൽ കുഞ്ഞുങ്ങളെ കൊണ്ട് നടക്കും പോലെ കൊണ്ട് നടന്നവർ ഓടി രക്ഷപെട്ടപ്പോൾ അവൻ തോല്പിക്കപ്പെട്ടു,

ഞാൻ നിന്നെ സ്‌നേഹിക്കുന്നു എന്ന് നീ  അറിയുന്നില്ലേ എന്ന്  പറഞ്ഞവൻ- അവനെ ഞാൻ അറിയില്ല എന്ന്  മൂന്ന് തവണ ആണയിട്ടു  പറഞ്ഞപ്പോൾ അവൻ  തോല്പിക്കപ്പെട്ടു, ഓശാന പാടിയവർ അവനെ കുരിശിലേറ്റുക എന്ന് പറഞ്ഞപ്പോൾ അവൻ തോല്പിക്കപ്പെട്ടു. അവമാനത്തിന്‍റെ കുരിശു ചുമലിൽ ചാർത്തിയപ്പോൾ, പെറ്റമ്മയുടെ മുൻപിൽ കള്ളൻ എന്ന് മുദ്രകുത്തി കുരിശും കൊണ്ടു  മുഖമിടിച്ചു വീണപ്പോൾ, അതിലുപരി ഉടുതുണിയില്ലാതെ കുരിശിൽ കിടന്നപ്പോൾ, തന്നെ കുരിശിന്‍റെ മാറിൽ ചേർത്തു കിടത്താൻ വിട്ടു കൊടുത്ത സ്വന്തം അപ്പൻ പോലും നിശബ്തനായി പോയപ്പോൾ, ലോക രക്ഷകൻ മനുഷ്യനെ പോലെ മരിച്ചപ്പോൾ, നാഴികക്ക് നാല്പതു വട്ടം ഞാൻ മരിച്ചവരിൽ നിന്ന് ഉയിർക്കും എന്നു പറഞ്ഞു പഠിപ്പിച്ചവർ പിന്നീട് മീൻ പിടിക്കാൻ പോയപ്പോൾ…

അവന്‍റെ തോൽവിയുടെ നിര എത്ര എഴുതിയാലും കഴിയില്ല. എന്നാൽ  എല്ലാ തോൽവികൾക്കുമൊടുവിൽ അവൻ ഉയിർത്തെഴുന്നേറ്റപ്പോൾ അവൻ വിജയച്ചവനും അന്നുവരെ  അവനെ തോല്പിച്ചവർ തോല്പിക്കപ്പെട്ടവരും ആയി  മാറി എന്നത് ക്‌ളൈമാക്‌സ്. ഈ തോൽവികൾക്കൊന്നും മറികടക്കാൻ കഴിയാത്ത വണ്ണം  അവൻ വിജയം നേടിയപ്പോൾ, ഇപ്പോൾ എന്‍റെ  മുൻപിൽ കുറെ ചോദ്യങ്ങൾക്കു ഉത്തരമുണ്ട്.

ഇനിയും ഉത്തരങ്ങളില്ലാ  ചോദ്യങ്ങളെയും കെട്ടിപിടിച്ചു ഇരിക്കാൻ ആണ് എന്‍റെ  തീരുമാനം എങ്കിൽ കുരിശിൽ മരിച്ചവൻ വീണ്ടും ഒറ്റു കൊടുക്കപ്പെടും, അവൻ വീണ്ടും കുരിശു ചുമക്കും, മുഖമിടിച്ചു വീഴും, ഉടുതുണിയില്ലാത്തവനായി കുരിശിലേറും, എല്ലാം നഷ്ടപ്പട്ടവൻ കണക്കു നിലവിളിക്കും….

ചെവിയുള്ളവൻ  കേൾക്കട്ടെ. ഇനി തോല്ക്കണോ  ജയിക്കണോ എന്ന് ഞാൻ തീരുമാനിക്കണം.                                                                                                                                                   ഫ്രിജോ തറയിൽ.