എനിക്കിത് ചെയ്യാനാകുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ ? (മത്താ 9:28)
ഉത്തരാഖണ്ഡിലെ ബാഗേശ്വർ – അൽമോറ ജില്ലകളുടെ അതിർത്തിയിൽ കുമാവോൺ പ്രദേശത്ത് കൗസനി എന്ന ഗ്രാമത്തിലൂടെ ഒഴുകുന്ന നദിയാണ് കോശി. വനനശീകരണവും കാട്ടുതീയും തടഞ്ഞില്ലെങ്കിൽ വെള്ളമൊഴുക്ക് കുറഞ്ഞ്, കോശി നദി ഇനി 10 വർഷം കൂടിയേ ജീവിക്കുകയുള്ളൂ എന്ന് അമർ ഉജാല എന്ന പത്രത്തിൽ ബസന്തി സമന്ത് എന്ന സ്ത്രീ വായിക്കുകയാണ്. കോശി നദിയെ സംരക്ഷിക്കാനായി അവൾ 15-20 വീതം സ്ത്രീകൾ അംഗങ്ങളായ 200 ഗ്രൂപ്പുകൾ രൂപീകരിച്ചു ബോധവത്കരണം തുടങ്ങി. പച്ചമരങ്ങൾ മുറിക്കാതിരിക്കാനും കാറ്റാടി മരങ്ങൾക്കുപകരം ഓക്ക് മരങ്ങൾ നടാനും അവർ ആവശ്യപ്പെട്ടു. ജലം വിവേകത്തോടെ ഉപയോഗിക്കുന്നതിലും കാട്ടുതീ തടയുന്നതിലും അവർ വിജയിച്ചു. പ്രകൃതിയെ സംരക്ഷിക്കുന്ന ഒരു കൂട്ടായ്മയാണ് രൂപപ്പെടുത്തിയെങ്കിലും എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ട് ഒരുമിച്ചു നിൽക്കുന്ന, പരസ്പരം സഹായിക്കുന്ന, അനാരോഗ്യകരമായ ചുറ്റുപാടുകളോട് ഒരുമിച്ച് യുദ്ധം ചെയ്യുന്ന ഒരു കൂട്ടായ്മയായി അവർ മാറി. മുനിഞ്ഞു കത്തുന്ന ഒരു വിളക്കുപോലെ ആയിരുന്നു അതുവരെ കൗസനി ഗ്രാമത്തിലെ സ്ത്രീകൾ. അവർ അനുഭവിച്ചിരുന്ന പീഢനങ്ങൾ പുറത്തുപറയാൻ പോലും അവർക്ക് വേദികളുണ്ടായിരുന്നില്ല. മനുഷ്യരാണെന്ന ചിന്തപോലും നഷ്ടപെട്ട അവർക്ക് ശബ്ദമായി മാറാനും സ്വന്തം കാലിൽ നിന്ന് അഭിമാനത്തോടെ ജീവിക്കാനും പ്രേരിപ്പിച്ചത് ബസന്തിയാണ്.
പന്ത്രണ്ടാം വയസ്സിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ വിവാഹം ചെയ്യപ്പെടുകയും പതിനഞ്ചാം വയസ്സിൽ വിധവയായപ്പോൾ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോരുകയും ചെയ്ത ബസന്തി സമന്ത്, ഗാന്ധിജിയുടെ ശിഷ്യയായ കാതറിൻ ഹെയിൽമാൻ ആരംഭിച്ച ആശ്രമത്തിൽ ചേർന്ന് പഠനം തുടരുകയും വിദ്യാഭ്യാസം നേടുകയും ചെയ്തതാണ് വഴിത്തിരിവായത്. 2016 ൽ പ്രസിഡന്റ് പ്രണബ് മുഖർജി ബസന്തിയെ ‘നാരി ശക്തി പുരസ്കാർ’ നൽകി ആദരിച്ചു. കോശി നദി ഇന്നും അനുസ്യൂതം ഒഴുകുന്നു.
പെയ്യാനായി നിൻ്റെ അനുവാദം കാത്തിരിക്കുന്ന മഴമേഘങ്ങളുണ്ട്. വിടരാനായി നിൻ്റെ പുഞ്ചിരി കാത്തിരിക്കുന്ന പൂമൊട്ടുകളുണ്ട്. നിൻ്റെ ആർദ്രമായ കരസ്പർശനത്തിനായി കാത്തിരിക്കുന്ന മാലാഖമാർ വേഷം മാറിയ പൈതങ്ങളുണ്ട്. നിൻ്റെ സാമീപ്യം സുഖപ്പെടുത്തുന്ന മുറിവുകളുണ്ട്. നിൻ്റെ വാക്കുകൾ ഉയിർനൽകുന്ന ജീവിതങ്ങളുണ്ട്. എല്ലാം സാധിക്കും, നീ നിന്നെ വിശ്വസിക്കുമെങ്കിൽ.
ജപമണികൾ ഉരുളുമ്പോൾ നിനക്കുവേണ്ടി ഇന്നും കണ്ണുകൾ നിറയുന്ന അമ്മ ആഗ്രഹിക്കുന്നത് നിൻ്റെ വിജയമാണ്. നെഞ്ചിലെചൂടിൽ നിന്നെയുറക്കിയ അപ്പച്ചനും ആഗ്രഹിക്കുന്നത് നിൻ്റെ നന്മയാണ്. ഇതുവരെ സ്വന്തമായിരുന്നതെല്ലാം ഉപേക്ഷിച്ചു കൂടെ വന്ന നിൻ്റെ സഖിയും ആഗ്രഹിക്കുന്നത് നിൻ്റെ സൗഖ്യമാണ്. നിൻ്റെ കുഞ്ഞുങ്ങൾ ഉറക്കമൊഴിഞ്ഞു കാത്തിരിക്കുന്നതും നിനക്കുവേണ്ടിയല്ലേ? സക്രാരിയിലെ കുസ്തോദിയിൽ കൂദാശചെയ്യപ്പെട്ട ഒരു തിരുവോസ്തി നിന്നെ കാത്തിരിക്കുന്നു. പറയൂ ഇനി നിനക്ക് വിജയിക്കാതിരിക്കാനാകുമോ?
ആരാണ് നിൻ്റെ വിജയങ്ങൾക്ക് അതിരുകൾ നിശ്ചയിച്ചത്? നിനക്കിനിയും പറന്നുയരാൻ ആവില്ലെന്ന് തീരുമാനിച്ചതാരാണ്? നിൻ്റെ വാടിയിൽ ഇനി പൂക്കളുണ്ടാകില്ല എന്ന് കരുതിയവർ എവിടെ? നിൻ്റെ ഉറവകളിൽ ഇനിയും വെള്ളമുണ്ട് എന്ന് തിരിച്ചറിയുക. ഒരു നദിയായി നിനക്കിനിയും ഈ ഭൂമിയെ ഈറനാക്കാനാകും. അവിടെ വിത്തുകൾക്ക് മുളക്കാതിരിക്കാനാവില്ലല്ലോ. വസന്തം വരിക തന്നെ ചെയ്യും.
“അവനത് ചെയ്യാനാകുമെന്ന് നീ വിശ്വസിക്കുന്നുവോ?’ വിജയത്തിലേക്ക് ആ ഒരു വിശ്വാസദൂരമേയുള്ളൂ.
ശുഭരാത്രി
Fr Sijo Kannampuzha OM