വിശ്വാസം

0

മനുഷ്യപുത്രൻ ‍ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ? (ലൂക്കാ 18 : 8)

വളരെയധികം സമ്പത്തുള്ള ഒരു വൃദ്ധനായ മനുഷ്യനുണ്ടായിരുന്നു. ഭൂമിയിലെ ജീവിതം കഴിഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ ആത്മാവിനെ ദൈവത്തിൻ്റെ അടുത്തേക്ക് കൊണ്ടുപോകാനായി ഒരു മാലാഖ എത്തി. വളരെ ധനികനും ആഡംബരത്തിൽ ജീവിച്ചിരുന്നവനുമായ അദ്ദേഹത്തിന് ഭൂമിയിലെ ജീവിതം അവസാനിക്കാറായി എന്നത് ഉൾകൊള്ളാൻ കഴിഞ്ഞില്ല. തൻ്റെ സമ്പത്തിൻ്റെ ഒരു ഭാഗം നൽകി അൽപ സമയം കൂടി മാലാഖയിൽ നിന്ന് വാങ്ങാനായി അദ്ധേഹത്തിൻ്റെ പരിശ്രമം. അദ്ദേഹം ഒത്തിരി പരിശ്രമിച്ചെങ്കിലും മാലാഖയുടെ തീരുമാനത്തിന് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. നിരാശനായ വൃദ്ധൻ അവസാനമായി ഒരു കാര്യം പറഞ്ഞു. “എനിക്ക് ഒരു മണിക്കൂർ സമയം കൂടി എൻ്റെ പ്രിയപ്പെട്ടവരുടെ കൂടെ കഴിയാൻ നൽകുക. ഞാൻ എൻ്റെ സമ്പാദ്യമെല്ലാം നിനക്ക് തരാം”. ഇതിനും മാലാഖ അനുകൂലമായ മറുപടി നൽകിയില്ല. എങ്കിൽ ഒരു മിനിറ്റെങ്കിലും വിടപറയാനായി നൽകാൻ വൃദ്ധൻ കേണപേക്ഷിച്ചു. പറയാനുള്ള കാര്യങ്ങൾ എഴുതി വയ്ക്കാം എന്ന വ്യവസ്ഥയിൽ മാലാഖ സമ്മതിച്ചു. വൃദ്ധൻ ഇങ്ങനെ എഴുതി “സമയം കൃത്യമായി ഉപയോഗിക്കുക. എനിക്ക് ഒരു മണിക്കൂർ പോലും എൻ്റെ സമ്പത്ത് കൊടുത്ത് വാങ്ങാനായില്ല. നിങ്ങളുടെ ചുറ്റും വിലയുള്ളവക്കുവേണ്ടി മാത്രം അദ്ധ്വാനിക്കുക. ജീവിതത്തിലെ ഓരോ നിമിഷവും നഷ്ടപ്പെടുത്താതിരിക്കുക”

സുവിശേഷത്തിലെ ദുർഗ്രഹമായ ചോദ്യങ്ങളിൽ ഒന്നാണ് ഇന്നത്തെ ചിന്താവിഷയം. ഈ ചോദ്യത്തിൽ മൂന്ന് കാര്യങ്ങൾ മറഞ്ഞിരിക്കുന്നുണ്ട്. ആദ്യത്തേത് ഈശോ വീണ്ടും വരുമെന്നതാണ്. രണ്ടാമത്തേത് വിശ്വാസം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്നുള്ളതാണ്. മൂന്നാമത്തേത് വിശ്വാസം കാത്തുസൂക്ഷിക്കുക എളുപ്പമുള്ളതല്ല എന്നതാണ്. ഈ മൂന്ന് കാര്യങ്ങളും ഹൃദിസ്ഥമാക്കിയാൽ പിന്നെ ഈ ചോദ്യത്തിന് ഉത്തരം തേടേണ്ടിവരികയില്ല. പക്ഷേ ഈ ചോദ്യത്തെ നിസ്സാരമായിക്കരുതുന്നു എന്നതാണ് പലപ്പോഴും നമുക്ക് സംഭവിക്കുന്ന വീഴ്ച.

ജോലിസ്ഥലത്തുനിന്നും തിരികെയെത്തുന്ന അപ്പച്ചനെ കാത്തിരിക്കുന്ന കുഞ്ഞിനെ ശ്രദ്ധിച്ചിട്ടുണ്ടോ? അവൻ അക്ഷമനാണ്. അപ്പച്ചൻ ഏൽപ്പിച്ച ജോലിയെല്ലാം ഭംഗിയായി നിർവഹിച്ച് അവൻ അകലേക്ക് നോക്കി കാത്തിരിക്കുന്നു. ഓരോ നിമിഷവും അവൻ ബുദ്ധിമുട്ടോടെയാണ് തള്ളിനീക്കുന്നത്. അവസാനം പിതാവിനെ അകലെക്കാണുമ്പോഴേക്കും അവൻ ഓടിച്ചെല്ലുകയാണ്. ഞാൻ ഈശോയെ കാത്തിരിക്കുന്നത് ഈ മനോഭാവത്തോടെയാണോ? കർത്താവിൻ്റെ രണ്ടാംവരവിനെ ഈ ചിന്തകളോടെ സമീപിക്കാൻ എനിക്കാവുമോ?

ഓട്ടമത്സരത്തിൽ അമിതമായ ആത്മവിശ്വാസം മൂലം ആമയോട് തോറ്റുപോയ മുയലിൻ്റെ അവസ്ഥയാണ് വിശ്വാസ സംരക്ഷണത്തിൽ പലപ്പോഴും നമുക്ക് സംഭവിക്കുക. പാരമ്പര്യവും ആരാധനാക്രമവും മാർഗ്ഗനിർദ്ദേശങ്ങളും പലപ്പോഴും ആത്മാവിനെ വളർത്തുന്നതിന് ഉതകുന്നവിധത്തിൽ ക്രമീകരിക്കപ്പെടുന്നുണ്ടോ എന്നത് ചിന്തനീയമാണ്. വിശ്വാസ സംരക്ഷണം വളരെ നിസ്സാരമായി കരുതുന്നതുകൊണ്ട് പലപ്പോഴും അത് വളരെ വേഗം തന്നെ നഷ്ടപ്പെട്ടുപോകുന്നു. പലപ്പോഴും കയ്യിലുള്ളത് നഷ്ടപ്പെട്ടുപോയതിനുശേഷമാണ് നാമത്തിനെക്കുറിച്ച് ബോധവാന്മാരാകുക. വിശ്വാസം, പകർന്നുനൽകാൻ കഴിയുന്ന ഏറ്റവും വലിയ സുകൃതമാണെന്ന് മാതാപിതാക്കൾ മറന്നുപോകുന്നു. മറ്റുപലതും പകർന്നു നൽകാൻ ധൃതിപ്പെടുന്നതിനിടയിൽ വിശ്വാസം ശ്രദ്ധകിട്ടാതെ ഉണങ്ങിപ്പോകുന്ന ചെടിപോലെ നശിച്ചു പോകുന്നു.

മടങ്ങിയെത്തുമ്പോൾ വിശ്വാസം കണ്ടെത്തുമോ എന്ന് കർത്താവ് ചോദിച്ചത് അത് പകുത്തുനൽകേണ്ടവർ വേണ്ട കരുതൽ അതിനു നൽകുന്നില്ല എന്നതുകൊണ്ടല്ലേ? ഇന്ന്, വിശ്വാസം പകർന്നുകൊടുക്കാനുള്ള ഒരു സത്യസന്ധമായ ആഗ്രഹം നമ്മുടെ സഭയിൽ കാണാനാകുമോ? വിശ്വാസത്തെ ഹനിക്കുന്ന തീരുമാനങ്ങളും രീതികളും ഇടർച്ചകളും സംഭവിക്കുന്നത് കൂടുതലും സഭക്കുള്ളിലാണ് എന്നത് നിഷേധിക്കാനാകുമോ? മറ്റുള്ളവരുടെ വിശ്വാസം വർദ്ധിപ്പിക്കാനായില്ലെങ്കിലും, ഈ നോമ്പുകാലത്ത് എൻ്റെ വിശ്വാസത്തിനു അല്പം വളമിടാനെങ്കിലും എനിക്ക് സാധിക്കുന്നുണ്ടോ?

ശുഭരാത്രി

Fr Sijo Kannampuzha OM