വീഴ്ച

0

പൗലോസിൻ്റെ മാനസാന്തരം (അപ്പ.പ്രവ 9:1–5)

AD 8ആം വർഷത്തിൽ ടർക്കിയിൽ, യഹൂദകുടുംബത്തിലാണ് സാവൂൾ എന്ന വിളിക്കപ്പെട്ടിരുന്ന പൗലോസ് ജനിച്ചത്. അദ്ദേഹം ഒരു റോമൻ പൗരനായിരുന്നു. ഒരു ഫരിസേയൻ്റെ വിദ്യാഭ്യാസം ലഭിച്ച അദ്ദേഹം, ഒരു കൂടാരം നിർമ്മിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. എങ്കിലും പ്രസിദ്ധനായത് ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നവനായിട്ടാണ്. ക്രിസ്തു പഠിപ്പിച്ചത് മോശയുടെ നിയമങ്ങൾ ലംഘിക്കാനാണെന്ന് വിശ്വസിച്ചിരുന്ന പൗലോസ് അതുകൊണ്ടുതന്നെ ക്രിസ്ത്യാനികളെ അധിക്ഷേപിക്കാനും, ഉപദ്രവിക്കാനും, ക്രൂരമായി മർദ്ദിക്കാനും, ജയിലിലടക്കാനും യാതൊരു മടിയും കാണിച്ചിരുന്നില്ല. സ്തേഫാനോസിനെ കല്ലെറിയാൻ പോകുന്നവർ അവരുടെ മേലങ്കികൾ അഴിച്ചുവച്ചത് പൗലോസിൻ്റെ പാദങ്ങളിലാണ് എന്ന് പറഞ്ഞുകൊണ്ടാണ് ബൈബിൾ പോലും പൗലോസിനെ പരിചയപ്പെടുത്തുന്നത്. ജറുസലേമിലെ ക്രിസ്ത്യാനികളുടെ പേടി സ്വപ്‌നമായിരുന്ന പൗലോസ്, അതുപോരാതെ ഡമാസ്കസിലേക്ക് കൂടുതൽ പേരെ പീഡിപ്പിക്കാനായി മഹാപുരോഹിതൻ്റെ അനുവാദം വാങ്ങി പോവുകയാണ്. ഡമാസ്‌ക്കസിലേക്കുള്ള വഴിയിൽ സാവൂൾ പൗലോസായി മാറുന്നു. ഒരു ഇടിമിന്നൽ അവനെ കുതിരപ്പുറത്തുനിന്ന് താഴേക്ക് വീഴ്ത്തുന്നു. അന്ധനായി മാറിയ സാവൂൾ കർത്താവിൻ്റെ ചോദ്യം കേൾക്കുകയാണ്. “സാവൂൾ, സാവൂൾ നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?” കർത്താവേ അങ്ങ് ആരാണ് എന്ന അവൻ്റെ ചോദ്യത്തിന് “നീ പീഡിപ്പിക്കുന്ന ക്രിസ്തുവാകുന്നു ഞാൻ” എന്ന് കർത്താവ് മറുപടി കൊടുക്കുന്നു.

കർത്താവ് പൗലോസിൻ്റെ അന്ധത മാറ്റുവാനും ജ്ഞാനസ്നാനം നൽകുവാനായി അനനിയാസിനെ അയയ്ക്കുകയാണ്. അന്ധതമാറി, വിശ്വാസം സ്വീകരിച്ച പൗലോസ് ക്രിസ്തുവിനെ സധൈര്യം പ്രഘോഷിക്കുകയാണ്. കൂടുതൽ ക്രിസ്ത്യാനികളെ പിടിച്ചുകൊണ്ടുപോകാൻ ഡമാസ്കസിലേക്ക് വന്നവനെ അവസാനം യഹൂദർ തന്നെ ക്രിസ്തുവിനെക്കുറിച്ചുള്ള അവൻ്റെ പ്രസംഗത്തെപ്രതി കൊല്ലാൻ ഒരുങ്ങുകയാണ്.

സുവിശേഷം പ്രസംഗിക്കപ്പെടുന്നിടത്തെല്ലാം സൂചിപ്പിക്കപ്പെടുന്ന ഒരു പേരാണ് പൗലോസ്. ആത്മാവ് തൊട്ടപ്പോൾ ആശയങ്ങളിലും കാഴ്ചപ്പാടുകളിലും 180 ഡിഗ്രിയിൽ മാറ്റം സംഭവിച്ച മനുഷ്യൻ. അതുവരെ തെറ്റായും, അനീതിയായും മലിനമായും കണ്ടിരുന്നവയെല്ലാം അതിനുശേഷം ശരിയും നീതിയും വിശുദ്ധവുമാണെന്ന് എല്ലാവരോടും വിളിച്ചു പറയാൻ ആർജ്ജവം കാണിച്ച മനുഷ്യൻ.

മനസ്സ് അന്ധവും ബധിരവുമായ അവസ്ഥയിലാണ് പൗലോസ് ജറുസലേമിൽ നിന്ന് ഡമാസ്കസിലേക്ക് പോന്നത്. കുതിരപ്പുറത്തുനിന്നുള്ള അവൻ്റെ വീഴ്ചയിൽ അവൻ അന്ധനായെങ്കിലും അവൻ്റെ മനസിൻ്റെ അകക്കണ്ണുകൾ തുറന്നു കിട്ടുകയാണ്. കുതിരപ്പുറത്തുവന്നവന്, മറ്റുള്ളവരുടെ കയ്യിൽ പിടിച്ചുകൊണ്ട് നടക്കേണ്ടിവരികയാണ്. മൂന്നു ദിവസത്തേക്ക് അവനു കാഴ്ചയില്ലായിരുന്നു എന്നാണ് തിരുവചനങ്ങൾ പറയുന്നത് (അപ്പ. പ്ര 9:9). ഈ മൂന്നു ദിവസങ്ങൾ പൗലോസിന് ധ്യാനത്തിൻ്റെയും മനനത്തിൻ്റെയും പ്രാർത്ഥനയുടേതും ആയിരുന്നു. അനനിയാസിൽ നിന്ന് അവൻ സൗഖ്യം സ്വീകരിക്കുന്നു. കാഴ്ച വീണ്ടുകിട്ടുന്നു, മാമോദീസ സ്വീകരിക്കുന്നു, പുതിയ സൃഷ്ടിയാകുന്നു.

പൗലോസ് അഹങ്കരിച്ചിരുന്നു അവൻ്റെ ചെയ്തികളെല്ലാം ശരിയാണെന്ന്. എന്നാൽ ഒരു വീഴ്ചയിൽ അവൻ സത്യം തൊട്ടറിയുകയാണ്, ചെയ്തുകൂട്ടിയതെല്ലാം തെറ്റുകൾ മാത്രമായിരുന്നെന്ന്. അഹങ്കാരം എനിക്ക് ഞാൻ മാത്രം മതിയെന്ന ചിന്തയാണ്. അവിടെ ദൈവത്തിനു പോലും സ്ഥാനമില്ല. ‘ഞാൻ മതി’ എന്ന ചിന്തയിൽ നിന്ന് ‘ഞാൻ വെറും തൃണമാണ്’ എന്ന ചിന്തയിലേക്ക് പൗലോസ് മാറുന്നു. വീഴ്ച അവനെ എളിമയുള്ളവനാക്കുന്നു.

ചെയ്യുന്നതെല്ലാം ശരിയെന്ന ചിന്തയിൽ അഹങ്കാരത്തിൻ്റെ കുതിരപ്പുറം കയറി യാത്ര ചെയ്യുന്ന നമുക്കൊരു മിന്നലൊളി ഏറ്റെങ്കിൽ? നിലത്തു വീണെങ്കിൽ? അകകണ്ണിൻ്റെ അന്ധത പുറംകണ്ണുകളിലേക്ക് വ്യാപാരിച്ചെങ്കിൽ.. നമുക്കും പൗലോസ് ആകാമായിരുന്നു. ഈ പെന്തക്കുസ്തായിൽ സാവൂളിനേറ്റ മിന്നലൊളി നമുക്കും ഏൽക്കുവാനായി ഒരുങ്ങാം.

ശുഭരാത്രി

Fr Sijo Kannampuzha OM