കുടുംബത്തെക്കുറിച്ച് ധ്യാനിക്കുക

0
പകല്‍ രാത്രിയിലേക്ക് ചേക്കേറിയ ഈ നിമിഷത്തില്‍ നമുക്ക് സ്വന്തം കുടുംബത്തെക്കുറിച്ച് ചിന്തിക്കാം, ഒപ്പം തിരുക്കുടുംബത്തെക്കുറിച്ചും. അകത്തുനിന്നും പുറത്തുനിന്നും ഇത്രമാത്രം ആക്രമണം നേരിടുന്ന ഒരു സമൂഹസംവിധാനം വേറെയുണ്ടാവില്ല. സമൂഹവും ഇടവകയും സ്ഥാപനവുമെല്ലാം കുടുംബമെന്ന ആശയത്തിലേക്ക് ചേർത്ത് വച്ചാൽ നാമെല്ലാവരും എത്രയോ കുടുംബങ്ങളിലെ അവിഭാജ്യഘടകങ്ങളാണ്. ഇനി ആരെങ്കിലും ഈ യാഥാർഥ്യം നിഷേധിക്കുകയാണെങ്കിൽ അവൻ ഏതോ കുടുംബത്തിന്റെ ചുമരുകളിൽ നിന്നും തിരസ്കരിക്കപ്പെട്ടവനാണ്. കൂടുമ്പോൾ ഇമ്പമുള്ള ഇടത്തിനെയാണല്ലോ കുടുംബം എന്ന് വിളിക്കുന്നത്.
തന്റെ ഹൃദയരക്തത്തിന്റെ അടയാളമായ, വീഞ്ഞായി, പച്ചവെള്ളത്തെ മാറ്റിയ അത്ഭുതം കർത്താവ് പ്രവർത്തിച്ചത് ഒരു കുടുംബത്തിലാണ്. കർത്താവ് സ്പർശിച്ചതും സുഖപ്പെടുത്തിയതും ആത്യന്തികമായി കുടുംബങ്ങളെയായിരുന്നു.  രക്തസ്രാവക്കാരി സുഖപ്പെട്ടപ്പോഴും നായിമിലെ വിധവയുടെ മകൻ ജീവനിലേക്ക് പുനർപ്രവേശിച്ചപ്പോഴും ബർത്തിമേയൂസ് കാഴ്ച വീണ്ടെടുത്തപ്പോഴും അവരുടെ കുടുംബങ്ങളിലാണ് പുതുപ്രതീക്ഷകൾ പൂവണിഞ്ഞത്. “ഈ ഭവനത്തിനു രക്ഷ കൈവന്നിരിക്കുന്നു” എന്നാണു ക്രിസ്തു സക്കേവൂസിനോട് പറയുന്നതും.
യേശുവിനു പ്രാതലൊരുക്കിയവരെല്ലാം ഭവനത്തിലാണ് അവനെ സ്വീകരിച്ചത്. ഒരു കുടുംബത്തിന്റെ സ്വകാര്യതയിലാണ് യേശു തന്റെ ശരീരവും രക്തവും മുറിച്ചുനല്കിയത്. തന്റെ സാനിധ്യംകൊണ്ടു എത്ര കുടുംബങ്ങളെയാണ് അവിടുന്ന് പവിത്രീകരിച്ചത്?
ഇന്ന് തിരുക്കുടുംബത്തെ ധ്യാനിക്കുമ്പോൾ എന്റെ കുടുംബം തിരുക്കുടുംബത്തോട് എത്രമാത്രം താദാത്മ്യപ്പെടുന്നുണ്ട് എന്ന് നമുക്കോർക്കാം. യൗസേപ്പിതാവും മറിയവും യേശുവും ഉണ്ടായിരുന്ന തിരുക്കുടുംബത്തിൽ വിശ്വസ്തതയും അനുസരണയും സ്നേഹവും കരുതലും ആവോളമുണ്ടായിരുന്നു. അവർതമ്മിലുള്ള ഹൃദയാലിംഗനം അദൃശ്യമെങ്കിലും യാഥാർത്ഥ്യമായിരുന്നു. നമ്മുടെ കുടുംബങ്ങളിലെ മാത്സര്യവും വിദ്വേഷവും അഹങ്കാരവും കോപവും മാറ്റി അവിടെ തിരുക്കുടുമ്പത്തിന്റെ നന്മകൾ നിറയ്ക്കാം. ഓരോ പിതാവും യൗസേപ്പിതാവിനെയും, ഓരോ മാതാവും മറിയത്തെയും, ഓരോ മകനും മകളും യേശുവിനെയും പിൻച്ചെന്നാൽ നമ്മുടെ കുടുംബങ്ങൾ തിരുക്കുടുംബങ്ങളാകും.

 

കുടുംബങ്ങള്‍ തിരുക്കുടുംബങ്ങളാകട്ടെയെന്ന പ്രാര്‍ത്ഥനയോടെ

ശുഭരാത്രി നേര്‍ന്നുകൊണ്ട്,

Fr. Sijo Kannampuzha OM