കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം

0


കോട്ടയം: കടക്കെണിയും വിലത്തകര്‍ച്ചയും ഉദ്യോഗസ്ഥപീഡനവും ജപ്തി നടപടികളുംമൂലം കേരളം കര്‍ഷകരുടെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുമ്പോഴും യാതൊരു നടപടികളുമില്ലാതെ സര്‍ക്കാര്‍ നോക്കുകുത്തിയായി അധഃപതിച്ചിരിക്കുന്നത് ദുഃഖകരവും അപലപനീയവുമാണെന്നും കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന ബാങ്ക് റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

മോറട്ടോറിയം ഉള്‍പ്പെടെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ച് ബാങ്ക് അധികൃതരും, സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായവാഗ്ദാനങ്ങള്‍ക്ക് തടസ്സവാദമുന്നയിച്ച് റവന്യൂ-കൃഷിവകുപ്പുകളും തുടരുന്ന അതിക്രൂരമായ കര്‍ഷകവിരുദ്ധനിലപാടിന് അറുതിവരുത്തുന്നില്ലെങ്കില്‍ ഭാവിയില്‍ കര്‍ഷകര്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയേറെയാണ്.

പ്രളയദുരന്തമേഖലയിലെ ആയിരക്കണക്കിന് കര്‍ഷകരിപ്പോള്‍ ജപ്തിഭീഷണിയിലാണ്. കൃഷി മാത്രമല്ല ഭൂമിപോലും ഉഴുതുമറിച്ച് എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ പ്രഖ്യാപിച്ച മോറട്ടോറിയം പോലും കര്‍ഷകന് ആശ്വാസമേകുന്നില്ല. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ബാങ്കിലേയ്ക്കുള്ള തിരിച്ചടവ് അസാധ്യമാണ്.

കൃഷിചെയ്യാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയില്‍ കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കര്‍ഷകകടം എഴുതിത്തള്ളാന്‍ അന്യസംസ്ഥാനങ്ങളില്‍ പ്രക്ഷോഭം നടത്തുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ അധികാരത്തിലിരിക്കുന്ന കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോള്‍ നടപടികളില്ലാതെ മുഖം തിരിഞ്ഞുനില്‍ക്കുന്നത് കാപഠ്യവും കര്‍ഷകവഞ്ചനയുമാണ്.

ഇതിനോടകം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ, ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളുടെ സംരക്ഷണച്ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്താന്‍ ജനാധിപത്യഭരണത്തിലെ അധികാരകേന്ദ്രങ്ങള്‍ക്കാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.