തിടുക്കം

0

തിരക്കുകളിൽ  നിന്ന് തിരക്കുകളിലേക്കുള്ള ഓട്ടമാണ് ഇന്നത്തെ മനുഷ്യന്. തിടുക്കം നിറഞ്ഞ ഈ ഓട്ടത്തിനിടയിൽ കണ്ണെത്തേണ്ട പലയിടങ്ങളിലും കണ്ണെത്തുന്നില്ല എന്നത് ആരുടെ പിഴവെന്നു വിധിക്കാൻ ഞാൻ ആരുമല്ല.

ഈ കണ്ണെത്താത്ത ഇടങ്ങളിൽ നിന്ന് ചില തേങ്ങലുകൾ ഇന്നും  പലയിടങ്ങളിലും അലയടിക്കുന്നുണ്ട്. അതു ജീവിതം മുഴുവൻ സ്വന്തം മക്കൾക്ക് വേണ്ടി മാറ്റി വച്ച മാതാപിതാക്കളുടെയാകാം, മാതാപിതാക്കളുടെ എല്ലാം വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയിൽ  അല്പം സ്നേഹം ലഭിക്കാൻ വേണ്ടി കൊതിക്കുന്ന  മക്കളുടെയാകാം, തൻ്റെ പ്രിയതമനെ വേണ്ടോളം സ്നേഹിച്ചിട്ടും ഭാവിയെ മാത്രം സ്വപ്നം കണ്ടു ഓടുന്ന ഭർത്താവിനെ ഓർത്തുകൊണ്ടുള്ളതാകാം… ഓരോ ജീവിതങ്ങളോടും കൂടി ചേർത്ത് വായിക്കുമ്പോൾ ഇവക്കു വ്യത്യാസം വരാം.

ഒരു തിടുക്കവും ഇല്ലെങ്കിലും തിടുക്കം അഭിനയിക്കുന്ന ഒരു ലോകത്തിലാണ് ഞാൻ ജീവിക്കുന്നത്. പലപ്പോഴും ഞാൻ പറയാറുള്ളത് ഇപ്രകാരമാണ്, ഞാൻ അല്പം തിരക്കിലാണ്, എനിക്ക് സമയം ഇല്ല, പിന്നീട് കാണാം… ഇതെല്ലാം കഴിഞ്ഞു ഞാൻ എൻ്റെ മുറിയിൽ തനിച്ചാകുമ്പോൾ എനിക്ക് ഒരു തിരക്കും ഇല്ല എന്നുള്ള സത്യം എനിക്കും എൻ്റെ, വാട്സ്ആപ്, ഫേസ്ബുക് മതിൽ കെട്ടുകൾക്കു ഇടയിൽ അവസാനിക്കുന്നു.

 വി. ഗ്രന്ഥ വായനക്കിടയിൽ വിവാഹത്തിന് മുൻപേ ഗർഭണിയായ ഒരു അമ്മയെ പറ്റി വായിച്ചപ്പോൾ കണ്ണിൽ ഉടക്കിയ  ഒരു വാക്കാണ് തിടുക്കത്തിൽ യാത്രയായി എന്നത്‌. ഈ  തിടുക്കത്തിന് വളരെയേറെ വ്യത്യസ്തത ഉണ്ടായിരുന്നു.

സമൂഹത്തിനു മുൻപിൽ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന ഒരു വേളയിൽ തൻ്റെ ചാർച്ചക്കാരി ഒരു കുഞ്ഞിന് ജനന്മ0 കൊടുക്കാൻ ഒരുങ്ങുന്നു എന്നറിഞ്ഞപ്പോൾ ഉള്ള ഓട്ടമാണത്. ഇത്തരത്തിലുള്ള തിടുക്കങ്ങൾ ആണ് ഇന്ന് അന്യം നിന്നുപോകുന്നത്. എൻ്റെ ചില തിടുക്കങ്ങൾ ചിലർക്ക്  നൽകുന്ന ഒരു കുളിർമ, അത് അനുഭവിച്ചവർക്കറിയാം.

അതേ സമയം എൻ്റെ ചില തിടുക്കകുറവുകൾ ചിലർക്ക് നഷ്ടപ്പെടുത്തിയത് ഒരിക്കലും തിരിച്ചെടുക്കാവുന്നതിലും അപ്പുറം ആണ്. എൻ്റെ  ജീവിതത്തിനും,   ഉണ്ടല്ലോ ഇത്തരം  അനുഭവങ്ങൾ. ഞാനും ഓർക്കാറുണ്ട്,  ചിലരെങ്കിലും എന്‍റെ  കാര്യത്തിൽ ഒരല്പം തിടുക്കം കാണിച്ചിരുന്നെങ്കിൽ എന്ന്…. മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് അവർക്കു ചെയ്തു കൊടുക്കാൻ തുടങ്ങുമ്പോൾ, നമ്മളറിയാതെ തന്നെ അപരന് വേണ്ടിയുള്ള ചില തിടുക്കങ്ങൾ നമ്മുടെ ജീവിതത്തിൽ വെളിപ്പെടാൻ തുടങ്ങും.

ഓർക്കുക, എന്‍റേതായ തിടുക്കങ്ങളിൽ ഞാൻ മുഴുകുമ്പോൾ അതിൽ  പലതും അവസാനിക്കുന്നത് ദുരന്തങ്ങളിൽ ആണ്. അപരന് വേണ്ടി തിടുക്കം കൂടുമ്പോഴും അതിൽ  പലതും പര്യവസാനിക്കുന്നതു ദുരന്തങ്ങളിൽ അല്ലെ എന്ന ചോദ്യത്തിന്, നിങ്ങൾ പ്രാവുകളെ പോലെ നിഷ്കളങ്കരും, സർപ്പങ്ങളെ പോലെ വിവേകികളും ആയിരിക്കണം എന്നത്‌ ഉത്തരം. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഒരു റിസ്കും എടുക്കാൻ ഇഷ്ടമില്ലാത്ത എനിക്ക്,  എൻ്റെ കാര്യങ്ങളിൽ മറ്റുള്ളവർ തിടുക്കം കാണിക്കണമെന്ന പിടിവാശിയെ എങ്ങനെ വിളിക്കണമെന്ന് എൻ്റെ മനസാക്ഷി തീരുമാനിക്കട്ടെ.

 സമൂഹം പിഴച്ചവൾ എന്ന് വിധിക്കുമെന്നറിഞ്ഞിട്ടും ചാർച്ചക്കാരിയുടെ വീട്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ കയറി ചെല്ലുന്ന മറിയം വലിയൊരു വെല്ലുവിളി ആണ് എൻ്റെ മുൻപിൽ . മറിയത്തിന്‍റെ ഉള്ളിൽ ഒരു പക്ഷെ കുറെ ഉത്തരമില്ലാത്ത ചോദ്യങ്ങൾ മിന്നി മറഞ്ഞിരിക്കണo. ഉത്തരമില്ലാത്ത ചോദ്യങ്ങൾ ജീവിതത്തിൽ അനുവദിക്കപ്പെടുമ്പോൾ എല്ലാറ്റിനും ഉത്തരമുള്ള ഒരുവൻ ഉണ്ട് എന്ന ബോധ്യമായിരിക്കണം മറിയത്തിൻ്റെ ഏക ഉത്തരമായി നിലകൊണ്ടത്.

ഇനിയെങ്കിലും തിടുക്കമുള്ള വ്യക്തിയാകാം, എൻ്റെ മാതാപിതാക്കളെ സ്നേഹിക്കാനുള്ള തിടുക്കം, മക്കളെ നെഞ്ചോടു ചേർക്കാനുള്ള തിടുക്കം, പ്രിയതമയെ  ചേർത്തുപിടിക്കാനുള്ള തിടുക്കം, അപരൻ്റെ ആവശ്യങ്ങളിൽ ഉള്ള തിടുക്കം. എവിടെയൊക്കെ തിടുക്കമുള്ളവനാകണമെന്നത് എനിക്ക് തീരുമാനിക്കാം. ഒരു തിടുക്കവുമില്ലാതെ ഞാൻ മാത്രം അവശേഷിക്കുന്ന ഒരു നാളിലും  എല്ലാവരും തിടുക്കത്തോടെ ഓടുമെന്നോർത്താൽ എനിക്ക് നല്ലത്. അപരന് വേണ്ടി തിടുക്കമുള്ളവരാകാം.                                                                                                                                             ഫ്രിജോ തറയിൽ.