കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? ( സങ്കീ 27:1)
ഒരുപാട് ഭയങ്ങളുടെ ഒരു ലോകത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പലതരത്തിലുള്ള ഭയങ്ങള്‍ക്ക് അടിമയാണ്. വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ തങ്ങളുടെ അധികാരികളെ ഭയക്കുന്നു.
വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ.. കുട്ടികള്‍ മാതാപിതാക്കളെ… ഇങ്ങനെ നീളുന്ന ഭയത്തിന്റെ ചങ്ങലകള്‍ നിരവധിയാണ്. ചിലപ്പോള്‍ ഈ ഭയത്തിന് ചില അടിസ്ഥാനങ്ങളൊക്കെയുണ്ടാകാം. ഭയം എപ്പോഴും മാനുഷികമാണ്. അത് നമ്മെ ഒരുതരത്തിലും മുന്നോട്ടുനയിക്കാന്‍ സഹായകവുമല്ല. അതൊക്കെ അറിഞ്ഞിട്ടും നാം ഭയത്തിന്റെ അടിമത്തത്തില്‍ അമര്ന്നിരി ക്കുന്നു.
ദൈവത്തെക്കാള്‍ നാം കൂടുതല്‍ ഭയക്കുന്നത് മനുഷ്യരെയാണ് എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. അവരെന്തുവിചാരിക്കും.. അവര്‍ക്ക് എന്തു തോന്നും..ഇതാണ് നമ്മുടെ മട്ട്. ഇത്തരം ചിന്തകളാണ് ്നമ്മുടെ ചില വിജയങ്ങളെ പോലും തടസ്സപ്പെടുത്തുന്നത്.
ദൈവമാണ് എന്റെ രക്ഷയും പ്രകാശവും എന്ന് തിരിച്ചറിയുന്ന ഒരാളുടെ ഉള്ളില്‍ ഒന്നിനെയുമോര്‍ത്ത് ഭയമുണ്ടായിരിക്കുകയില്ല. സങ്കീര്‍ത്തകന്‍ പറയുന്നതും അക്കാര്യമാണ്. ദൈവത്തെ നമ്മുടെ രക്ഷയും പ്രകാശവുമായി തിരിച്ചറിയുന്ന ഒരുവന് മറ്റാരെയും ഭയക്കേണ്ടതില്ല.
ദൈവമേ എന്നെ എല്ലാവിധ ഭയങ്ങളില്‍ നിന്നും രക്ഷിക്കണമേയെന്ന് ഈ പ്രഭാതത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ഏറ്റെടുക്കാന്‍ മടിതോന്നുന്ന കാര്യങ്ങള്‍, ചെയ്തുതീര്ക്കാന് കഴിയില്ലെന്ന് ഭാരപ്പെടുന്ന പ്രവൃത്തികള്‍.. എല്ലാം ദൈവത്തിന്റെ കൈകളിലേക്ക് വച്ചുകൊടുക്കാം. ദൈവമാണ് എന്റെ രക്ഷയും പ്രകാശവുമെന്ന് നമുക്കേറ്റുപറയാം. നമ്മുടെ ഉള്ളില്ന #ിന്ന ഭയത്തിന്റെ, ആകുലതകളുടെ, ഉത്കണ്ഠകളുടെ എല്ലാ അരൂപികളും അകന്നുപോകട്ടെ.ജീവിതത്തെ, ഭാവിയെ ധൈര്യത്തോടെ നേരിടാന്‍ നമുക്ക് ശക്തിയുണ്ടാവട്ടെ.
കര്‍ത്താവ് എന്റെ രക്ഷയും പ്രകാശവുമാണ് എന്ന് ഏറ്റുപറഞ്ഞുകൊണ്ട്
സുപ്രഭാതം
വിഎന്‍.