ക്രിസ്തുവിന്‍റെ പിന്നാലെ

0


ബാഹ്യമായ സ്നേഹപ്രകടനങ്ങളോട് അല്പം സങ്കോചം പ്രകടിപ്പിക്കുന്നവരാണ് നമ്മുടെ സമൂഹം. ശൈശവം കഴിഞ്ഞാൽ അമ്മയുടെ ചുംബനമോ ലാളനമോ കുട്ടികൾക്ക് അന്യമാണ്. ഇടക്കെപ്പോഴെങ്കിലും അമ്മയുടെ സ്നേഹമാധുര്യം നുണയുന്ന പൈതലിലേക്ക് അല്പസമയത്തേക്കെങ്കിലും തിരിച്ചു നടക്കാനായിരുന്നെങ്കിൽ എന്നാശിച്ചുപോയിട്ടുണ്ട്. പല വൈതരണികളുടെയും മദ്ധ്യേ ആ സ്നേഹസാന്ത്വനത്തിൻ്റെ ശക്തി ഒന്നുവേറെതന്നെയാണ്.

“അവൻ യേശുവിനെ അനുഗമിച്ചു” – ജീവിതത്തിൽ യാതൊന്നും പ്രതീക്ഷിക്കാനില്ലാതെ, നാളെയെക്കുറിച്ചു സ്വപ്നം കാണുവാനുള്ള കെൽപ്പില്ലാതെ, പാതയോരത്ത് മറ്റുള്ളവരുടെ കരുണക്കുവേണ്ടി ദൈന്യതയോടെ യാചിച്ചിരുന്ന ബർതീമേയൂസ് ഇതാ ഗുരുവിനെ അനുഗമിക്കുന്നു.

ഒത്തിരിപ്പേർ ഗുരുവിൻ്റെ ചാരെ നടക്കുന്നുണ്ടെങ്കിലും അവരെല്ലാം ഗുരുവിനെ അനുഗമിക്കുന്നില്ല. അവൻ ഗുരുവിനോട് ചേർന്ന്, നിറഞ്ഞ മന്ദഹാസത്തോടെ, തലയുയർത്തിപ്പിടിച്ചു, എല്ലാവരുടെയും കണ്ണുകളിലേക്ക് നോക്കിക്കൊണ്ടു ആത്മാഭിമാനത്തോടെ നടന്നു നീങ്ങുന്നു. അവൻ പുതിയൊരു സൃഷ്ടിയായി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു. എല്ലാം സംഭവിച്ചത് ഈ ക്ഷണനേരങ്ങൾക്കിടയിൽ. പ്രപഞ്ചം മുഴുവൻ ഈ തിരുനിമിഷങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു.

സ്രഷ്ടാവ് സൃഷ്ടിയെ പിന്നെയും പുണരുന്ന, പുനർസൃഷ്ടിക്കുന്ന, സമയം. വഴിയിൽ വീണുപോയ കുഞ്ഞിനെ വാരിയെടുത്ത് മൂർദ്ധാവിൽ സ്നേഹചുംബനം നൽകി ആശ്വസിപ്പിക്കുന്ന അമ്മയുടെ ഭാവമാണ് ഈശോക്ക്. എല്ലാവേദനയും ആ വാരിപ്പുണരരിൽ മറക്കുന്ന ബർതീമേയൂസ്. ഇനി അവന് ഗുരുവിനെ എങ്ങനെ അനുഗമിക്കാതിരിക്കാനാകും?

അൾത്താരയാകുന്ന അത്താഴമേശകളിൽ എത്രയോ പ്രാവശ്യം അവൻ നിനക്കുവേണ്ടി സ്നേഹത്തിൻ്റെ തിരി തെളിച്ചു കാത്തിരിക്കുന്നു. മങ്ങിയതും അസ്പഷ്ടവുമായ കാഴ്ചകളിൽനിന്നു തെളിമയുള്ളതും പ്രസന്നവുമായ കാഴ്ചകളിലേക്ക് നമുക്ക് എത്തിച്ചേരാം. നഷ്ടപ്പെട്ടുപോയ കുഞ്ഞാടിനെ തേടിയെത്തുന്ന നമ്മുടെ നാഥന്, നഷ്ടപ്പെട്ട നമ്മുടെ ‘വിശുദ്ധമായ കാഴ്ചകൾ’ വീണ്ടെടുത്ത് തരാനാകും. ഈ ഇടയൻ്റെ പിന്നാലെ നമുക്ക് അനുഗമനം നടത്താം.

ഇനിയെൻ്റെ പാദങ്ങൾ അവൻ്റെ മാത്രം പിന്നാലെ..

ശുഭരാത്രി

Fr. Sijo Kannampuzha OM