ഇളച്ചു കൊടുക്കേണ്ടവർ

0

പാപിനിക്ക് മോചനം. (ലൂക്കാ 7 : 36-50)  ധ്യാനം -13

എന്നെ മറ്റുള്ളവർ കൂടുതൽ സ്നേഹിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ? – ഇതൊരു നിസ്സാരമായ ചോദ്യമല്ല. ഇന്ന് ഈ ചോദ്യം ചോദിക്കാത്തവർ ഉണ്ടാകുമോ ?

ഇന്നത്തെ ധ്യാനത്തിൽ പണം പലിശക്ക് കൊടുക്കുന്ന ഒരുവൻ, തനിക്ക് അഞ്ഞൂറും അമ്പതും ദനാറകൾ കടപ്പെട്ടിരുന്ന രണ്ടുപേർക്ക്, അത് തിരിച്ചു നൽകാൻ കഴിവില്ല എന്നുകണ്ട് അതിളച്ചുകൊടുക്കുന്ന ഭാഗമാണ് വായിക്കുക. പലിശക്ക് പൈസ നൽകുന്നവൻ, കൂടുതൽ സാവകാശം നൽകുകയല്ല, പലിശ ഒഴിവാക്കുകയല്ല, പിന്നെയോ കടം ഇളച്ചുകൊടുക്കുകയാണ് ചെയ്തത്. ഇതൊരു കഥയാകാൻ തന്നെയാണ് സാധ്യത. കാരണം ഇങ്ങനെയുള്ള കാര്യങ്ങൾ നമ്മുടെ ഇടയിൽ സംഭവിക്കുക സാധാരണമല്ലല്ലോ.

ഇളച്ചുകൊടുത്തു എന്നതിൻ്റെ ഗ്രീക്ക് പദം ἀποδοῦναι (apodounai)എന്നാണ്. അതിനു മഹാനസ്കതയോടെ നൽകുക എന്നാണ് അർത്ഥം. എന്താണ് നൽകിയത് ? ആ മനുഷ്യൻ നൽകിയത് കരുണയാണ്. സ്നേഹമാണ്.

കൂടുതൽ സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നവർക്കുണ്ടാകേണ്ടതും ഈ മഹാനമസ്കതയോടെയുള്ള നൽകലാണ്. അവർ വിളമ്പേണ്ടത് കരുണയാണ്. എന്താണോ കടക്കാരായവർക്ക് നൽകാൻ സാധിക്കാതിരുന്നത്, അത് ലഭിക്കാതിരിക്കുന്നതിൽ, പലിശക്ക് പണം കൊടുക്കുന്നവൻ, അവരോട് യാതൊരു വിരോധവും വച്ച് പുലർത്തുന്നില്ല എന്ന് മാത്രമല്ല, അവരോട് ദയാപൂർവ്വം ക്ഷമിക്കുകയും ചെയ്യുന്നു.

എന്നെ എല്ലാവരും സ്നേഹിക്കണം, ബഹുമാനിക്കണം. പക്ഷേ, എൻ്റെ മാതാപിതാക്കളും പങ്കാളിയും മക്കളും സഹോദരങ്ങളും സഹപ്രവർത്തകരുമെല്ലാം എനിക്ക് ചെയ്തുതരേണ്ടവയിൽ (എന്ന് ഞാൻ ആഗ്രഹിക്കുന്ന) വീഴ്ച വരുത്തുമ്പോൾ എൻ്റെ മനോഭാവം എന്താണ് ? സ്നേഹിക്കപ്പെടണമെങ്കിൽ എനിക്ക് ഇളച്ചുകൊടുക്കാൻ മനസ്സുവേണം. എനിക്ക് ലഭിക്കേണ്ടതെല്ലാം ലഭിക്കണം എന്ന് വാശി പിടിക്കുന്നവർക്ക് സ്നേഹിക്കപ്പെടാൻ സാധ്യത വളരെ കുറവെന്ന് സാരം.

ഞാൻ ഇളച്ചുകൊടുക്കുന്നവരുടെ ലിസ്റ്റെടുത്താൽ അതിൽ എത്ര പേരുകൾ കാണും?

ശുഭരാത്രി

Fr Sijo Kannampuzha OM