ചിരിയുടെ താഴ്‌വരയും ദുര്‍ഗുണങ്ങളുടെ മലഞ്ചെരിവും

0

ചിരിയുടെ താഴ്‌വരയില്‍നിന്ന് എപ്പോഴും പൊട്ടിച്ചിരികള്‍ ഉയരും. അവിടെ ആര്‍ക്കും സങ്കടമില്ല. സന്തോഷമെയുള്ളൂ. അവര്‍ സംതൃപ്തരുമായിരുന്നു. 

ചിരിയുടെ താഴ്‌വരയുടെ നേരെ എതിര്‍വശത്തായി ഒരു മലഞ്ചെരിവുണ്ട്. അവിടെ ദുര്‍ഗുണങ്ങളുടെ ഗുഹകളായിരുന്നു. പാപം ചെയ്തവര്‍ മാത്രമേ ആ മലഞ്ചെരിവിലൂടെ സഞ്ചരിക്കാറുള്ളൂ. ചിരിയുടെ താഴ് വരയില്‍ ഉള്ളവര്‍ക്ക് ആ മലഞ്ചെരിവ് ഒരു തരത്തിലുമുള്ള പ്രശ്‌നവും സൃഷ്ടിച്ചില്ല. കാരണം, അവര്‍ സന്തോഷചിത്തരായി, നന്മ ചെയ്ത് ജീവിക്കുന്നവരാണല്ലോ.

മലഞ്ചെരിവിലെ ഒന്നാമത്തെ ഗുഹയിലേക്ക് വിശാലമായ വഴിയാണുള്ളത്. അവിടെയാണ് 'സ്വാര്‍ത്ഥത' വാഴുന്നത്. അടുത്ത ഗുഹയാകട്ടെ ആകര്‍ഷകമായി തയ്യാറാക്കിയതാണ്. അവിടെ 'അസൂയ' പാര്‍ക്കുന്നു. മൂന്നാമത്തെ ഗുഹയില്‍ 'വെറുപ്പ്' താമസമാക്കുന്നു. നാലാമത്തെ ഗുഹയിലാകട്ടെ 'ദുഷ്ടത' നിറഞ്ഞുനില്‍ക്കുന്നു. ആ വഴിയിലൂടെ ആരെങ്കിലും സഞ്ചരിച്ചാല്‍ എളുപ്പത്തില്‍ അവര്‍ ആ ഗുഹകളില്‍ എത്തിച്ചേരും. പക്ഷെ അതോടെ അവര്‍ സ്വാര്‍ത്ഥരും അസൂയക്കാരും വെറുപ്പുനിറഞ്ഞവരും ദുഷ്ടരും ആയിത്തീരും. അവര്‍ക്ക് മേലില്‍ പുറംലോകം കാണാനാവില്ല. 

മലഞ്ചെരിവില്‍ പിന്നീടുള്ള വഴി ഇടുങ്ങിയതും കുണ്ടും കുഴിയും നിറഞ്ഞതുമാണ്. അതിലൂടെയുള്ള യാത്ര കഠിനതരമാണ്. പക്ഷെ കുറച്ചു മുന്നോട്ടുപോകുമ്പോള്‍ ചെറിയൊരു ഗുഹ കാണാം. അവിടെയുള്ളത് 'പശ്ചാത്താപ'മാണ്. അവിടെയെത്തുന്നവര്‍ക്ക് പശ്ചാത്താപത്തിന്റെ ഗുഹയിലൂടെ പുറംലോകത്തേക്ക് എത്തിച്ചേരാന്‍ കഴിയും. അവരില്‍ നന്മ നിറയും. ഇനിയുള്ള കാലം അവര്‍ നല്ലവരായി ജീവിക്കും. 

കൊച്ചുകുട്ടികള്‍ക്കായി എല്‍. ഫ്രാങ്ക് ബോം എന്ന അമേരിക്കന്‍ സാഹിത്യകാരന്‍ രചിച്ച രസകരമായ ഒരു കഥയിലെ ഒരു ഭാഗമാണിത്. തെറ്റുചെയ്യാതെ സന്തോഷത്തില്‍ ജീവിക്കാന്‍ നാം പരിശ്രമിക്കണമെന്ന് ഈ കഥ നമ്മോട് പറയുന്നു. അതേസമയം തെറ്റുചെയ്തുപോയാല്‍ പശ്ചാത്താപത്തിലൂടെ നന്മയിലേക്ക് തിരികെയെത്താന്‍ ഇക്കഥ നമ്മെ ക്ഷണിക്കുന്നു.
            
ഷാജി മാലിപ്പാറ