മിത്രം

0


മിത്രം എപ്പോഴും മിത്രം തന്നെ( സുഭാ 17: 17)

മിത്രമില്ലാത്തവരായിട്ട് ആരാണ് ഇവിടെയുള്ളത്? മിത്രമാകാത്തവരായി ആരാണുള്ളത്? പക്ഷേ ചോദ്യം അതല്ല. എപ്പോഴും മിത്രം ആകാന്‍ കഴിയുന്നുണ്ടോ, എപ്പോഴും മിത്രമായിട്ടുള്ളവര്‍ എത്ര പേരുണ്ട്?

അതെ, സൗഹൃദങ്ങളുടെ എണ്ണത്തിലും പെരുപ്പത്തിലുമൊക്കെ അഹങ്കരിക്കുകയും മേനി നടിക്കുകയും ചെയ്യുന്നവര്‍ ഈ പ്രഭാതത്തില്‍ ആത്മശോധന നടത്തേണ്ട വിഷയമാണിത്. മിത്രം എപ്പോഴും മിത്രം തന്നെ എന്നാണ് തിരുവചനം വ്യവസ്ഥപ്പെടുത്തുന്നത്. എപ്പോഴും ഏത് അവസ്ഥയിലും മിത്രമാകാന്‍ കഴിയുക എന്നതാണ് മുഖ്യം.

ജീവിതത്തില്‍ വരള്‍ച്ചകളുണ്ടാകാം. പെരുമഴക്കാലങ്ങളുണ്ടാകാം. വസന്തങ്ങളും ശിശിരങ്ങളും ഉണ്ടാകാം. പക്ഷേ അപ്പോഴൊക്കെ മിത്രമായി തന്നെ നിലകൊള്ളുന്നിടത്താണ് സൗഹൃദങ്ങളുടെ വിജയം. അവിടെ മാത്രമേ നാം ആര്‍ക്കെങ്കിലും മിത്രമാകുന്നുള്ളൂ. ആരെങ്കിലുമൊക്കെ നമുക്കും മിത്രങ്ങളാകുന്നുള്ളൂ. മിത്രമാകാന്‍ ഒരു നിമിഷം മതിയാവും. പക്ഷേ മൈത്രി നിലനിര്‍ത്തികൊണ്ടുപോകാന്‍ ഒരായിരം നിമിഷങ്ങള്‍ വേണം.

പക്ഷേ ഇന്നത്തെ സൗഹൃദകാലങ്ങളില്‍ പ്രത്യേകമായ എന്തെങ്കിലും ഗുണം കിട്ടുമെന്ന് തോന്നിയാല്‍ ആത്മാര്‍ത്ഥ സ്‌നേഹിതനെ പോലും തള്ളിക്കളയാന്‍ മടിയില്ലാത്തവരായി മാറിയിരിക്കുന്നവരാണ് ഭൂരിപക്ഷവും. ബിസിനസ് നേട്ടങ്ങള്‍ക്കും സാമ്പത്തികവര്‍ദ്ധനവിനും കൂടുതല്‍ പ്രശസ്തിക്കും വേണ്ടി പഴയകാല സ്‌നേഹിതനെ ഉപേക്ഷിച്ചുപോകുന്നവര്‍ കണ്‍മുമ്പിലെ വലിയൊരു തെളിവു തന്നെയാണ്.

നമ്മള്‍ സ്‌നേഹിക്കുന്ന മിത്രങ്ങളൊക്കെ ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും നമ്മെ വിട്ടുപോകാം. അതുകൊണ്ട് നമ്മള്‍ സ്‌നേഹിക്കുന്ന മിത്രങ്ങളുടെ പുറകെ പോയി ജീവിതം ക്ലേശകരമാക്കാതെ നമ്മളെ സ്‌നേഹിക്കുന്ന മിത്രങ്ങളെ ചേര്‍ത്തുനിര്‍ത്തുക. അപ്പോള്‍ രണ്ടുകൂട്ടരുടെയും ജീവിതങ്ങള്‍ക്ക് തിളക്കമേറും.

സ്‌നേഹം നിറഞ്ഞ കണ്ണുകള്‍ കൊണ്ട് മിത്രത്തെ നോക്കുമ്പോള്‍ മിത്രത്തോളം സൗന്ദര്യമുള്ള മറ്റൊന്നും ഈ വാഴ് വില്‍ ഇല്ലായെന്നുപോലും നമുക്ക് തോന്നിപ്പോകും. മിത്രത്തില്‍ നാം കുറവുകള്‍ കാണുന്നത് അവനോടുള്ള സ്‌നേഹത്തിന്റെ കുറവു തന്നെയാണ്. അതുകൊണ്ട് മിത്രത്തെ സ്‌നേഹിക്കുക.

എപ്പോഴും ഏതവസ്ഥയിലും നിന്നെ സ്‌നേഹിക്കാനും സ്വീകരിക്കാനും ചേര്‍ത്തുനിര്‍ത്താനും കഴിയുന്നവന്‍ മാത്രമേ മിത്രമാകുന്നുള്ളൂ. അങ്ങനെ ലഭിക്കാനും അങ്ങനെ ആയിത്തീരാനും കഴിയട്ടെയെന്ന പ്രാര്‍ത്ഥനയോടെ

വിഎന്‍.