കൈ പിടിച്ചു എഴുന്നേല്പിക്കാം

0

കുരിശ് പാഠങ്ങൾ
 

മൂന്നാം  സ്ഥലം
   

കാൽത്തട്ടി ഒന്ന് പതുക്കെ വീണാൽ പോലും അയ്യോ ഞാൻ വീണല്ലോ, എന്നെ എഴുന്നേൽപിക്കാൻ എന്തെ ആരും വരാത്തതെന്നു നിലവിളിക്കുന്നവരാണ് മനുഷ്യർ. എഴുന്നേൽക്കാനുള്ള സാധ്യതകൾ മുന്നിൽ തെളിഞ്ഞാലും ഉപയോഗപ്പെടുത്താൻ ശ്രമിക്കാതെ  നമ്മൾ പല  വിധകാരണങ്ങൾ പറഞ്ഞ് അവിടെ തന്നെ കിടക്കുന്നു.

വെള്ളം ഇളകുമ്പോൾ ആ കുളത്തിലേക്കു എന്നെ ആരും കൂട്ടി കൊണ്ടുപോകുന്നില്ലെന്നു ക്രിസ്തുവിനോട് പരാതി പറഞ്ഞ ബെത്സയ്‍ത കുളക്കരയിലെ രോഗിയെ പോലെ വീണുകിടക്കാൻ തുടങ്ങിയിട്ടു നാളുകളേറെ ആയവരാണ് നമ്മിൽ ഭൂരി ഭാഗം പേരും. എന്നെ ഒന്ന് പിടിച്ചെഴുന്നേൽപ്പിക്കുമോ ഞാൻ ഇതാ രക്തം ഒലിച്ചു കിടക്കുന്നതു കണ്ടില്ലേ എന്നൊന്നും ക്രിസ്തു നെടുവീർപ്പിടുന്നില്ല. ഒരു സഹതാപ തരംഗമോ ഒരു ഫേസ്ബുക് പോസ്റ്റോ ക്രിസ്തു ഇട്ടിട്ടില്ല.വീണിടത്തു നിന്നും ക്രിസ്തു തനിയെ എഴുന്നേറ്റു വീണ്ടും കുരിശ് ചുമന്നു എന്നാണ് വായന.

ഒരു വീഴ്ചകൊണ്ടൊന്നും തീരുന്നതല്ല ഈ ജീവിതമെന്നു ക്രിസ്തുവിനു നല്ലതുപോലെ അറിയാം എന്ന് ചുരുക്കം.ഒരു വീഴ്ചയിൽ എല്ലാം തീരില്ല എന്നാണ് കുരിശിന്റെ വഴിയിലെ മൂന്നാം  സ്ഥല  സുവിശേഷം.  നമ്മളാവട്ടെ  ഒരു വീഴ്ചയുടെ മുറിവിൽ തലോടി ബാക്കി ജീവിതം വീണിടത്തു തന്നെ കിടന്നു ജീവിച്ചു തീർക്കുന്നു. വീണിടം വിഷ്ണു ലോകമാക്കി മാറ്റി ആ സാഹചര്യത്തിൽ നിന്നും ഉയിർക്കാൻ പഠിക്കുകയാണ് പ്രധാനം.

വീഴ്ചകളൊക്കെ സ്വാഭാവികമാണ് ചങ്ങാതി എന്ന് സ്വന്തം തോളിൽ തട്ടി ചിലപ്പോഴെങ്കിലും നമുക്ക് പറയാൻ പറ്റണം. ഓർമ വരുന്നത് ഒരു കത്തോലിക്ക വിശ്വാസിയെയാണ്.  അദ്ദേഹം ഇപ്പോൾ തടവറയിലാണ്.  ചെയ്യാത്ത കുറ്റത്തിനാണ് അയാൾ തടവ് ശിക്ഷ അനുഭവിക്കുന്നത് എന്നാണ് എന്റെ വിശ്വാസം.  കഴിഞ്ഞ  ദിവസം tv കാണുന്നതിനിടയിൽ പരിചിതമായ സ്വരം കേട്ടപ്പോഴാണ് തടവറയിൽ കഴിഞ്ഞ ആ വ്യക്തിയുടേതാണെന്നു മനസ്സിലായത്.  ശ്രദ്ധിച്ചു  പ്രോഗ്രാം കണ്ടപ്പോഴാണ് മനസ്സിലായത്…. തടവറയിൽ വീണു കിടക്കാതെയും ജീവിതത്തെ പഴിച്ചു ഇരുളിൽ താഴ്ത്താതെയും അയാൾ തന്റെ കഴിവുകൾ ഉപയോഗപ്പെടുത്തുകയായിരുന്നെന്നു.  തടവറയിൽ വീണു കിടക്കാതെ ആ സാഹചര്യത്തിൽ പോലും മനസ് തളരാതെ മുന്നേറുന്ന ആ കത്തോലിക്കനാണ്  എന്റെ big salute.    

  വീണു വീണുതന്നെയാണ് നമ്മൾ നടക്കാൻ പഠിച്ചതെന്ന് മറക്കുന്നതാണ് സങ്കടം.  ഒരിക്കൽ പോലും വീഴാതെയും  ചോര കാണാതെയും സൈക്കിൾ ചവിട്ടു പഠിച്ചിട്ടുള്ള  ആരുണ്ട് ലോകത്തു?   നീന്തലിന്റെ തിയറി ക്ലാസ്സ്‌ കൂടിയവർക്  നീന്താൻ അറിയുമെന്ന് ആരാണ് നമ്മെ പറഞ്ഞ് പറ്റിച്ചിട്ടുള്ളത്….  വെള്ളം കുടിച്ചും തളർന്നും തന്നെയാണ് നമ്മൾ നല്ല നീന്തൽ വിദഗ്ദർ ആയിട്ടുള്ളത്.  കരക്കിരിക്കുന്നവർ ഇപ്പോഴും അതെ ഇരിപ്പുതന്നെയാണെന്നേ…     വീഴാതിരിക്കലല്ല വിജയം.  വീഴ്ചയിൽ നിന്നും ഉയർ ത്തെഴുനേൽക്കുന്ന  താണ് വിജയം.

   പ്രിയചങ്ങാതി ഇനിയെങ്കിലും വീണിടത്തുനിന്നും  ചെളിയും  പൊടിയും തട്ടിക്കളഞ്ഞു എഴുന്നേൽക്കാം നമുക്ക്.        മറ്റുള്ളവരെ വീഴ്ത്താതിരിക്കാനും  ശ്രമിക്കാം  എന്ന് കൂടെ കുറിച് കൊണ്ട് മൂന്നാം  സ്ഥല  കുറിപ്പ് നമുക്കവസാനിപ്പിക്കാം. മറ്റുള്ളവരെ വീഴ്ത്തുന്ന ചെപ്പടി വിദ്യകളാണ്  നമ്മളിന്ന് അഭ്യസിച്ചു തുടങ്ങിയിട്ടുള്ളത് എന്ന് സംശയം ജനിപ്പിക്കുന്ന എത്രയോ സംഭവങ്ങളാണ് ഈ ദിവസങ്ങളിൽ അരങ്ങേറുന്നത്… ചാനൽ ചർച്ചയിൽ വാക് തർക്കങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്.  കഴിഞ്ഞ  ദിവസം ചർച്ചക്കിടയിൽ തല്ലു നടക്കുന്നതും വീഴ്ത്തിയിടുന്നതും നമ്മൾ കണ്ടു. ഇന്ത്യയുടെ  അതിർത്തി കാത്തിരുന്ന 47 ജവാന്മാർ കഴിഞ്ഞ  ദിവസം നിഷ്ഠൂരമായി കൊല്ലപ്പെട്ടപ്പോൾ ആരുടെ നെഞ്ചാണ് തകരാതിരുന്നത്. 

മറ്റുള്ളവരെ വീഴ്ത്താതെ  ജീവിക്കാനാണ് ഇനിമേൽ നമ്മൾ അഭ്യസിക്കേണ്ടത്… ചില ഭിക്ഷക്കാരെ പോലെ ആകാതിരിക്കാം  നമുക്ക്. എനിക്ക് ഭിക്ഷ തന്നില്ലെങ്കിലും സാരമില്ല അവനു കൊടുക്കരുത് എന്ന് പറയാതിരിക്കാം. നിന്റെ കൈകൾ സുന്ദര മാകുന്നത് വീണു കിടക്കുന്നവന് നിന്റെ കൈ നൽകുമ്പോൾ മാത്രമാണ്… 

അതുകൊണ്ടാണ് ആ നസ്രായൻ പറഞ്ഞത്…. സാബത്തിൽ പോലും നന്മ ചെയ്യുവിനെന്ന്.   കുഴിയിൽ വീണ ആടിനെ സമയവും സാമ്പത്തും നോക്കി എടുക്കാൻ വൈകരുതേ എന്ന് ക്രിസ്തു ഓർമിപ്പിക്കുന്നു…  വീണു കിടന്നവനെ  ശ്രദ്ധിക്കാതെ പോയി  ബലിയർപ്പിച്ച പുരോഹിതന്റെ ബലി valid ആയില്ലെന്നു  ക്രിസ്തു വെറുതെയല്ല ഉപമയിലൂടെ പറഞ്ഞത്.. വീണു കിടക്കുന്നവരിൽ  നിശ്ചയമായും ക്രിസ്തുവുണ്ട്. അവരെ കൈ പിടിച്ചുയർത്തുമ്പോൾ ക്രിസ്തുവിനെയാണ് കൈ പിടിച്ചുയർത്തുന്നത്  നിശ്ചയം.

ഫാ. സ്റ്റാഴ്സണ്‍ കള്ളിക്കാടന്‍