സ്വയം മാലയിടുമ്പോൾ…

0


തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് സംഭവിച്ച തമാശകൾ പലതാണ്. അതിലൊന്ന് ഇങ്ങനെ:സ്ഥാനാർത്ഥി വരുമ്പോൾ മാലയിട്ടു സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുകയാണ്. ഒരു കൊച്ചു കുട്ടിയുടെ കൈയിലാണ് പൂമാല നൽകിയിരിക്കുന്നത്. സ്ഥാനാർത്ഥി അടുത്തെത്തുമ്പോൾ മാലയിടണം എന്ന് കുട്ടിയോട് കൃത്യമായി പറഞ്ഞിരുന്നു. സ്ഥാനാർത്ഥി വണ്ടിയിൽ നിന്നിറങ്ങി വന്നതും കുട്ടി കൈയിലിരുന്ന മാല സ്വന്തം കഴുത്തിലിട്ടതും ഒന്നിച്ചായിരുന്നു.

സ്വയം മാലയിട്ട് ആദരിക്കുന്നതിനേക്കാൾ സന്തോഷകരം മറ്റുള്ളവരെ മാലയിട്ട് ആദരിക്കുന്നതല്ലേ? ഒരു സമ്മാനം നിങ്ങൾക്ക് കിട്ടുമ്പോൾ സന്തോഷം തോന്നുകയില്ലേ? മറ്റുള്ളവർക്ക് ഒരു സമ്മാനം നിങ്ങൾ നൽകുമ്പോൾ നിങ്ങൾക്ക് സന്തോഷം തോന്നുമോ? കിട്ടുന്നതിലാണോ കൊടുക്കുന്നതിലാണോ സന്തോഷം? പെട്ടെന്നു തോന്നും കിട്ടുന്നതിലാണെന്ന്. വീണ്ടും ആലോചിച്ചാൽ മനസിലാവും കൊടുക്കുന്നതിൽ വലിയ ആനന്ദമുണ്ടെന്ന്.

ആദ്യകുർബാന സ്വീകരണത്തിന്റെ നാളുകളാണിത്. കുർബാന സ്വീകരിക്കുന്ന കുട്ടികൾക്ക് ധാരാളം സമ്മാനങ്ങൾ കിട്ടാറുണ്ട്. പല കുട്ടികളും തങ്ങൾക്കു കിട്ടുന്ന സമ്മാനങ്ങൾ സഹോദരങ്ങൾക്കും കൂട്ടുകാർക്കുമായി പങ്കുവയ്ക്കാറുണ്ട്. ചിലരൊക്കെ കിട്ടുന്നതെല്ലാം വാരിക്കൂട്ടി സ്വന്തമാക്കി വയ്ക്കും.

ഒരെണ്ണം പോലും സ്വന്തം അനിയത്തിക്കു പോലും കൊടുക്കാത്തവരുമുണ്ട്. അവർക്ക് വലിയൊരു നഷ്ടമുണ്ട്. കൊടുക്കുന്നതിലെ ആനന്ദം അനുഭവിക്കാൻ കഴിയാത്ത നഷ്ടം.
നിങ്ങൾക്കു കിട്ടുന്നത് നിങ്ങൾക്കു മാത്രമല്ല, മറ്റുള്ളവർക്കു കൊടുക്കാൻ വേണ്ടിയുള്ളതാണ്. കൊടുക്കുന്നതിലെ ആനന്ദം നിങ്ങൾക്കുള്ളതാണ്‌.

ഷാജി മാലിപ്പാറ