എനിക്കും നിനക്കും വേണ്ടി അവര്‍ക്ക് കൊടുക്കുക( മത്താ 17:27)
കരിസ്മാറ്റിക് പ്രസ്ഥാനം മലയാളികള്‍ക്ക് നല്കിയ ഏറ്റവും വലിയ സംഭാവനയിലൊന്ന് അവരെ കൊടുക്കാന്‍ പ്രേരിപ്പിച്ചു എന്നതാണെന്ന് തോന്നുന്നു. ദൈവത്തിനും മനുഷ്യര്‍ക്കും വേണ്ടി കൊടുക്കാന്‍ ഒരുപാട് പേര് തയ്യാറായി. ദശാംശം എന്ന സങ്കല്പം വ്യാപകമായി. അതിന്റെ അടിത്തറയില്‍ നിരവധിസ്ഥാപനങ്ങള്‍ കേരളത്തിന്റെ മണ്ണില്‍ തലയുയര്‍ത്തി. അവയെല്ലാം അനേകര്‍ക്ക് പലവിധത്തില്‍ പ്രയോജനപ്പെടുകയും ചെയ്തു.
ഇതെല്ലാം എങ്ങനെയാണ് സംഭവിച്ചത്? കൊടുക്കാന്‍ തയ്യാറായതിന്റെ അത്ഭുതമായിരുന്നു അവയെല്ലാം. കൊടുക്കുന്നതെല്ലാം നല്ല മനസ്സോടെയാകുമ്പോള്, തിരികെയൊന്നും പ്രതീക്ഷിക്കാതെയാകുമ്പോള് ദൈവം അവിടെ അത്ഭുതം പ്രവര്‍ത്തിക്കും.
പക്ഷേ നമ്മളില്‍ ചിലരുടെയെങ്കിലും കൊടുക്കലുകളില്‍ സ്വാര്‍ത്ഥത കലര്‍ന്നിട്ടില്ലേ. ദൈവത്തിന് വേണ്ടി കൊടുക്കുന്നു എന്ന പേരില്‍ കൊടുത്തിട്ട് അവയെല്ലാം പത്രങ്ങളിലൂടെയും അല്ലാതെയും അറിയിക്കുന്ന പ്രവണത വ്യാപകമാണ്. വ്യക്തികള്‍ മുതല്‍ സഭാതലം വരെ അത്തരം ചില ചിത്രങ്ങള്‍ കണ്ടപ്പോള്‍ വേദന തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ജൂണ്‍ മാസക്കാലങ്ങളില്‍ പാഠപുസ്തകവിതരണത്തിന്റെ വാര്‍ത്തയും ഫോട്ടോയും കാണുമ്പോള്‍.
ചിലസംഘടനകള്ക്ക്, ചില സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ പൊതുസമൂഹത്തിന്റെ മുമ്പില്‍ അറിയിക്കാന്‍ വാര്‍ത്തകള്‍ ആവശ്യമായിരിക്കാം. എങ്കിലും വാങ്ങുന്നവരുടെ ആത്മാഭിമാനം കണക്കിലെടുത്ത് അവരെ പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്താതിരുന്നുകൂടെ? ഇല്ലായമ അനുഭവിക്കുന്നവര്‍ക്കും ആത്മാഭിമാനം ഉണ്ടെന്ന് മറക്കരുത്. ക്രിസ്തുപറയുന്നത് കേട്ടില്ലേ എനിക്കും നിനക്കും വേണ്ടി അവര്‍ക്ക് കൊടുക്കുക.
അതെ, നമ്മള് ദൈവത്തിനാണ് കൊടുക്കുന്നതെങ്കില്‍ അതിന് പബ്ലിസിറ്റി ചെയ്യേണ്ടതില്ല. പക്ഷേ കൊടുക്കുന്നത് ഏതെങ്കിലും ഒരാള്‍ക്കായിരിക്കാം. അതുകൊണ്ടാണ് അതിനെ പ്രസിദ്ധപ്പെടുത്തുന്നത്.അതിലൂടെ നാം ആഗ്രഹിക്കുന്നത് നമ്മുടെ പ്രസിദ്ധിയും നേടിയെടുക്കാന്‍ ശ്രമിക്കുന്നത് നല്ലൊരു മനുഷ്യസ്നേഹിയുടെ ഇമേജുമാണ്.
കൊടുക്കാന്‍ മനസ്സുള്ളവരാകുക. അത് നാട്ടുകാരെ അറിയിക്കാന്‍ മനസ്സില്ലാത്തവരാകുക. അപ്പോഴാണ് ഇടതുകരം ചെയ്യുന്നത് വലതുകരം അറിയരുതെന്ന ക്രിസ്തുപ്രബോധനം സ്വാര്‍ത്ഥകമാകുന്നത്.
നമ്മള് ആരോടെങ്കിലും സഹായം കൈപ്പറ്റിയാല്‍ അത് മറ്റുള്ളവര്‍ അറിയുന്നത് എത്രമാത്രം അഭിമാനക്ഷതമാണോ അതുപോലെയല്ലേ മറ്റുള്ളവര്‍ നമ്മില്‍ നിന്നും സഹായം സ്വീകരിക്കുമ്പോള്‍ അവര്‍ക്കും ഉണ്ടാകുന്നത് എന്നുമാത്രം വിചാരിച്ചാല്‍ മതി. നാം ആരുടെ കൈയടിയാണ് നേടാന്‍ ശ്രമിക്കുന്നത്.മനുഷ്യരുടെയോ ദൈവത്തിന്റെയോ.
കൊടുക്കലുകളെക്കുറിച്ചുള്ള ആത്മശോധനയോടെ
വിഎന്‍