നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി നൽകുന്നവൻ

0


ദൈവം നഷ്ടപ്പെട്ടതൊക്കെയും തിരികെ നല്കുന്നവനും, ഇരട്ടിയായി നല്കുന്നവനാണ്. എല്ലാ തകർച്ചകളെയും ഉയർച്ചകളും, എല്ലാ കുറവുകളേയും കൂടുതലുകളും ആക്കാൻ കഴിവുള്ളവനാണ് ദൈവം.

പഴയ നിയമത്തിലെ ജോബിൻ്റെ ഉദാഹരണമെടുക്കാം. ദൈവം അവനെ പരീക്ഷണത്തിന് വിട്ടുകൊടുക്കുന്നതിനു മുൻപ് “അവന്‌ ഏഴു പുത്രന്‍മാരും മൂന്നു പുത്രിമാരും ഉണ്ടായിരുന്നു. പൗരസ്‌ത്യദേശത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്ന അവന്‌ ഏഴായിരം ആടുകളും മൂവായിരം ഒട്ടകങ്ങളും അഞ്ഞൂറു ജോടി കാളകളും അഞ്ഞൂറു പെണ്‍കഴുതകളും എണ്ണമറ്റ ദാസന്‍മാരും ഉണ്ടായിരുന്നു” (ജോബ്‌ 1 :2,3)

എന്നാൽ അവൻ പരീക്ഷിക്കപ്പെട്ടതിനു ശേഷം “കര്‍ത്താവ്‌ അവൻ്റെ ശേഷിച്ചജീവിതം മുന്‍പിലത്തേതിനെക്കാള്‍ ധന്യമാക്കി, അവന്‌ പതിന്നാലായിരം ആടുകളും ആറായിരം ഒട്ടകങ്ങളും, ആയിരം ഏര്‍ കാളകളും, ആയിരം പെണ്‍കഴുതകളും ഉണ്ടായി. അവന്‌ ഏഴു പുത്രന്‍മാരും മൂന്നു പുത്രിമാരും ഉണ്ടായി” (ജോബ്‌ 42 :12, 13).

വചനഭാഗങ്ങൾ കൃത്യമായി അവന് സമ്പത്ത് ഇരട്ടിച്ചതായും  പഴയതുപോലെ സന്താനസൗഭാഗ്യം തിരികെനൽകുന്നതായും സാക്ഷ്യപ്പെടുത്തുന്നുണ്ട്. പരീക്ഷണങ്ങൾക്കുശേഷവും അവനു പഴയതുപോലെ ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി. ആടുമാടുകളും ഒട്ടകങ്ങളും കാളകളും പെൺകഴുതകളുമൊക്കെ അവന് ഇരട്ടിയായി ദൈവം നൽകി. നമ്മുടെ ദൈവം അനുഗ്രഹത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ദൈവമാണ്. മനുഷ്യൻ സമൃദ്ധിയിൽ, സന്തോഷത്തിൽ ജീവിക്കണം എന്ന് തന്നെയാണ് അവൻ ആഗ്രഹിക്കുന്നത്.

യേശു പറയുന്നു “ഞാന്‍ വന്നിരിക്കുന്നത്‌ അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്‌ധമായി ഉണ്ടാകാനുമാണ്‌” (യോഹ 10:10).
കാഴ്ച തിരിച്ചുകിട്ടണം എന്നാഗ്രഹിച്ച ബർത്തിമേയൂസിനു കർത്താവ് കാഴ്ച മാത്രമല്ല തിരിച്ചു നൽകുക, രക്ഷകൂടിയാണ്. കാഴ്ച തിരിച്ചു കിട്ടണം എന്നാവശ്യപ്പെട്ടുകൊണ്ട്  ബർത്തിമേയൂസ് ഉപയോഗിച്ച പദവും അവനു കാഴ്ച ലഭിച്ചു എന്ന് സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്ന പദവും ഗ്രീക്കിലെ ἀνέβλεψεν (aneblepsen) എന്ന ഒരേ പദമാണ്. പഴയ കാഴ്ച ശക്തി തിരികെ നല്കുകയാണ് കർത്താവ് ചെയ്തത്. ഒപ്പം അതിലും ശേഷ്ഠമായ രക്ഷയും.

“രക്‌ഷിക്കാനാവാത്തവിധം എൻ്റെ കരം കുറുകിപ്പോയോ? അഥവാ, മോചിപ്പിക്കാന്‍ എനിക്കു ശക്‌തിയില്ലേ?” (ഏശയ്യാ 50:2) എന്ന് കർത്താവ് ചോദിക്കുന്നു. എല്ലാം തിരികെ ലഭിക്കുവാൻ ആഗ്രഹമുണ്ടാകുക എന്നുള്ളതാണ് പ്രധാനം. എല്ലാം പഴയതുപോലെയാക്കുവാൻ, തിരികെത്തരാൻ കർത്താവ് സന്നദ്ധനാണ്. പ്രാർത്ഥനകൾ.

ശുഭരാത്രി

Fr. Sijo Kannampuzha OM