നീ മറന്നെങ്കിലും ദൈവം നിന്നെ സ്‌നേഹിക്കുന്നു

0


വത്തിക്കാന്‍ സിറ്റി: ദൈവത്തെ നാം മറന്നുകളയുമ്പോഴും ദൈവം നമ്മെ സ്‌നേഹിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവം തന്റെ പ്രിയപ്പെട്ട മക്കളുടെ കൂടെ എല്ലായ്‌പ്പോഴും ഉണ്ട്. അവിടുത്തെ വ്യവസ്ഥകളില്ലാത്ത സ്‌നേഹത്തെ നാം നമ്മുടെ വിലയില്ലായ്മകൊണ്ടും കുറ്റബോധം കൊണ്ടും പരിമിതപ്പെടുത്തരുത്. ഇന്നലെ പൊതുദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

ദൈവം നിന്നെ നോക്കുന്നു, നീ അവിടുത്തെ അന്വേഷിക്കാത്ത സമയത്തും. ദൈവം നിന്നെ സ്‌നേഹിക്കുന്നു, നീ അവിടുത്തെ മറന്നുകളയുമ്പോഴും. ദൈവം നിന്നിലെ സൗന്ദര്യത്തെ കാണുന്നു, കഴിവുകള്‍ പാഴായിപ്പോയല്ലോ എന്നോര്‍ത്ത് നീ വിലപിക്കുമ്പോഴും. ഞങ്ങളുടെ പിതാവ് എന്ന രണ്ടു വാക്കുകളുടെ ആഴം വിശദീകരിച്ചുകൊണ്ട് പാപ്പ തുടര്‍ന്നു

നാം ദൈവത്തിന്റെ വഴികളില്‍ നിന്ന് അകന്നുനടക്കുമ്പോള്‍ ധൂര്‍ത്തപുത്രന് സംഭവിച്ചതുപോലെയാണ് സംഭവിക്കുന്നത്. നാം ഏകാന്തതയിലേക്ക് വീഴുന്നു. ലോകം നമ്മെ പരിത്യജിച്ചതായി തോന്നുന്നു. തുടര്‍ന്ന് വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. നിങ്ങളെ സ്‌നേഹിക്കുന്ന ഒരു പിതാവ് നിങ്ങള്‍ക്കുണ്ട്. അതുകൊണ്ട് ദൈവത്തെ പിതാവേ എന്ന് വിളിക്കൂ. അവിടുന്ന് നിങ്ങള്‍ക്ക് ഉത്തരം നല്കും.

അപ്പോഴും നാം പറയുന്നത് ഇതായിരിക്കും. ഞാന്‍ അങ്ങനെ ചെയ്തു..ഇങ്ങനെ ചെയ്തു. അപ്പോള്‍ ദൈവം മറുപടി പറയും ഞാന്‍ നിന്നില്‍ നിന്ന് കണ്ണെടുത്തിട്ടേയില്ല, ഞാന്‍ എല്ലാം കാണുന്നുണ്ട്. ഞാന്‍ എപ്പോഴും അവിടെയുണ്ടായിരുന്നു,ന ിന്റെ അരികില്‍.. ദൈവത്തെ പിതാവേ എന്ന് വിളിക്കൂ, ശിശുസഹജമായ സ്‌നേഹത്തോടെ വിളിക്കൂ ഈ പ്രകടനം സ്‌നേഹം വളര്‍ത്തും. ഊഷ്മളത വളര്‍ത്തും. പാപ്പ ഓര്‍മ്മിപ്പിച്ചു.