കാണേണ്ടതു കാണുന്ന ദൈവം

0

വിധവയുടെ കാണിക്ക (മാർക്കോ 12:41-44) – ധ്യാനം 2  

You are under video surveillance – എന്ന് എഴുതിവച്ചിരിക്കുന്ന ഒരുപാട് ഇടങ്ങളിലൂടെയാണ് നമ്മൾ ഓരോ ദിവസവും കടന്നുപോവുന്നത്. ഒരു CCTV ക്യാമറയുടെ മുൻപിലൂടെ കടന്നുപോകുമ്പോൾ എന്താണ് നമ്മുടെ മനസ്സിൽ തോന്നുക? അതൊരു ജാഗ്രതയോ ഭയമോ നമ്മോട് ആവശ്യപ്പെടുന്നുണ്ടോ? അതോ അല്പം സുരക്ഷിതത്വ ബോധമാണോ നമുക്ക് നൽകുക?

നമ്മൾ ആ സ്ഥലത്തായിരിക്കുന്നതിൻ്റെ ഉദ്ധ്യേശശുദ്ധി ആശ്രയിച്ചായിരിക്കും ഉത്തരം നല്കാനാകുക. ഒരു CCTV കണക്കെ പിതാവായ ദൈവത്തിൻ്റെ കണ്ണുകൾ നമ്മെ സാദാ കാണുന്നുണ്ട്.

നമ്മെ ചൂഴ്ന്നുനിൽക്കുന്ന ഒരു സാന്നിധ്യം ചുറ്റുമുണ്ടെന്ന് സങ്കല്പിക്കാനും വിശ്വസിക്കാനുമാവുക എന്നുള്ളത് ആധ്യാത്മീക ജീവിതത്തിൻ്റെ അവിഭാജ്യമായ ഘടകമാണ്. എന്നെ എപ്പോഴും കാണുന്ന, ഹൃദയവികാരങ്ങൾ മനസ്സിലാക്കുന്ന ഒരു ദൈവമുണ്ടെന്ന അറിവ് തന്നെ എപ്പോഴും ആശ്വാസകരമാണ്. ഞാൻ ചെയ്യുന്ന തെറ്റുകൾ മാത്രമല്ല, ഞാൻ ചെയ്തും ചെയ്യാതെയും പോകുന്ന നന്മ പ്രവൃത്തികളും കർത്താവ് കാണുന്നുണ്ട്.

എൻ്റെ സുഖത്തിൻ്റെയും സന്തോഷത്തിൻ്റെയും ദിനങ്ങളിൽ മാത്രമല്ല, എൻ്റെ കഷ്ടപ്പാടിൻ്റെയും ഇല്ലായ്മയുടെയും കാലത്തും അവൻ്റെ കണ്ണുകൾ എൻ്റെ നേരെയുണ്ട്.
പാവങ്ങൾക്കുവേണ്ടിയുള്ള, ദേവാലയ ഭണ്ഢാരത്തിൽ ആളുകൾ കാണിക്കയിടുന്നത് കർത്താവ് ശ്രദ്ധിക്കുന്നു. വിധവയുടെ രണ്ടു ചെമ്പുനാണയങ്ങളും കർത്താവ് കാണുകയാണ്.

നാം ചെയ്യുന്ന നന്മ എത്ര ചെറുതായാലും കർത്താവത് അറിയുന്നുണ്ട്. നാം ചെയ്യുന്ന നന്മയുടെ അളവല്ല, നമ്മുടെ നന്മ ചെയ്യാനുള്ള മനോഭാവമാണ് കർത്താവ് ബഹുമാനിക്കുന്നത്. 

കർത്താവ് എപ്പോഴും എന്നെ നോക്കിക്കാണുന്ന CCTV-ൽ എന്നെക്കുറിച്ചുള്ള കാഴ്ചകൾ എപ്രകാരമായിരിക്കും? എന്തായിരിക്കും അതിൽ തീവ്രമായ ഭാവം? നന്മയോ? തിന്മയോ?

ശുഭരാത്രി

Fr. Sijo Kannampuzha OM