എന്റെ പ്രീതിപാത്രം

0


ഇതാ ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍,ഞാന്‍ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാന്‍ എന്റെ ആത്മാവിനെ അവന് നല്‍കി; അവന്‍ ജനതകള്‍ക്ക് നീതി പ്രദാനം ചെയ്യും.
( ഏശയ്യ 42; 1)

ദൈവം താങ്ങാത്തതായി ആരാണുള്ളത്? എന്നിട്ടും ഇത്തിരിപ്പോന്ന ബുദ്ധികൊണ്ടും സകലതിനെയും വെല്ലുന്ന അഹങ്കാരം കൊണ്ടും നാം വെറുതെ ചിന്തിച്ചുപോകുന്നു, ഞാന്‍ എന്നെ താങ്ങുന്നുവെന്നും അതുകൊണ്ടാണ് ഞാന്‍ നിന്നുപോരുന്നതെന്നും. അല്ല. ഒരിക്കലുമല്ല. ദൈവം താങ്ങുന്നുണ്ട് ഓരോരുത്തരെയും, അവരവര്‍ക്ക് വേണ്ടുന്ന പോലെയും ആവശ്യത്തിന് അനുസരിച്ചും. നാം അത് മനസ്സിലാക്കുന്നില്ല എന്നേയുള്ളൂ. ഇത്തരത്തിലുള്ള ദൈവാവബോധത്തിലേക്ക് കടന്നുവരുക എന്നതാണ് ഈ പ്രഭാതത്തില്‍ നാം ആദ്യമായി ചെയ്യേണ്ടത്. രണ്ടാമത്തേത് ഞാന്‍ ദൈവത്തിന്റെ പ്രീതിപാത്രമാണോ എന്നതാണ്.

ദൈവത്തിന്റെ പ്രീതിക്ക് പാത്രമായി തീരുന്നതുപോലെ ജീവിക്കുക എന്നത് അത്രയെളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഈ യുഗത്തില്‍. മനുഷ്യന്റെ കണ്ണിന്റെ ദുരാശകളെ തൃപ്തിപ്പെടുത്താനും ഉടലിന്റെ ചൂട് കുറയ്ക്കാനും കഴിയുന്നവിധത്തിലുള്ള സകലതും സുലഭമായിരിക്കുമ്പോള്‍.

ഇടര്‍ച്ചകളും പതര്‍ച്ചകളും ഉണ്ടായിക്കോട്ടെ എന്നിട്ടും ദൈവമേ എന്ന് നെഞ്ചില്‍ കരം ചേര്‍ത്ത് ഒന്ന് കണ്ണ് നിറഞ്ഞും തൊണ്ട ഇടറിയും ദൈവസ്മരണ പുതുക്കാന്‍ കഴിയുന്നുവെങ്കില്‍ ദൈവത്തിന് നമ്മള്‍ പ്രീതിപാത്രം തന്നെയായിരിക്കും. രാജകീയ വേഷങ്ങള്‍ അണിഞ്ഞ് പാരമ്പര്യസ്വത്ത് കൈവശമാക്കി പിതാവിന്റെ സ്‌നേഹത്തില്‍ നിന്ന് ഇറങ്ങിപ്പോയവന്‍ ദരിദ്രനും നഗ്നനനുമായി തിരികെ വരുമ്പോള്‍ പോലും പ്രായത്തിന്റെ കണ്ണുകള്‍ക്കും അപ്പുറം അവനെ തിരിച്ചറിയാന്‍ മാത്രം കണ്ണിന് കാഴ്ചയുണ്ടായിരുന്ന ഒരു പിതാവിനെ നാം കണ്ടുമുട്ടുന്നത്- ധൂര്‍ത്തപുത്രന്റെ ഉപമ- എത്രയോ ആശ്വാസകരമാണ്.

അപ്പോള്‍ അങ്ങനെയായിരിക്കെയാണ് കാര്യങ്ങളെങ്കില്‍ ദൈവത്തിന്റെ പ്രീതിപാത്രങ്ങളില്‍ നിന്ന് നാം ഒരിക്കലും അകന്നുപോകുന്നില്ല എന്ന് മനസ്സിലാക്കണം. മാത്രവുമല്ല ഓരോ പ്രീതിപാത്രങ്ങളിന്മേലും ദൈവം തന്റെ ആത്മാവിനെ നല്കുന്നുണ്ടെന്നും. അത് മറ്റൊന്നിനുമല്ല മറ്റുള്ളവര്‍ക്ക് നീതി പ്രദാനം ചെയ്യാനാണ്. ദൈവം തിരഞ്ഞെടുത്തിട്ടും അവകാശപ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും നീതി നടത്തി

കൊടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ദൈവത്തിന്റെ പ്രീതിപാത്രമാകുകയില്ലെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഈ പ്രഭാതത്തില്‍ നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യം ഇതായിരിക്കട്ടെ, ഞാന്‍ ദൈവത്തിന്റെ പ്രീതിപാത്രമാണെന്ന് എനിക്ക് ബോധ്യമുണ്ടോ. അല്ലെങ്കില്‍ ദൈവത്തിന്റെ പ്രീതിക്ക് അനുസരിച്ചാണോ ഞാന്‍ എന്റെ ജീവിതം നയിക്കുന്നത്? ദൈവത്തിന്റെ ആത്മാവ് എന്നിലുണ്ടെന്ന് എനിക്ക് ബോധ്യമുണ്ടോ?

ദൈവമേ നിന്റെ പ്രീതിപാത്രസ്ഥാനത്ത് നിന്ന് എന്നെ നിത്യമായി നീയൊരിക്കലും തള്ളിക്കളയരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്

സുപ്രഭാതം
വിഎന്‍.