അചഞ്ചലമായ സ്‌നേഹം

0


എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല, എന്റെ സമാധാന ഉടമ്പടിക്ക് ഭംഗം വരികയുമില്ല.( ഏശ 54:1)

ല്ലാ സ്‌നേഹങ്ങളും അസ്തമിച്ചുപോകും. എല്ലാ സ്‌നേഹങ്ങളും കടന്നുപോകും. അത് അമ്മയുടേതാവട്ടെ, അച്ഛന്റേതാവട്ടെ ഇണയുടേതാവട്ടെ, കൂട്ടുകാരുടേതാവട്ടെ എല്ലാ സ്‌നേഹങ്ങളും വ്യവസ്ഥകള്‍ കൊണ്ട് പൂരിപ്പിക്കുന്നവയാണ്. ചില അലിഖിതമായ നിയമങ്ങളും ചട്ടക്കൂടുകളും എല്ലാ സ്‌നേഹങ്ങള്‍ക്കുമുണ്ട്.

മറ്റേയാളെ പ്രീണിപ്പിക്കുകയോ രസിപ്പിക്കുകയോ സന്തോഷിപ്പിക്കുകയോ ചെയ്യുന്ന വിധത്തില്‍ സ്‌നേഹിക്കുമ്പോള്‍ മാത്രമാണ് പലരും സ്‌നേഹിക്കുന്നത്. എന്നാല്‍ ഇഷ്ടമില്ലാത്തത് പെരുമാറുകയോ പറയുകയോ ചെയ്യുമ്പോള്‍ ആ സ്‌നേഹത്തിന് മങ്ങല്‍ സംഭവിക്കുന്നു, ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു. അതുകൊണ്ട് മനുഷ്യന്റെ സ്‌നേഹത്തെ നമുക്ക് അന്ധമായി വിശ്വസിക്കാനാവില്ല.

എന്നിട്ടും നാം എല്ലാവരും പരക്കം പായുന്നത് മനുഷ്യരെ സ്‌നേഹിക്കാനാണ്, മനുഷ്യരാല്‍ സ്‌നേഹിക്കപ്പെടാനാണ്. അചഞ്ചലമായ ഒരു സ്‌നേഹത്തെ മറന്നുകൊണ്ടുള്ള നെട്ടോട്ടമാണ് ഇത്.

വ്യവസ്ഥകളില്ലാതെ നമ്മെ സ്‌നേഹിക്കുന്ന ഒരേയൊരാള്‍ ഉണ്ടെങ്കില്‍ അത് ദൈവം മാത്രമാണ്. ആ സ്‌നേഹത്തിന് മാത്രം ചാഞ്ചാട്ടമില്ല. ചാഞ്ചല്യമില്ല. അതാണ് തിരുവചനം പറയുന്നത്, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ലെന്ന്..

മനുഷ്യര്‍ എന്നെ വിട്ടുപൊയ്‌ക്കോട്ടെ, മനുഷ്യര്‍ എന്നെ വെറുത്തോട്ടെ. പ്രിയയും പ്രിയജനങ്ങളും എന്നില്‍ നിന്ന് അകന്നുപൊയ്‌ക്കോട്ടെ.എങ്കിലും ദൈവമെന്നെ സ്‌നേഹിക്കുന്നുണ്ടല്ലോ.. അവിടുത്തെ സ്‌നേഹം എന്നെ ചൂഴ്ന്നുനില്ക്കുന്നുണ്ടല്ലോ.. എന്നെ അറിയുന്നതും എന്നെ മനസ്സിലാക്കുന്നതും അവന്‍ മാത്രമാണ്. ആ അറിവ് എന്നെ ആശ്വസിപ്പിക്കുന്നു. ആ അറിവ് എന്നെ സന്തോഷിപ്പിക്കുന്നു.

ദൈവത്തിന്റെ സ്‌നേഹത്തിന് ഞാന്‍ അര്‍ഹനാണെന്ന ചിന്ത മാത്രം മതി ഇനിയുള്ള എന്റെ എല്ലാ ദിവസങ്ങളെയും പ്രഭാതങ്ങളെയും കൂടുതല്‍ തിളക്കമുള്ളതാക്കാന്‍..ആത്മവിശ്വാസത്തോടെ എനിക്ക് ജീവിക്കാന്‍..

ദൈവമേ നിന്റെ അചഞ്ചലമായ സ്‌നേഹത്താല്‍ ഞാന്‍ ഈ ദിവസവും ഈ നിമിഷവും ബന്ധിക്കപ്പെടട്ടെ.. മറ്റൊരു സ്‌നേഹനഷ്ടത്തെയുമോര്‍ത്ത് ഞാന്‍ വിലപിക്കാതിരിക്കട്ടെ. എനിക്ക് അനുവദിച്ചു തന്ന ഈ പ്രഭാതത്തില്‍ നിന്റെ സ്‌നേഹത്തിന്റെ സമൃദ്ധിയാല്‍ ഞാന്‍ നിറയപ്പെടട്ടെ

സ്‌നേഹത്തോടെ

വിഎന്‍