ദൈവ ചിന്ത

0


ദൈവചിന്തയില്ലാത്തവര്‍ എറിഞ്ഞു കളയേണ്ട മുള്ളുപോലെയാകുന്നു.(2 സാമു 23;6)

ദീര്‍ഘസമയം ധ്യാനിക്കുകയോ കൈവിരിച്ചുപിടിച്ചു മുട്ടിന്മേല്‍ നില്ക്കുകയോ അമ്പത്തുമൂന്നുമണി ജപം നിത്യവും ചൊല്ലുകയും ഒന്നും ചെയ്തില്ലെങ്കിലും- ആവാം, അത് ഓരോരുത്തരുടെയും പ്രാര്‍ത്ഥനാമനോഭാവത്തിന്റെയും ആത്മീയതയുടെയും ഒക്കെ അടിസ്ഥാനം- ദൈവത്തെക്കുറിച്ച് ദിവസത്തില്‍ ഒരു തവണയെങ്കിലും ചിന്തിക്കാതെ പോകരുത്.

ഈശ്വരചിന്തയതൊന്നേ മനുഷ്യന് ശാശ്വതമീയുലകില്‍ എന്നാണല്ലോ പഴയൊരു സിനിമാഗാനം തന്നെ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

പല തരത്തില്‍ ദൈവചിന്ത നമ്മെ രക്ഷിക്കാറുണ്ട്. ഒന്നാമതായി അത് ദൈവത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. കൈക്കൂലി, കള്ളക്കടത്ത്, പൂഴ്ത്തിവയ്പ്, വ്യഭിചാരം, കുറ്റംപറച്ചില്‍, ചതി, സ്വാര്‍ത്ഥത എണ്ണിപ്പറഞ്ഞാല്‍ തീരാത്തത്ര കാര്യങ്ങള്‍.. ദൈവചിന്ത കടന്നുവന്നിട്ടും അതിനെ മറികടന്നും നമ്മില്‍ പലരും ഇത്തരം തെറ്റുകളില്‍ വീണുപോയിട്ടില്ലേ..ഇനിയും വീണുപോകുകയും ചെയ്യില്ലേ.. തീര്‍ച്ചയായും. എന്നിട്ടും എഴുന്നേല്ക്കാനും ഇടറാതെ നടക്കാന്‍ ശ്രമിക്കാനും നമുക്ക് കഴിയുന്നത് ദൈവത്തെക്കുറിച്ചുള്ള ചിന്ത ഉള്ളില്‍ ഉണ്ടതുകൊണ്ടുതന്നെയാണ്. ഒരു കുമ്പസാരക്കൂട് കാണുമ്പോള്‍ അവിടെ മുട്ടുകുത്താന്‍ തോന്നുന്നത് ,യാത്രകളില്‍ കടന്നുപോകുമ്പോള്‍ തലയുയയര്‍ത്തിനില്ക്കുന്ന ഒരു ദേവാലയത്തിന് നേരെ നെഞ്ചില്‍ കൈ ചേര്‍ക്കാന്‍ കഴിയുന്നത് എല്ലാം ദൈവചിന്ത ഉള്ളതുകൊണ്ടാണ്. ദൈവചിന്തയില്ലാത്തവര്‍ ചെളിയില്‍ തന്നെ കഴിയുന്ന പന്നികള്‍ കണക്കെയാണ്.

മറ്റൊന്ന് നമ്മുടെ പ്രയാസങ്ങളും സങ്കടങ്ങളും ദൈവമെങ്കിലും കാണുന്നുണ്ട് എന്ന ആശ്വാസമാണ് ദൈവചിന്ത നല്കുന്നത് എന്നാണ്. എന്റെ കണ്ണീര്‍ക്കണങ്ങള്‍ അവിടുന്ന് കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട് എന്നതുപോലെയുള്ള തിരിച്ചറിവ് നമുക്ക് നല്കുന്ന ആശ്വാസം പറഞ്ഞറിയിക്കാനാവാത്തതു തന്നെ. നമുക്ക് വിശ്വസിക്കാനും ആശ്വസിക്കാനും ആശ്രയിക്കാനും കഴിയുന്ന ഒരു ചങ്ങാതിയെ പോലെ ദൈവം അവിടെ സ്വന്തമാകുന്നു.

ഇനിയൊന്ന് ദൈവത്തിന് നന്ദിപറയാന്‍ നമ്മെ ദൈവചിന്ത പ്രേരിപ്പിക്കുന്നു എന്നതാണ്. ദൈവത്തെക്കുറിച്ചുള്ള ചിന്ത ദൈവത്തോടുള്ള നന്ദി പറയാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. എത്രയെത്ര നന്മകള്‍ കൊണ്ടാണ് ഓരോ ദിവസവും ദൈവം ഓരോരുത്തരെയും അലങ്കരിച്ചിരിക്കുന്നത്.. കിട്ടിയവയൊന്നും എന്റെ വിശുദ്ധിയോ പ്രാര്‍ത്ഥനയുടെ മഹത്വമോ ആയിരുന്നല്ലെന്ന നല്ല തിരിച്ചറിവ് പലയിടത്തും ഞാന്‍ ഏറ്റുപറഞ്ഞിട്ടുണ്ട്.

അതുകൊണ്ടുതന്നെ ദൈവം നല്കിയവയെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ തന്നെ എന്റെ കണ്ണ് നിറയുന്നു. അതെ, ദൈവത്തെക്കുറിച്ചുള്ള സ്മരണ ഉള്ളിലുണ്ടായിരിക്കണം. അത് നിന്നെ കൂടുതല്‍ നല്ലവനാക്കും. നന്മയുള്ളവനും നന്ദിയുള്ളവനുമാക്കും.

ദൈവസ്മരണയെ ഹൃദയത്തില്‍ നിന്നൊരിക്കലും നമുക്ക് തുടച്ചുമാറ്റാതിരിക്കട്ടെയെന്ന ആശംസയോടെ

സസ്‌നേഹം
വിഎന്‍