ദൈവനിശ്വാസം പേറുന്ന മണ്ണ്

0

മനുഷ്യാ നീ മണ്ണാകുന്നൂ

മണ്ണിലേക്കു മടങ്ങും നൂനം

അനുതാപ കണ്ണുനീർ വീഴ്ത്തി

പാപ പരിഹാരം ചെയ്തുകൊൾക നീ”

കുഞ്ഞുനാൾമുതൽ വലിയ നോമ്പ്‌ ആരംഭമായ വിഭൂതി ദിനത്തിൽ കേട്ട്ശീലിച്ച ഗാനത്തിന്റെ തുടക്കമാണിത്‌. ഈ ഗാനത്തോടുചേർന്ന്‌ മണ്ണാണ്‌ മനുഷ്യരായ നാമോരുത്തരുമെന്നും, മണ്ണിലേക്ക്‌ ഒരുനാൾ മടങ്ങിപ്പോകേണ്ടവരാണെന്നും കൃത്യമായ ഓർമ്മപ്പെടുത്തലും ഈ ദിനത്തിലും തുടർന്നുള്ള നോമ്പിന്റെ ദിനങ്ങളിലും ഉണ്ടാകാറുണ്ട്‌.

ചിലപ്പോഴെങ്കിലും, നാമെല്ലാവരും മണ്ണാണെന്ന പ്രയോഗത്തിലൂടെ ശുഭകരമല്ലാത്ത ചിന്തകൾ പങ്കുവയ്ക്കപ്പെടാറുണ്ട്‌ എന്നത്‌ മനസിലാക്കിയിട്ടുണ്ട‍്‌ ഉൽപത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ മെനഞ്ഞതിനെക്കുറിച്ചുള്ള വിവരണത്തിൽ മണ്ണിൽനിന്ന്‌ രൂപപ്പെടുത്തി എന്നത്‌ എനിക്ക്‌ എന്നും പ്രിയമുള്ള ചിന്തയാണ്‌ ഉള്ളിലുണർത്തിയിട്ടുള്ളത്‌.

ആദം എന്ന ഹെബ്രായ നാമത്തിന്റെ (അദാമ) അർത്ഥം മണ്ണിൽ നിന്നുരൂപപ്പെടുത്തിയത്‌ എന്നാണല്ലോ. അപ്പോൾ ഈ മണ്ണ്‌ എത്രയോ ശുഭകരമായ ഒരു പ്രതീകം കൂടിയാണ്‌. ദൈവമായ കർത്താവ്‌ ഭൂമിയിലെ പൂഴികൊണ്ട്‌ മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു. (ഉൽപത്തി 2:7)

നിർജ്ജീവമായിരുന്ന മണ്ണിൽനിന്നും ഒരു രൂപം മെനെഞ്ഞ്‌ ജീവന്റെ ശ്വാസം ആ മൺരൂപത്തിലേക്ക്‌ ദൈവം നിശ്വസിക്കുകയും ചെയ്തപ്പോഴാണ്‌ അത്‌ മനുഷ്യനായത്‌. ദൈവത്തിന്റെ നിശ്വാസമണ്‌ ആ മൺരൂപത്തെ ജിവനുള്ളതാക്കി മാറ്റിയത്‌. മനുഷ്യാ നീ മണ്ണാകുന്നു എന്ന പ്രയോഗം ശരിയാണ്‌ എന്നാൽ അതിനൊപ്പം `ദൈവനിശ്വാസം പേറുന്ന മണ്ണ്‌` എന്ന വിശേഷണം കൂട്ടിച്ചേർത്ത്‌ മനസിലാക്കാനായാൽ വളരെ നല്ലതാണ്‌. ദൈവത്തിന്റെ നിശ്വാസം അവനുണ്ടാക്കിയ മൺരൂപത്തിൽ പ്രവേശിക്കുന്നതിനു മുൻപുവരെ ഉണ്ടായിരുന്ന അവസ്ഥയല്ല ഇപ്പോൾ എനിക്കുള്ളത്‌ എന്ന വെളിപാടുതന്നെയാണിതിന്റെ പിന്നിൽ.

ക്രിസ്തുവിന്റെ പീഡാസഹനവും, കുരിശുമരണവും ഉത്ഥാനവും അനുസ്മരിക്കുന്നതിനൊരുക്കമായി നെറ്റിയിൽ ചാരംപൂശുമ്പോൾ മാത്രം അറിയേണ്ടതും ധ്യാനിക്കേണ്ടതുമായ ഒന്നല്ല ഞാൻ മണ്ണാണെന്നുള്ള അറിവ്‌. അല്ലെങ്കിൽ ആണ്ടിലൊരിക്കൽ നമ്മുടെ മുൻപിലെത്തേണ്ട ധ്യാനവിഷയമല്ല ഈ മണ്ണാണെന്നുള്ള ചിന്ത. പകരം ഞാനനുദിനം ധ്യാനിക്കേണ്ടതും, അറിയേണ്ടതും, വിശ്വസിക്കേണ്ടതും, ഹൃദയത്തോട്‌ ചേർത്തുപിടിക്കേണ്ടതുമായ ഏറെ പ്രാധാന്യമുള്ള ഒരു ദൈവീക ചിന്തതന്നെയാണിത്‌ എന്ന്‌ മറക്കാതിരിക്കാം.

നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ്‌ നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാൽ, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്‌. ആ ആലയം നിങ്ങൾ തന്നെ. (1 കോറി.3:16-­17) നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന്‌ നിങ്ങൾക്ക്‌ അറിഞ്ഞുകൂടെ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്‌. ആകയാൽ, നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ. (1 കോറി.6:19-20) കോറിന്തോസിലെ സഭയോട്‌ പൗലോസ്ളീഹാ ആവർത്തിച്ച്‌ ഓർമ്മിപ്പിച്ച ഈ വചനങ്ങൾ എന്താണ്‌ എന്നോട്‌ ഈ കാലഘട്ടത്തിൽ പറഞ്ഞുതരുന്നത്‌? എങ്ങിനെയാണ്‌ നമ്മളോരോരുത്തരും ദൈവത്തിന്റേയും പരിശുദ്ധാത്മാവിന്റേയുമൊക്കെ ആലയങ്ങളാകുന്നത്‌?

വെറും മണ്ണായിരുന്ന എനിക്കൊരു മനുഷ്യരൂപം തന്ന്‌ എന്നിലേക്ക്‌ അവന്റെ നിശ്വാസമൂതി എന്നെ ജീവനുള്ളൊരാളാക്കി എന്ന യാഥാർത്ഥ്യം തന്നെയാണ്‌ ഏറ്റവും ലളിതമായ ഉത്തരം. ദൈവത്തിന്റെ നിശ്വാസം പേറുന്ന ഞാൻ ദൈവാലയമല്ലാതെ മറ്റെന്താണ്‌… മിക്കവാറും ഇത്തരമൊരു ബോധ്യം ഉള്ളിൽ സൂക്ഷിച്ചുകൊണ്ടാകാം പൗലോസ്ളീഹാ പ്രസ്തുത കാര്യങ്ങളൊക്കെ കോറിന്തോസുകാരോട്‌ പറഞ്ഞിട്ടുണ്ടാവുക. അതിനാൽ പൗലോസ്ളീഹാ ഓർമ്മിപ്പിക്കുന്നതുപോലെ ദൈവത്തിന്റെ നിശ്വാസം പേറുന്ന നമ്മുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടവരാണ്‌ നമ്മൾ.

ചിലപ്പോൾ ഇത്തരത്തിൽ ഒരു ഉൾക്കാഴ്ച ഇല്ലാത്തതിന്റെ പരിണതഫലമായിട്ടാകാം മണ്ണിനെ വെറുക്കുന്നവരുടെ എണ്ണം പെരുകുന്നത്‌ എന്നെനിക്ക്‌ തോന്നാറുണ്ട്‌. അങ്ങനെ, മണ്ണെന്നത്‌ നല്ലതല്ലാത്തതാണെന്ന ഒരു ചിന്താഗതി അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തോട്‌ ചേർത്ത്‌ പലരുമിന്ന്‌ വായിക്കുന്നുണ്ട്‌. അക്കൂട്ടരിൽ, മണ്ണിൽനിന്ന്‌ ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്ന തിരുവചനം വിശ്വസിക്കുന്ന അനേകരും ഉണ്ടെന്നത്‌ വേദനപകരുന്ന ഒരു അറിവാണ്‌.

ദൈവം മണ്ണിൽ തൊട്ടപ്പോൾ മനുഷ്യരൂപവും, അവൻ ആ രൂപത്തിൽ നിശ്വസിച്ചപ്പോൽ അത്‌ മനുഷ്യനുമായി എങ്കിൽ, ഇന്നും ദൈവം തൊടുന്നതുപോലെ, സ്നേഹത്തോടെയും ആത്മാർത്ഥതയോടെയും മണ്ണിനെ പരിചരിക്കുന്നവർക്ക്‌, ഇത്തരം അത്ഭുതങ്ങൾക്ക്‌ സാക്ഷ്യം വഹിക്കാൻ കഴിയും എന്ന്‌ ഞാൻ വിശ്വസിക്കുന്നു. മണ്ണിനെ ആത്മാർത്ഥതയോടെ സ്നേഹിച്ച്‌ പരിപാലിക്കുമ്പോൾ ആ മണ്ണ്‌ പൊന്ന്‌ വിളയിക്കുന്ന മണ്ണായി മാറി എന്നുപറയുന്ന എത്രയോ അനുഭവങ്ങൾ പലയിടങ്ങളിൽ നിന്നായി നാം കേട്ടിരിക്കുന്നു, ചിലതിനെല്ലാം നാം സാക്ഷികളായിരിക്കുന്നു.

മണ്ണിലെ ജോലി നിലവാരമില്ലാത്തതായി നാം പറയുകയും അത്തരം ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ എപ്പോഴും അവഗണിക്കപ്പെടുകയും ചെയ്യുന്നതാണ്‌ നമ്മുടെ നാട്ടിലെ രീതി. കൃഷിപ്പണിയാണ്‌ സ്വന്തം ജോലിയെന്നും തന്റെ മാതാപിതാക്കളും ചെയ്യുന്ന ജോലി ഇതുതന്നെയാണെന്നും പറയാൻ പലർക്കും നാണക്കേടാണിന്ന്‌. ഒരു ചെറുപ്പക്കാരൻ തന്റെ ജോലിയെക്കുറിച്ച്‌ പറഞ്ഞത്‌ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റാണെന്നാണ്‌ ശുദ്ധമലയാളത്തിൽ പറഞ്ഞാൽ അപ്പനെ കൃഷിപ്പണിയിൽ സഹായിക്കുന്നതാണ്‌ തൊഴിൽ. അവൻ അപ്രകാരം പറയാനുള്ള കാരണം മലയാളത്തിലാകുമ്പോൾ കേൾവിക്കാർക്ക്‌ പുച്ഛവും ഇംഗ്ളീഷിൽ പറയുമ്പോൾ ബഹുമാനവുമാണത്രേ. മണ്ണിലെടുക്കുന്ന തൊഴിലിനു എന്തോ ഒരു മാന്യതക്കുറവ് നാം കൽപിച്ച് നൽകിയിട്ടുണ്ട്.

“മണ്ണിൽ നിന്റെ ശ്വാസമോതി ജീവനേകീ നീ, എന്റെ ഓരോ ശ്വാസവും ഇനി നിന്റെതാണല്ലോ” പീറ്റർ കെ ജോസഫ്‌ എഴുതിയ മനോഹരമായ ഒരു പാട്ടിലെ വരികളാണിത്‌. ഈ ഗാനം പറഞ്ഞുതരുന്നതുപോലെ ദൈവം തൊട്ട മണ്ണാണ്‌ ഞാനെന്നും എന്നിലുള്ളത്‌ ദൈവത്തിന്റെ നിശ്വാസമാണെന്നും നാമോരുത്തരേയും ഒരിക്കൽകൂടി ഓർമ്മപ്പെടുത്തുന്ന ദിനങ്ങളാണ്‌ നമ്മുടെ മുൻപിൽ വന്നുചേർന്നിരിക്കുന്നത്‌. ഈ നല്ലചിന്തയോടൊപ്പം മണ്ണൊരിക്കലും മോശമല്ലെന്നും മണ്ണിൽ തീർക്കപ്പെട്ടവരായ നമ്മൾ വീണ്ടും മണ്ണായി മാറുന്നതിനായി മണ്ണിന്റെ മാറിലേക്ക്‌ ഒരുനാൾ തിരികെ പോകേണ്ടവരാണെന്നുമൊക്കെ ഓർക്കാൻ കഴിയുന്നത്‌ നല്ല കാര്യമാണ്‌. അത്തരം ഒരു നന്മയിലേക്ക്‌ നമ്മുടെ ഹൃദയങ്ങൾ തുറക്കപ്പെടട്ടെ.

ഞാനാകും മണ്ണിൽ നീപകർന്ന നിശ്വാസമാണ്‌ ഇന്നോളം എന്നെ നടത്തുകയും ഇത്രത്തോളം എന്നെ വളർത്തുകയും ചെയ്തത്‌. നന്ദി നല്ല തമ്പുരാനെ നന്ദി… ഞാനിതെന്റെ ഓർമ്മയിൽ എന്നും കാത്തുസൂക്ഷിക്കാൻ കൃപതരണെ.

ഫാ. പോള്‍ കൊട്ടാരം കപ്പൂച്ചിന്‍