രാവിലെ സ്കൂളിലേക്കു പോകാനുള്ള ഒരുക്കത്തിലാണ് നിങ്ങള്‍. ബാഗ് തയ്യാറാക്കിവച്ചു. യൂണിഫോം ധരിച്ചു. നിങ്ങളിനി നീങ്ങുന്നത് കണ്ണാടിയുടെ മുന്നിലേക്കായിരിക്കും. അല്ലേ? കണ്ണാടിയില്‍ മുഖം കാട്ടിനില്ക്കും. ചാഞ്ഞും ചരിഞ്ഞും നില്ക്കും. മുഖവും തലയും ശരിപ്പെടുത്തും.
നിങ്ങളുടെ മുഖം അതേപടിയാണ് കണ്ണാടിയില്‍ കാണുന്നത്. മുഖത്തിനു ചേലു പോരെങ്കില്‍ കണ്ണാടിയോട് ശണ്ഠ വേണ്ട.
”ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട” എന്നത് പതിരില്ലാത്ത പഴഞ്ചൊല്ലാണ്. നിങ്ങളുടെ മുഖത്തിന്റെ കുറ്റവും കുറവും നിറവും നിഴലും കണ്ണാടി കാട്ടിത്തരും. മനസ്സുണ്ടെങ്കില്‍ അവ പരിഹരിക്കാം. നല്ല ചങ്ങാതിയും അതുതന്നെ ചെയ്യും. ദേഹം മാത്രമല്ല ദേഹിയും പ്രതിഫലിപ്പിക്കും. മുഖം നന്നാക്കാന്‍ മാത്രമല്ല, മനസ്സു നന്നാക്കാനും ചങ്ങാതി സഹായിക്കും.
ഇനിയൊന്നു ചോദിച്ചോട്ടെ: ‘നിങ്ങള്‍ക്കു നല്ല ചങ്ങാതിമാരുണ്ടോ?”
ഒരു ചോദ്യം കൂടി: ”നിങ്ങള്‍ ഒരു നല്ല ചങ്ങാതിയാണോ?”
ഷാജി മാലിപ്പാറ