സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്ത

0

ഇന്ന്‌ ക്രിസ്തുമസ്‌ ദിനമാണ്‌. ലോകമാകെ തന്റെ രക്ഷകൻ പിറന്നതിൽ ഒരിക്കൽക്കൂടി ആനന്ദിക്കുന്ന പുണ്യദിനം. ലൂക്കായുടെ സുവിശേഷത്തിൽ നാം വായിക്കുന്നതുപോലെ  “സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാർത്ത അറിയിക്കപ്പെട്ട ദിനമാണ്‌ ക്രിസ്തുമസ്‌.  ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്ന്‌ ജനിച്ചിരിക്കുന്നു.” (ലൂക്ക 2:10,11). ഈ വചനം വായിക്കുമ്പോഴൊക്കെ എന്റെ ഉള്ളിലേക്കും ആ സന്തോഷം കടന്നുവരുന്നുണ്ട്‌, കാരണം ആ ‘സകലരിലും’ എന്ന പ്രയോഗത്തിൽ ഞാൻ കൂടിയുണ്ടല്ലോ, എനിക്കുംകൂടി വേണ്ടിയാണല്ലോ ക്രിസ്തു പിറന്നിരിക്കുന്നത്‌. ദൈവത്തിന്റെ ദൂതൻ ആദ്യമായി ഈ വലിയ സന്തോഷത്തിന്റെ സദ്‌വാർത്ത പങ്കുവച്ചത്‌ ആ പ്രദേശത്തെ വയലുകളിൽ ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്മാരോടാണ്‌. അന്നത്തെ സമൂഹത്തിൽ ഏറ്റവും താഴെക്കിടയിൽ കഴിഞ്ഞിരുന്ന, ആരാലും പരിഗണിക്കപ്പെടാതിരുന്ന  സമൂഹത്തിന്റെ പ്രതിനിധികളായിരുന്നു ഈ ആട്ടിടയന്മാന്മാർ എന്നത്‌ ഏറെ ശ്രദ്ധേയമാണ്‌. ദൂതൻ അറിയിച്ച നല്ല വാർത്ത അവർ വിശ്വസിച്ചു, തങ്ങളോട്‌ പറയപ്പെട്ടതുപോലെ അവർ രക്ഷകനെ കാണുകയും, കേൾക്കുകയും ചെയ്തു എന്നും വചനം കൂട്ടിച്ചേർക്കുന്നുണ്ട്‌.

രണ്ടായിരം വർഷങ്ങൾ കഴിയുമ്പോഴും, കടന്നുവരുന്ന ഓരോ ക്രിസ്തുമസും ഓർമ്മിപ്പിക്കുന്നത്‌ സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാർത്തയായ ക്രിസ്തുവിന്റെ പിറവിയെക്കുറിച്ചല്ലാതെ മറ്റൊന്നുമല്ല. ഈ സദ്‌വാർത്തയെ ഞാൻ എപ്രകാരമാണ്‌ മനസിലാക്കിയിരിക്കുന്നത്‌, അതുപോലെ എപ്രകാരമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌ എന്നതെല്ലാം എന്റെ ആത്മീയ വളർച്ചയെ വിളിച്ചോതുകയും ചെയ്യുമെന്നത് തീർച്ചയാണ്‌. ക്രിസ്തുമസിന്റെ പൊതുസ്വഭാവം ഇതാണെങ്കിലും ഇന്നോളമുള്ള എന്റേയും നിന്റേയും ക്രിസ്തുമസ്‌ ദിനങ്ങളിൽ ആഘോഷിക്കപ്പെട്ടതും ഇന്നേദിനം ആഘോഷിക്കുന്നതും സകലർക്കും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാർത്തതന്നെയായ ക്രിസ്തുവിന്റെ പിറവിതന്നെയാണോ, അതോ എല്ലാവരേയും ഉൾക്കൊള്ളുന്ന ക്രിസ്തുവിന്റെ വിശാലമായ മനോഭാവത്തിൽനിന്നകന്ന്‌ തന്നിലേക്ക്തന്നെ ഒതുങ്ങികൂടുന്നതിന്റെ ആഘോഷങ്ങളായിരുന്നോ എന്ന്‌ സ്വയം ചോദിച്ചുനോക്കുന്നത്‌ നല്ലതാണ്‌. സ്നേഹത്തിന്റേയും, സാഹോദര്യത്തിന്റേയും, സമഭാവനയുടേതുമായ ക്രിസ്തുമസ്‌ ആയിരുന്നിരിക്കില്ല മിക്കപ്പോഴും നമ്മിൽ പലരും ആഘോഷിച്ചിരുന്നത്‌ എന്നതായിരിക്കാം ലഭ്യമാകാൻ സാധ്യതയുള്ള ഉത്തരം.

ഞാനും എന്റെ ആശയങ്ങളും, എന്റെ ഇഷ്ടങ്ങളും എനിക്ക്‌ പ്രിയപ്പെട്ടവരും മാത്രം ശരികളായും സത്യങ്ങളായും വാഴ്ത്തപ്പെടുകയും, അതിനെതിരെയുള്ളവയെല്ലാം തെറ്റുകളായും ഒഴിവാക്കപ്പെടേണ്ടവയായും തീർപ്പുകൽപ്പിക്കപ്പെടുകയും ചെയ്യുന്ന വിധത്തിലുള്ള കാഴ്ചകളാണ്‌ ഇക്കാലഘട്ടത്തിൽ എല്ലയിടത്തുനിന്നും ദൃശ്യമാകുന്നത്‌. ഇത്തരം കാഴ്ചകളിലൊന്നും സകലർക്കുമുള്ള സദ്‌വാർത്തയായ ക്രിസ്തുവിന്റെ പിറവിയ്ക്ക് പ്രസക്തിയില്ലാ എന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല. അന്ന്‌ ലോകത്തിന്‌ ലഭ്യമായ വലിയ സന്തോഷത്തിന്റെ സദ്‌വാർത്തയെ ഇന്ന്‌ മറ്റെന്തൊക്കയോ ആയി വ്യാഖ്യാനിക്കുകയും ചുരുക്കുകയും ചെയ്തിരിക്കുന്നത്‌ മിഴിതുറന്ന്‌ നമ്മിലേക്കും നമ്മുടെ ചുറ്റുപാടുകളിലേക്കുമൊന്ന്‌ നോക്കിയാൽ വ്യക്തമായി കാണാനാകും. സകലർക്കുമുള്ള സദ്‌വാർത്തയായ ക്രിസ്തുവിന്റെ പിറവിയുടെ ആത്മീയവിശാലത വളരെ വലുതാണെന്ന്‌ എല്ലാവർക്കുമറിയാവുന്ന കാര്യമാണ്‌. അനേകനൂറ്റാണ്ടുകൾ ലോകം പ്രാർത്ഥനയോടെ കാത്തിരുന്നവൻ സമയത്തിന്റെ തികവിൽ ആഗതനായപ്പോൾ ഈലോകത്തിന്റെ ദിശതന്നെ മാറിപ്പോയി എന്നത്‌ വിസ്മരിക്കാനാവാത്തതും അവഗണിക്കാനാകാത്തതുമായ സത്യമാണ്‌. എന്നാൽ അവന്റെ പേരിൽ, ആത്മീയഔന്നത്യം പ്രാപിച്ചവരെന്ന്‌ സ്വയം അവകാശപ്പെടുകയും ആത്മീയതയുടെ മൊത്തക്കച്ചവടക്കാരെപ്പോലെ പെരുമാറുകയും ചെയ്യുന്നവർ സമൂഹത്തിലെ പലതരത്തിലുള്ള വിഭജനത്തിനും കാരണക്കാരായിമാറി എന്നത്‌ സന്തോഷത്തിന്‌ പകരം സങ്കടം നൽകുന്ന കാര്യമാണ്‌.

വർഷങ്ങൾക്ക്‌ മുൻപ്‌, “ഇത്ര ചെറുതാകാൻ എത്ര വളരേണം…” എന്ന്‌ പാടിനടന്നവരാണ്‌ നമ്മൾ. അന്നങ്ങിനെ പാടിയതിനാലാണോ എന്നറിയില്ല എല്ലാവരുംതന്നെ ഇന്ന്‌ വളരെ ചെറുതായി കഴിഞ്ഞിരിക്കുന്നു. എന്നാൽ ഈ ചെറുതാകൽ ക്രിസ്തു ചെറുതായതുപോലെയല്ല എന്നതാണിതിലെ പൊരുത്തക്കേട്‌. അവന്റെ ചെറുതാകൽ സകലരേയും സന്തോഷിപ്പിക്കാനുള്ളതും വലുതാക്കാനുള്ളതുമായ ദൈവീക പദ്ധതിയുടെ ഭാഗമായിരുന്നു. എന്നാൽ, ഞാൻ എന്റെ ലോകത്ത്‌, എന്റെ ശരികളും സത്യങ്ങളുമായി അഭിരമിക്കുമ്പോൾ, മറ്റുള്ളവരിലെ ശരികളും സത്യങ്ങളും കാണാനാകാതെ അവരെ ബോധപൂർവം മാറ്റിനിർത്തുകയും, അവഗണിക്കുകയും, ഒഴിവാക്കുകയും ചെയ്യുമ്പോൾ, സകലർക്കും സന്തോഷം പകരാനായി പിറന്നവൻ എന്റെ ജീവിത പരിസരത്തുനിന്നും എത്രയോ അകലെയായി മാറിയിരിക്കുന്നു എന്നത്‌ നാം അറിയാതെപോകുകയാണ്‌. എന്നാൽ മറ്റുചിലർ ഇക്കാര്യങ്ങളെല്ലാം കൃത്യമായും വ്യക്തമായും അറിഞ്ഞിട്ടും അറിയാത്തഭാവം നടിക്കുകയുമാണ്‌. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, അംഗീകരിക്കാനാകുമെങ്കിലും ഇല്ലെങ്കിലും ഇതാണ്‌ ഇന്നിന്റെ യാഥാർത്ഥ്യമായി നമ്മുടെ മുൻപിൽ നിലകൊള്ളുന്നത്‌. ഇത്തരത്തിൽ ആസുരമായ നമ്മുടെ ഈ കാലത്തിലേക്കും സമൂഹത്തിലേക്കുമാണ്‌ സകലർക്കുമുള്ള സന്തോഷത്തിന്റെ കാരണമായി മണ്ണിലേക്ക്‌ വന്നവന്റെ ജന്മദിനം ഇന്ന്‌ നാം ആർഭാടപൂർവം ആഘോഷിക്കുന്നത്‌ എന്നത്‌ എന്നെ അതിശയിപ്പിക്കുന്നു.

സകലർക്കുമുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയായ ക്രിസ്തുവിന്റെ പിറവി ദൂതൻ ആ രാവിൽ ആട്ടിടയരോട്‌ പങ്കുവയ്ക്കുമ്പോൾ അവർ എത്രമാത്രം സന്തോഷിച്ചിട്ടുണ്ടാകും. അന്നോളം അവർ നേരിട്ടിട്ടുള്ള അവഗണനയ്ക്കും, പരിഹാസത്തിനും, ഒഴിവാക്കപ്പെടലുകൾക്കും അപ്പുറം അവരുടെ ആ ചെറുജീവിതം വിണ്ണോളം ഉയർത്തപ്പെട്ട രാവായിരുന്നത്‌. അതിനാലാരാവിന്റെ തണുപ്പും, തങ്ങളുടെ ആടുകളേയും എല്ലാം മറന്ന്‌ ദൂതൻ പറഞ്ഞറിഞ്ഞ, സകലർക്കും സന്തോഷം പകരുന്നതിനായി പിറന്ന രക്ഷകനെ കാണാൻ, ആ ‘സകലരിൽ’, നിസ്സാരരായ തങ്ങളും ചേർക്കപ്പെട്ടിട്ടുണ്ട്‌ എന്ന ആഹ്ളാദത്തോടെയാണവർ പോയത്‌. രക്ഷകനെ കണ്ടുകഴിഞ്ഞപ്പോൾ, അവർക്ക്‌ കൈവന്ന സന്തോഷവും, അഭിമാനവും എത്രയോ മഹത്തരമായിരുന്നു എന്ന്‌ മനസിലാക്കാൻ ആ വചനഭാഗം വായിച്ചിട്ടുള്ള ഏതൊരാൾക്കും സാധിക്കും.

ബൈബിളിലെ ആദ്യ പുസ്തകമായ ഉൽപത്തിയിലെ, “താൻ സൃഷ്ടിച്ചവയെല്ലാം വളരെ നല്ലതായിരിക്കുന്നുവെന്ന്‌ ദൈവംകണ്ടു” (ഉല്പ്ത്തി 1:31) എന്ന വചനത്തിലൂടെ ദൈവത്തിന്റെ ദൃഷ്ടിയിൽ ഒന്നും മോശമല്ല, ഒന്നും അവഗണിക്കപ്പെടേണ്ടതല്ല എന്ന നല്ല വാർത്ത അവതരിപ്പിക്കുന്നുണ്ട്‌. അതിനാൽ, ആരേയും, ജാതിയുടേയോ, മതത്തിന്റേയോ, നിറത്തിന്റേയോ, ഇഷ്ടക്കേടുകളുടേയോ പേരിൽ മാറ്റിനിർത്താത്ത, സകലരേയും ഉൾക്കൊള്ളുന്നവനും സകലർക്കും സന്തോഷം പകരുന്നവനുമായി പിറന്ന ദൈവപുത്രനെ ആട്ടിടയർ സ്വീകരിച്ചതുപോലെ ഹൃദയലാളിത്യത്തോടെ സ്വീകരിക്കാൻ ഞാൻ സ്വയം ഒരുങ്ങുമ്പോൾ ദൂതൻ എന്നെയും ക്ഷണിക്കും അവന്റെ പിറവി ഞാനും ദർശിക്കും. അന്നാണ്‌ അല്ലെങ്കിൽ അപ്പോൾ മാത്രമാണ്‌ യഥാർത്ഥത്തിൽ എനിക്ക്‌ ക്രിസ്തുമസ്‌

പോൾ കൊട്ടാരം കപ്പൂച്ചിൻ