കര്‍ത്താവേ എന്നെയും ഓര്‍ക്കേണമേ

0


‘ഇന്നലെ നിന്നെ വിളിച്ചാലോ എന്നോർത്തതാണ്’ – കുറച്ചുനാളുകളായി ജോലി നഷ്ടപ്പെട്ടതുകൊണ്ട് സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന ഒരു സഹോദരി ഇന്ന് സംസാരിച്ചപ്പോൾ പറഞ്ഞതാണ് ഈ വാക്കുകൾ. എനിക്ക് പ്രചോദനവും സന്തോഷമേകുന്ന വാക്കുകളായിരുന്നു അവ. ഒരാളുടെ കഷ്ടപ്പാടിന്റേയും ബുദ്ധിമുട്ടിന്റേയും നേരത്ത് അവരുടെ മനസ്സിൽ നമ്മുടെ മുഖം ഓർത്തു കിട്ടുക എന്നു പറഞ്ഞാൽ അതൊരു പുണ്യമാണ്. അവരുടെ ഹൃദയത്തിൽ എത്രയോ ഹൃദ്യമായ സ്ഥാനമാണ് അവർ നമുക്കായി ഒരുക്കിയിരിക്കുന്നത്!

ആരുടെ മനസ്സിലും നീയൊരു ഓർമ്മയായി മാറിയിട്ടില്ല എങ്കിൽ ഇതുവരെയുള്ള നിന്റെ ജീവിതം നിനക്ക് നേടിത്തന്നത് എന്ത്?
 ആരുടെയെങ്കിലുമൊക്കെ ഓർമ്മയിലെങ്കിലും ജീവിക്കാൻ സാധിക്കുന്നു എന്നതിൽ പരം ഈ വാഴ്‌വിൽ എന്തുണ്ട് നേടാൻ ?

നമ്മുടെ ആവശ്യങ്ങളിൽ ഓർക്കാനും സഹായം അഭ്യർത്ഥിക്കാനും ഒരുപക്ഷേ ദൈവം ആരെയെങ്കിലുമൊക്കെ നൽകിയിട്ടുണ്ടാകും. പക്ഷേ, എത്രപേർ നിന്നെ അവന്റെ നിസ്സഹായതയിൽ നീയൊരു സമരിയാക്കാരൻ ആകുമെന്ന് കരുതി നിന്നെ സമീപിച്ചു? ഇന്നുവരെ സഹായത്തിനായി ആരും നിന്റെ ഹൃദയത്തിന്റേയോ, ഭവനത്തിന്റേയോ വാതിൽ മുട്ടിയില്ലായെങ്കിൽ ഹാ കഷ്ടം!

സുവിശേഷത്തിലെ പ്രാർത്ഥനകളിൽ എനിക്കേറ്റവുമിഷ്ടം നല്ല കള്ളന്റെ പ്രാർത്ഥനയാണ് – “കർത്താവെ എന്നെ ഓർക്കണമേ”. അവിടെ വാചകക്കസർത്തോ വാഗ്വിലാസമോ ഇല്ല. നെഞ്ചത്തടിയോ വെല്ലുവിളിയോ ഇല്ല. ആമുഖമോ  ഉപസംഹാരമോ ഇല്ല. ഇന്നലെയും ഇന്നും നാളെയും അറിയുന്നവന്റെ മുന്നിലെ പൂർണ്ണമായ ശരണപ്പെടൽ. എനിക്കൊന്നും വ്യാമോഹിക്കാൻ ഇല്ലയെന്ന തിരിച്ചറിവ്. അതിന്റെ ഏറ്റുപറച്ചിൽ. നീയില്ലാതെ ഇനി പ്രതീക്ഷകൾ ഇല്ലെന്ന സാക്ഷ്യപ്പെടുത്തൽ. അതെല്ലാം ഈ മൂന്ന് വാക്കുകളിലുണ്ട് – ‘കർത്താവേ നീ എന്നെ ഓർക്കണമേ’

കിടക്കാന്‍ പോകുന്പോള്‍ ഒരു നിമിഷം കണ്ണടച്ച്, കൈകള്‍ കൂപ്പി നമുക്കും അതു പറയാം കര്‍ത്താവേ നീ എന്നെ ഓര്‍‍ക്കണമേ

ശുഭരാത്രി

Fr. Sijo Kannampuzha OM