നല്ല കള്ളൻ

0

ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും നാം ഓരോരുത്തരും തിരയുന്ന ഒരു സത്യമാണ് പഴുതുകൾ. കാരണം എൻ്റെ കുറവുകൾ, അതെൻ്റെയല്ല എന്ന് വരുത്തി തീർക്കാനുള്ള പരിശ്രമമാണിത്. പഴുതുകൾ ഒന്നും തേടാതെ എല്ലാം ഏറ്റെടുത്തവൻ്റെ ബലിയിലേക്കു  ഇനി ദൂരം ഒട്ടും ഇല്ല. ദൂരമില്ല എന്ന് കുറിച്ചത് ദിവസങ്ങൾ കൊണ്ട് മാത്രം.

ഇതു കുറിക്കുമ്പോൾ എൻ്റെ മനസ് അല്പം വേദനയിലാണ്. കാരണം മറ്റൊന്നും അല്ല, എനിക്ക് ഇനിയും കുറെ ദൂരമുണ്ട് ആ ബലിയിലേക്കു എന്നത് തന്നെ. ഞാൻ ഇപ്പോഴുo ഓരോരോ പഴുതുകൾ കണ്ടു പിടിച്ചു നടക്കുകയാണ്.

ഒരു കാര്യത്തിൽ എനിക്ക് ആശ്വസിക്കാം. എനിക്ക് എല്ലാറ്റിനും എൻ്റെതായ ന്യായീകരണങ്ങൾ ഉണ്ട് (ഒന്നിനും കഴമ്പില്ലെങ്കിലും). പഴുതുകൾ ഒന്നും പഴുതുകൾ അല്ലെന്നുള്ള തിരിച്ചറിവിന് ഇനിയും ഞാൻ എത്ര പഠിക്കണം  എന്ന് എനിക്കറിയില്ല. ഒന്നെനിക്കുറപ്പാണ്, ഇതു വരെ ഞാൻ യാത്ര തുടങ്ങിയിട്ടില്ല എന്നുള്ളത്. 

വളച്ചുകെട്ടില്ലാതെ കാര്യം പറയാം. സത്യത്തിൽ ഉയർപ്പിനു ഞാൻ ഒരുങ്ങിയിട്ടില്ല. കാരണങ്ങൾ ഏറെയുണ്ട് എനിക്ക് നിരത്താനായിട്ടു എങ്കിലും ഒന്നിനും പൂർണത കിട്ടുന്നില്ല. സ്നേഹിതാ, ഒരുങ്ങിയിട്ടില്ലെങ്കിൽ പേടിക്കേണ്ട എന്ന് പറഞ്ഞ ഒരു പുരോഹിതനെ മനസിൽ ഓർക്കുന്നു.

അദ്ദേഹം കൂട്ടിച്ചേർത്തു, “നല്ല കള്ളൻ്റെ ഒരു റോൾ കൂടി ബാക്കിയുണ്ട്. അവസാന മണിക്കൂറിലും ക്രിസ്തുവിനോട് കൂടെ ചേരാം” എന്ന അദേഹത്തിൻ്റെ വാക്കുകൾ മനസിന്‌  ആശ്വാസം തന്നു. അനുഭവങ്ങൾക്ക് പകരം ആശ്വാസങ്ങൾ മാത്രം ആയി ഉയിർപ്പു മാറാൻ തുടങ്ങയിട്ടു  വർഷങ്ങൾ ഏറെ ആയി.

ഇനി എന്നാണ് ആശ്വാസത്തിൽ നിന്ന് അനുഭവത്തിലേക്ക് ഉയിർപ്പു മാറുക എന്ന ചോദ്യത്തിന് ഞാൻ തന്നെ ഉത്തരം കണ്ടെത്തണം. നല്ല കള്ളൻ്റെ റോൾ ബാക്കിയുണ്ടെന്നു പറഞ്ഞു ആശ്വസിപ്പിച്ച ആ യുവ പുരോഹിതൻ ഏതാനും ദിവസങ്ങൾക്കു മുൻപ് നിത്യപിതാവിൻ്റെ വീടണഞ്ഞു. മനസിൽ നിന്നും മാറുന്നില്ല അദേഹത്തിൻ്റെ ചിരി.

അച്ഛൻ താമസിച്ച മുറിക്കടുത്തുകൂടെ നടന്നു പോകുമ്പോൾ കാതിൽ അലയടിക്കുന്ന ഒരു സ്വരം ഉണ്ട്. “ഒരു നല്ല കള്ളൻ്റെ റോൾ ഇനിയും ബാക്കിയുണ്ട്”. പക്ഷെ ഞാൻ ഇപ്പോഴും എൻ്റെ പിഴവുകൾ മറക്കാൻ പഴുതുകൾ തേടിയുള്ള യാത്രയിലാണ്. നല്ല കള്ളൻ്റെ റോളിലേക്കെത്താനും ദൂരം കുറെ ഉണ്ട് എങ്കിൽ, വന്ന വഴികൾ എല്ലാം ഒന്ന് കൂടി പരിശോധിക്കണം. കൂടുതൽ വാക്കുകൾക്കു പ്രസക്തി ഇല്ല.

ഒന്ന് മാത്രം കൂട്ടിചേർക്കട്ടെ, എന്തിനും ഏതിനും പഴുതുകൾ തേടിയുള്ള യാത്രക്ക് ഒരറുതി വരുത്തണം (ഇതു  ഞാൻ എന്നോട് തന്നെ പറയുന്നതാണ്). തേടേണ്ടത് കുരിശിലെ പഴുതുകൾ ആണെന്ന അറിവ് എനിക്കില്ല എന്നു പറഞ്ഞാൽ അത് പച്ചക്കള്ളം. കുരിശിലെ പഴുതിലേക്കു  കണ്ണുകൾ ചെന്നുപതിക്കട്ടെ. ആശ്വാസത്തിൽ നിന്ന് അനുഭവത്തിലേക്ക് ഉയിർപ്പു മാറട്ടെ.

നല്ല കള്ളനെ പോലെ ഈ അവസാന മണിക്കൂറിലെങ്കിലും, “ഇന്ന്  നീ എന്നോട് കൂടെ പറുദീസായിലായിരിക്കും” എന്ന ക്രിസ്തു വചനങ്ങൾ എൻ്റെ കര്ണപുടങ്ങളിൽ പതിക്കട്ടെ. പറുദീസായിലേക്കുള്ള ഈ പറിച്ചു നടലാണ് ഉയിർപ്പ്. ഒരു പറിച്ചു നടീലിനു ഞാൻ തയ്യാറായില്ലെങ്കിൽ “ഞാൻ നിങ്ങളെ അറിയില്ല” എന്ന വചനങ്ങൾക്കു കാതോർക്കേണ്ടി വരും. മറക്കരുത്, ഒരു നല്ല കള്ളൻ്റെ റോൾ കൂടി ബാക്കിയുണ്ട്. മുന്‍കൂട്ടി ഉയിർപ്പു തിരുന്നാളിൻ്റെ മംഗളങ്ങൾ.                                                                                                                                            

ഫ്രിജോ തറയിൽ