നല്ലവാക്കോതുവാന്‍

0


നല്ല വാക്ക് അവനെ ഉത്തേജിപ്പിക്കുന്നു( സുഭാ 12:25)

കൊടുക്കാന്‍ വിഷമമുള്ളതും കിട്ടാന്‍ ആഗ്രഹിക്കുന്നതുമായ ഒന്നാണെന്ന് തോന്നുന്നു നല്ല വാക്ക്. എല്ലാവരോടും എന്നോട് നല്ല വാക്ക് പറയണം, നല്ലതുപോലെ സംസാരിക്കണം. എന്നാല്‍ ഞാനോ..മറ്റുള്ളവരെക്കുറിച്ച് നല്ലതുപറയാന്‍ എനിക്ക് മടി. എന്റെ നാവിന് അപ്പോള്‍ വല്ലാത്ത ഭാരം. ഇതാണ് നമ്മില്‍ പലരുടെയും അവസ്ഥ.

ആയിരം അടികളെക്കാള്‍ ശക്തിയുണ്ട് ചിലപ്പോള്‍ ഒരു മോശം വാക്കിന്. യുദ്ധങ്ങളില്‍ മുറിവുകളുണ്ടായവരെക്കാള്‍ അധികമാണ് വാക്കുകള്‍കൊണ്ട് മുറിവുകള്‍ സംഭവിച്ചവര്‍. ഈ ലോകത്ത് ഒരിക്കല്‍ തീവ്രസ്‌നേഹത്തിലായിരുന്ന പല ബന്ധങ്ങളും അറ്റുപോയതിനും മനസ്സുകള്‍ തമ്മില്‍ അകന്നുപോയതിനും കാരണങ്ങളിലൊന്ന് വാക്കുകളുടെ ക്രയവിക്രയങ്ങളില്‍ സംഭവിച്ച പിഴവുകളാണ്. പറഞ്ഞ വാക്ക് തെറ്റിപ്പോയതോ പറഞ്ഞ വാക്ക് കൂടിപ്പോയതോ ആണ്.

സുഹൃദ്ബന്ധങ്ങളില്‍ ചില വാക്കുകള്‍ ആത്മാര്‍ത്ഥ സൗഹൃദങ്ങളെ വേര്‍പിരിച്ചുകളഞ്ഞിട്ടുണ്ട്. ദാമ്പത്യബന്ധങ്ങളില്‍ ചിലവാക്കുകള്‍ ദമ്പതികളുടെ മനസ്സുകളില്‍ ഉണങ്ങാത്ത മുറിവ് സമ്മാനിച്ചിട്ടുണ്ട്. കടിച്ചുതുപ്പിയതും തീ തുപ്പിയതുമായ വാക്കുകള്‍..

മറ്റുള്ളവരെ സാമ്പത്തികമായി സഹായിക്കുന്നതിനെക്കാളും എളുപ്പമാണ് നല്ല വാക്കുകള്‍ കൊണ്ട് അവരെ പ്രോത്സാഹിപ്പിക്കുന്നത്. പുതിയൊരു കാര്യത്തെക്കുറിച്ചോ മറ്റോ ചിലരോട് ആശയം പങ്കുവയ്ക്കുമ്പോള്‍ നിരാശാജനകമായി നിരുത്സാഹപ്പെടുത്തുന്നവരുണ്ട്. കാര്യകാരണസഹിതമോ മറ്റേ ആള്‍ കാണാത്ത ചില വശങ്ങള്‍ ചൂണ്ടിക്കാണിച്ചുപറയുന്നതുപോലെയോ അല്ല ആത്മവിശ്വാസം തന്നെ ചോര്‍ത്തിക്കളയത്തക്കവിധത്തിലാണ് അവരുടെ സംസാരങ്ങള്‍.

മറ്റുള്ളവരെക്കുറിച്ച് നല്ല വാക്ക് പറയാന്‍ കഴിയണമെങ്കില്‍ നമ്മുടെ ഉള്ളില്‍ ഇത്തിരിയെങ്കിലും നന്മയുണ്ടാവണം. ദൈവത്തെക്കുറിച്ചുള്ള സ്മരണ ഉണ്ടാവണം. നല്ല വാക്ക് മറ്റുള്ളവരെ ഉത്തേജിപ്പിക്കുന്നതായിരിക്കണമെന്നാണ് തിരുവചനം പറയുന്നത്.

ദൈവമേ നല്ലവാക്കോതുവാന്‍ എനിക്ക് ത്രാണിയുണ്ടാകണമേയെന്ന് ആ കവിയെ പോലെ ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ നാവിന്റെ രൂക്ഷത കൊണ്ട് ഇന്നേ ദിവസം ആരുടെയും ഹൃദയത്തിന്റെ അരികുകള്‍ മുറിയാതിരിക്കട്ടെ
എല്ലാവര്‍ക്കും നല്ലതു വരട്ടെ.

നല്ല വാക്കുകളോടെ,

വിഎന്‍.