നല്ലവൻ

0

എന്തുകൊണ്ടാണ്‌ നീ എന്നെ നല്ലവന്‍ എന്നുവിളിക്കുന്നത്‌? (മര്‍ക്കോ 10:18)

ഈ ദിവസങ്ങളിൽ നമ്മുടെ കുഞ്ഞുങ്ങളുടെ പ്ലസ് ടു പരീക്ഷകൾ അവസാനിക്കുകയാണ്.  ഈ അവസരത്തിൽ പൊതുജന അവബോധത്തിനായി, കേരള സംസ്ഥാന റോഡ്‌ സേഫ്റ്റി കൗൺസിൽ ഒരു അറിയിപ്പ് നൽകിയിരുന്നു. വാഹനങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതിനെപ്പറ്റിയും മദ്യം, കഞ്ചാവ് മുതലായ വാഹനങ്ങളിൽ നിന്ന് കണ്ടെടുത്താൽ ഉണ്ടാകാനിടയുള്ള ഭവിഷ്യത്തിനെപ്പറ്റിയുമൊക്കെയായിരുന്നു അറിയിപ്പ്. അതിൽ ഏറ്റവും അത്ഭുതമുളവാക്കിയത് “കുട്ടിയുടെ പ്ലസ്ടു പരീക്ഷ തീരുന്ന ദിവസം രാവിലെ കുട്ടിയെ സ്‌കൂളിൽ കൊണ്ടുപോയാക്കുകയും നിർബന്ധമായും ഉച്ചക്ക് 12 മണിയോടെ സ്‌കൂളിൽ ചെന്ന് കുട്ടിയെ കൂട്ടിക്കൊണ്ടു വരികയും ചെയ്യുക” എന്നതാണ്. 12 വർഷം സ്കൂളിൽ പഠിച്ച കുട്ടി അതേ സ്‌കൂളിലെ ഡെസ്കും ബഞ്ചും തല്ലിപ്പൊളിക്കുന്നു, ബാത് റൂം നശിപ്പിക്കുന്നു, യൂണിഫോം കീറി മരത്തിൽ കെട്ടുന്നു, പിന്നെയുമുണ്ട് ഒത്തിരി വീരകൃത്യങ്ങൾ.  ഒരു വ്യാഴവട്ടക്കാലം ആ ബെഞ്ചുകളിലിരുന്ന് പഠിച്ച അവന് എന്ത് വിദ്യാഭ്യാസമാണ് ലഭിച്ചത്? ആരാണിവിടെ ഉത്തരവാദി? അവരോ അദ്ധ്യാപകരോ സമൂഹമോ? 12വർഷം പഠിച്ച സ്കൂളിൽനിന്ന് കുട്ടികൾ പിരിയുമ്പോൾ സ്കൂളിന് പോലീസ് സംരക്ഷണം വേണമെങ്കിൽ, എത്രയോ വലിയ പരാജയമാണ് നമ്മുക്ക് സംഭവിച്ചിരിക്കുക? ജയിലിൽ നിന്ന് തിരികെ പോരുന്നവർപോലും ജയിൽ നശിപ്പിക്കാൻ ശ്രമിക്കാറില്ല. 20 വർഷം മുൻപുള്ള ഇതേ പരീക്ഷാദിനം, സ്കൂൾ പോലും അറിഞ്ഞിരുന്നോ എന്ന് സംശയയിച്ചുപോവുകയാണ്. എത്ര വേഗമാണ് ചില നന്മകൾ അപ്രത്യക്ഷമാകുന്നത്?

“നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം?” എന്ന ധനികനായ ചെറുപ്പക്കാരൻ്റെ ചോദ്യത്തിനുള്ള മറുചോദ്യമാണ് നമ്മുടെ ഇന്നത്തെ ധ്യാനവിഷയം. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതുതന്നെ നന്മ ചെയ്യാനല്ലേ ? അവനൊരിക്കലും നന്മയുപേക്ഷിക്കേണ്ടവനല്ല. “ഞാൻ സത്യത്തിനു സാക്ഷ്യം നൽകാൻ വന്നവനാണ്” എന്ന് പീലാത്തോസിൻ്റെ മുൻപിൽ സധൈര്യം ഏറ്റുപറഞ്ഞവൻ്റെ പേരിലാണ് നാം അറിയപ്പെടുന്നതെങ്കിൽ എങ്ങിനെ  അസത്യവുമായി പന്തി പങ്കിടാൻ പറ്റും?

നമ്മുടെ കുഞ്ഞുങ്ങളൊക്കെ എത്ര നിർമ്മലരായാണ് ജനിച്ചു വീഴുന്നത്? അവർ ചിറകു നഷ്ട്ടപ്പെട്ട് ഭൂമിയിലെത്തിയ മാലാഖാമാരാണ്. പക്ഷേ എപ്പോഴൊക്കെയോ അവർ അവരുടെ നന്മ ഉപേക്ഷിക്കുന്നു. എങ്ങനെയൊക്കെയോ തിന്മയുടെ വൃക്ഷത്തിൽ ചേക്കേറുന്നു. എത്ര ഭീകരമാണ് ഈ നിറംമാറ്റം? എത്ര ചടുലമാണ് തിന്മയുടെ രംഗപ്രവേശം? ഒരുകുഞ്ഞ്, മാലാഖയുടെ വസ്ത്രമുപേക്ഷിച്ച് അത്യാഗ്രഹിയും സ്വാർത്ഥനുമായ മനുഷ്യൻ്റെ വസ്ത്രമണിയുന്നത് ആ കുഞ്ഞിൻ്റെ ‘അമ്മ പോലും അറിയുന്നില്ല. ശരിയല്ലേ? മാലാഖ മനുഷ്യനാകുന്നത് അമ്മയെപ്പോലും കബളിപ്പിച്ചുകൊണ്ടാണ്.

നീ ദൈവത്തിൻ്റെ മുദ്ര പേറുന്നവൻ. നീ ചുറ്റുമുള്ളവർക്ക് ദൈവത്തിലേക്കുള്ള ചൂണ്ടുപലക. നീ നന്മയുടെ കാവലാൾ. നീ സത്യത്തിൻ്റെ പ്രഘോഷകൻ. നീ ധർമ്മത്തിൻ്റെ പ്രാവാചകൻ. നിൻ്റെ പേര് നല്ലവൻ. മറക്കരുത്.

ശുഭരാത്രി

Fr Sijo Kannampuzha OM