സദ്വാര്‍ത്ത അറിയിക്കുക

0


സദ്വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സീയോനോട് നിന്റെ ദൈവം ഭരിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നവന്റെ പാദം മലമുകളില്‍ എത്ര മനോഹരമാണ്.( ഏശയ്യ 52:7)

നല്ല വാര്‍ത്തകളെക്കാള്‍ നാം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നത് ചിലപ്പോഴെങ്കിലും മോശം വാര്‍ത്തകളാണോ.. ഒരാളെക്കുറിച്ച് നല്ലതുപറയുന്നതിനെക്കാള്‍ നമുക്ക് താല്പര്യം മോശം പറയുന്നതാണോ? വ്യക്തികളെ തമ്മില്‍ ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കുന്നതിന് പകരം അവര്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാനാണോ നാം ശ്രമിക്കുന്നത്? ദൈവമുണ്ടെന്ന് വിശ്വസിക്കുകയും നീതി നടപ്പിലാക്കുകയും ചെയ്യും എന്ന് പറയുന്നതിന് പകരം ദൈവമില്ലെന്ന് സ്ഥാപിക്കുന്നതാണോ നമുക്ക് ഇഷ്ടം? ചിലര്‍ ഇപ്രകാരമുള്ളവരാണ്.

പക്ഷേ ചെയ്യേണ്ടത് ഇതല്ല എന്നാണ് തിരുവചനം പറയുന്നത്. സ്വദാര്‍ത്ത അറിയിക്കുന്നവരായി മാറുക. നല്ല വിശേഷങ്ങള്‍.. നന്മയുടെ വാര്‍ത്തകള്‍. അതാണ് ഓരോ മനുഷ്യരും പരസ്പരം കൈമാറേണ്ടത്. മറ്റൊരാളിലെ നന്മ കണ്ടെത്തുക എന്നത് നിധി കണ്ടെത്തുന്നതിന് തുല്യമാണ്.

പഴയ അമ്മൂമ്മക്കഥയിലെ പോലെ രണ്ടു ആടുകളെ തമ്മില്‍ അടുപ്പിച്ച് ചോര കുടിക്കാന്‍ ശ്രമിക്കുന്ന കുറുക്കനെ പോലെയുള്ളവര്‍ കുടുംബത്തിലും സമൂഹത്തിലും സ്ഥാപനങ്ങളിലുമുണ്ട്. ഉള്ളതും ഇല്ലാത്തതും പറയുന്നവര്‍. ഉളളതിലെ ഉളളത്തില്‍ കൂടുതല്‍ ചേര്‍ക്കുന്നവര്‍. സത്യം പോലെ നുണകള്‍ അവതരിപ്പിക്കുന്നവര്‍. നാം അവരെപോലെയാകാതിരിക്കുക. നാം അവരില്‍ നിന്ന് അകന്നുനില്ക്കുക. സമാധാനം സ്ഥാപിക്കുകയും സദ്വാര്‍ത്ത കൈമാറുകയും ചെയ്യുന്നവരായി നമുക്ക് നമ്മുടെ ജീവിതങ്ങളെ പുതുക്കിപ്പണിയാം.
നല്ല തീരുമാനമെടുക്കുന്ന നല്ല പ്രഭാതത്തിന് ആശംസകള്‍
വിഎന്‍.