പച്ചമരമാവുക

0

പച്ചത്തടിയോട്‌ അവര്‍ ഇങ്ങനെയാണ്‌ ചെയ്യുന്നതെങ്കില്‍ ഉണങ്ങിയതിന്‌ എന്തു സംഭവിക്കും? (ലൂക്കാ 23 : 31)

പച്ചമരം നദിയുടെ തീരത്തോട് ചേർന്ന്നിൽക്കുന്നതാണ്. നദിയിലെ ജലം അതിൻ്റെ ദാഹം തീർക്കുന്നു. അവിടെയുള്ള ഇളംകാറ്റ് അതിൻ്റെ ഇലകൾ തഴുകി കടന്നു പോകുന്നു. നദി കാണാൻ എത്തുന്നവരും വെള്ളം കുടിക്കാൻ എത്തുന്ന മൃഗങ്ങളുമെല്ലാം ആ വൃക്ഷത്തണലിൽ വിശ്രമിക്കുന്നു. പല പക്ഷികളും വെള്ളം കുടിച്ച് ആ വൃക്ഷകൈകളിൽ ഇരുന്നാണ് ക്ഷീണം തീർക്കുന്നത്. വൃക്ഷത്തിലുണ്ടാകുന്ന ഫലങ്ങൾ അവിടെയെത്തുന്ന മനുഷ്യരെ മാത്രമല്ല ജീവജാലങ്ങൾക്കും ഒരു അനുഗ്രഹമായി മാറുന്നു.  എല്ലാവർക്കും കണ്ണിന് കുളിർമ്മയും മനസ്സിന് ഉന്മേഷവും പച്ചമരം സമ്മാനിക്കുന്നു.

ഉണങ്ങിയ മരം അങ്ങൊരു മരുഭൂമിയിലാണ്. അത് വളരെ അതികം വാടിക്കരിഞ്ഞു. ഇനി അതികസമയമൊന്നും ആ മരത്തിന് അവശേഷിക്കുന്നില്ല. കാര്യമായി ഇലകളൊന്നും ആ മരത്തിലില്ല. ഉള്ളതെല്ലാം വളരെയതികം വാടിക്കരിഞ്ഞുതുടങ്ങി. വൈകാതെ ഇലകളില്ലാത്ത, അസ്ഥിപഞ്ചരം കണക്കെ ആ വൃക്ഷമായിത്തീരും. അതിൻ്റെ ചില്ലകളിലേക്ക് ഒരു പക്ഷിയും വരാറില്ല. ഒരു മൃഗവും അതിൻ്റെ കീഴിൽ എത്താറില്ല. കാരണം ആർക്കും നൽകാൻ തണലോ ആരെയും തൃപ്തിപ്പെടുത്താൻ ഫലങ്ങളോ അതിലില്ല. കാറ്റുപോലും ആ മരത്തിനു ഒരു ഭീഷണിയാണ്. അടുത്ത മഴക്കാലത്തുള്ള കാറ്റിൽ ആ മരം കടപുഴകിവീഴാനും മതി. ആ മരത്തിനെയോർത്ത് സന്തോഷിക്കുന്നത് ആ മരത്തിൻ്റെ  കയറിപ്പറ്റിയിരിക്കുന്ന ചിതലുകൾക്ക് മാത്രമാണ്.

ഭാരമേറിയ കുരിശുമരം ചുമന്ന് തളർന്ന ഈശോ, കാൽവരിയിലേക്കുള്ള യാത്രയിൽ തൻ്റെ ദുരവസ്ഥയോർത്ത് കരയുന്ന ജറുസലേം സ്ത്രീകളെ ആശ്വസിപ്പിക്കുന്ന ഭാഗമാണിത്. യേശു അവരോട് അവസാനമായി പറയുന്ന വാക്കുകളാണിവ. പച്ചത്തടിയോട്‌ അവര്‍ ഇങ്ങനെയാണ്‌ ചെയ്യുന്നതെങ്കില്‍ ഉണങ്ങിയതിന്‌ എന്തു സംഭവിക്കും? (ലൂക്കാ 23 : 31). ജെറുസലേം പട്ടണത്തിന് സംഭവിക്കാനിരിക്കുന്ന നാശത്തെക്കുറിച്ചാണ് ഈശോ ഇവിടെ പ്രവചിക്കുക. ഈശോയുടെ പ്രവചനത്തിനുശേഷം ഏകദേശം 40 വർഷങ്ങൾക്കിപ്പുറം ജെറുസലേം നശിപ്പിക്കപ്പെട്ടു. എങ്കിലും ഈ പച്ചമരവും ഉണക്കമരവും നമ്മോടിപ്പോഴും പറയുന്ന ഒരു സന്ദേശമുണ്ട്.

കർത്താവ് നന്മയുടെ കേതാരമായിരുന്നു.  സത്യവും നീതിയുമല്ലാതെ ഒന്നും അവനിൽ നിന്ന് പുറപ്പെട്ടിട്ടില്ല. അവനിൽ നിന്ന് ഒഴുകിയിരുന്നത് കരുണ മാത്രമായിരുന്നു. അവൻ്റെ സ്പർശനം സൗഖ്യവും അവൻ്റെ സാമീപ്യം ജീവനും പങ്കുവച്ചു. എങ്കിലും തിന്മ അവനെയും ആക്രമിച്ചു. പരമപരിശുദ്ധനായവനെപ്പോലും വെറുതെ വിടാതിരുന്ന തിന്മ നിന്നെ എങ്ങനെയായിരിക്കും അഭിമുഖീകരിക്കുക?

തിന്മയെ എതിരിടാതിരിക്കാനാവില്ല. എവിടെയായിരുന്നാലും തിന്മ നമ്മെ പ്രലോഭിപ്പിക്കുകയും  ആക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കും. തിന്മയില്ലെന്ന് കരുതുന്നതുപോലും ഒരു പരാജയമാണ്. ഇവിടെ തിന്മയോട് ചെറുത്തുനിൽക്കുക എന്നുള്ളതാണ് ശരിയായ മാർഗ്ഗം. നാം ഉണക്കമരമാണോ പച്ചമരമാണോ എന്നതിനെ ആശ്രയിച്ചാണ് തിന്മക്കെതിരെയുള്ള നമ്മുടെ വിജയവും.

തിന്മ അതിൻ്റെ അഗ്നിയുമായി പച്ചമരത്തെയും ഉണക്കമരത്തെയും സമീപിക്കും.  പച്ചമരം നശിപ്പിക്കുവാൻ അഗ്നിക്ക് എളുപ്പമല്ല. ഒരുപക്ഷേ അഗ്നിയുടെ ജ്വാലകൾ പച്ചമരത്തെ ആക്രമിക്കാമെങ്കിലും പച്ചമരത്തിൻ്റെ ഉള്ളിൽ ജീവൻ അവശേഷിച്ചിരിക്കും. അടുത്ത പുതുമഴയിൽ പുതു നാമ്പുകളുമായി അത് പിന്നെയും വളരുകയും ചെയ്യും.

ഉണക്കമരം, തിന്മയുടെ അഗ്നിക്കുമുന്പിൽ ഒരു ഇന്ധനമായിരിക്കും. നിമിഷങ്ങൾക്കകം ആ അഗ്നിയെ ഉജ്വലിപ്പിച്ച്, വിറകുമാത്രമായി ഉണക്ക മരം മാറും. വൈകാതെ ഒരു പിടിചാരമായി അത് മണ്ണിലവശേഷിക്കും. ഇനി ഒരു ജീവൻ്റെ പുൽനാമ്പ് അതിൽനിന്ന് കിളിർക്കില്ല. അടുത്ത മഴയിൽ ആ ചാരംകൂടി  ഒഴുകിപ്പോകുമ്പോൾ അങ്ങനെയൊരു മരം അവിടെയുണ്ടായിരുന്നു എന്നുപോലും എല്ലാവരും മറക്കും.

കൂദാശകളാകുന്ന,  സഭയാകുന്ന, പ്രാർത്ഥനയാകുന്ന,ആത്മീയതയാകുന്ന നദിയുടെ കരയിലെ പച്ചമരമാകാം. അല്ലെങ്കിൽ അവയെല്ലാം അവഗണിച്ച്, നിസ്സംഗതയുടെ, തിരക്കുകളുടെ, ഭൗതീകതയുടെ ലോകത്തിൽ ജീവിച്ച് പച്ചപ്പ് നഷ്ടപ്പെട്ട് സാവധാനം ഉണക്കമരമാകാം. തീരുമാനിക്കുക.

ശുഭരാത്രി

Fr Sijo Kannampuzha OM