ശിരസ്

0

ഒരു യാത്രയയപ്പു മീറ്റിംഗിന് ഇടയിൽ ഒരു സുഹൃത്തു ഇപ്രകാരം പറഞ്ഞു വച്ചു, ഇന്നത്തെ  ഏറ്റവും വലിയ ദുരന്ത൦ എന്ന് പറയുന്നതു ശിരസില്ലാതെ ശരീരത്തെ മാത്രം പരിരക്ഷിക്കുന്നു എന്നുള്ളതാണെന്ന്. അല്പം കൂടി വ്യക്തമായി പറഞ്ഞാൽ ഇന്ന് സഭയിൽ പോലും ചിലപ്പോഴെങ്കിലും ഈ ദുരന്ത൦ കടന്നു വരുന്നുണ്ട് എന്നാണ് അവൻ സൂചിപ്പിച്ചത്. 

എന്‍റെ ഉള്ളിൽ കടന്നു കൂടിയ ഈ ചിന്ത ഒത്തിരി കാര്യങ്ങളെ മനസിൽ നിറച്ചു വച്ചിരുന്നു. ശിരസില്ലാത്ത ജീവിത്തത്തിന്‍റെ ഏതു മേഖലയെ എടുത്താലും അതിൽ അപകടം ഉണ്ടെന്നുള്ളതു തീർച്ച. അതുകൊണ്ടു തന്നെ ക്രിസ്തുവില്ലാത്ത സഭയെന്ന സ്വപ്നം ആരുടെയെങ്കിലും ഉള്ളിൽ നാമ്പെടുത്തിട്ടുണ്ടെങ്കിൽ അതിന്‍റെ പര്യവസാനം എന്ത് എന്ന് കുറിക്കേണ്ടതില്ല. 

ശിരസെന്ന ഈ ചിന്തയെ ഓരോ ജീവിതങ്ങൾക്കനുസരിച്ചു മാറി ചിന്തിക്കാം. കുടുംബജീവിതത്തിൽ, സമർപ്പിതജീവിതത്തിൽ, ജോലി മേഖലകളിൽ, വ്യക്തി ജീവിതത്തിൽ….  ഓരോ ജീവിതങ്ങൾക്കും ഈ വസ്തുത പ്രത്യക്ഷത്തിൽ വ്യത്യസ്‍തമെങ്കിലും അവയുടെ എല്ലാം അവസാനം ഒരേ വസ്തുതയിൽ തന്നെ ചെന്ന് അവസാനിക്കുന്നു. ശിരസില്ലാതെ ശരീരത്തെ മാത്രം മോടി  പിടിപ്പിക്കാനുള്ള ഈ ഓട്ടത്തിനിടയിൽ നഷ്ടമാകുന്ന ജീവിതത്തെ കുറിച്ച് ഒന്ന് ഓർക്കാൻ പോലും ആർക്കും സമയം ഇല്ല.

അതിനിടയിൽ മുറിവേൽക്കുന്ന ജീവിതങ്ങളെ കുറിച്ച് ആകുലപ്പെടാൻ താല്പര്യം ഇല്ല. തലയില്ലാത്ത തെങ്ങിനു ചുവടിളക്കി വളമിടുന്ന ഈ പ്രതിഭാസത്തിനു ഒരു അവസാനമായില്ലെങ്കിൽ ഇനി വരാനിരിക്കുന്ന അപകടങ്ങൾ പ്രവചിക്കാവുന്നതിലും അപ്പുറം ആയിരിക്കും എന്ന് സംശയം ഇല്ല. ക്രിസ്തു ഉയർത്തില്ലായിരുന്നെങ്കിൽ നാം ചെയുന്നതെല്ലാം വ്യർത്ഥം എന്ന പൗലോസിന്‍റെ വാക്കുകൾക്കു മൂർച്ച കൂടുന്നുണ്ട്.

കാരണം ഉയർപ്പിക്കപ്പെട്ട ക്രിസ്തുവിനെ മറന്നുള്ള ഈ ഓട്ടം എവിടെ ചെന്നവസാനിക്കും എന്ന ചോദ്യത്തിന് ഉത്തരം ഉണ്ട് എന്ന് തോന്നുന്നില്ല. ചെയ്യുന്നതെല്ലാം വ്യർത്ഥമായി  പോകുമോ എന്ന ചോദ്യങ്ങൾ അങ്ങിങ്ങായി ഇന്ന് അലയടിക്കുന്നുണ്ട് എന്ന് മറക്കാതിരിക്കാം.

ജീവിതത്തിന്‍റെ ഏതു മേഖലയിൽ ആണെങ്കിലും ശിരസിനെ മറന്നുള്ള ഓട്ടത്തിന് ഇനിയെങ്കിലും ഒരു പര്യവസാനം ആകട്ടെ എന്ന് ഞാൻ എന്നെ തന്നെ ഓർമപ്പെടുത്തുന്നു.

 ഫ്രിജോ തറയിൽ .