ഹൃദയത്തിൽ നിന്നും ദൂരെയെറിയുക

0


പുതുവർഷത്തിലും നോമ്പിലും ധ്യാനാവസരങ്ങളിലുമെല്ലാം ജീവിതത്തെ കൂടുതൽ ഭാസുരമാക്കുവാൻ എത്രയോ പുതു തീരുമാനങ്ങളാണ് നമ്മൾ എടുക്കാറുള്ളത്? പലപ്പോഴും ഈ പുതിയ തീരുമാനങ്ങളുമായി അധികം ദൂരം തുഴഞ്ഞെത്താനൊന്നും നമുക്ക് സാധിക്കാറില്ല എന്നുള്ളതാണ് സത്യം.

ഒന്നോ രണ്ടോ ആഴ്ചയോ, അല്ലെങ്കിൽ മാസമോ ആകുമ്പോഴേക്കും നമ്മൾ പിന്നെയും നാമറിയാതെതന്നെ പഴയ മനുഷ്യർ ആയിട്ടുണ്ടാകും. ബർത്തിമേയൂസ് ഇന്ന് നമ്മോട് ഒരു പുതിയ ഉപായം പറയുന്നുണ്ട് – ക്രിസ്തുവിൽ എത്തിച്ചേരാൻ ‘പഴയതെല്ലാം’ ഉപേക്ഷിച്ചാൽ പോരാ, അത് “ദൂരെ” എറിയണമെന്നു.

തന്നെ പ്രലോഭങ്ങളുമായി കീഴ്പ്പെടുത്താൻ വന്ന സാത്താനോട് യേശു പറഞ്ഞത് പിന്നെ വരാനോ, മാറി നിൽക്കാനോ, നാളെയാകട്ടെ എന്നോ അല്ല. മറിച്ചു ദൂരെപ്പോകാനാണ്‌. സാത്താൻ എപ്പോഴും ദൂരെ നിൽക്കേണ്ടവനാണ്. അവനെ ദൂരെ അകറ്റി നിർത്തുക നമ്മുടെ കർത്തവ്യമാണ്. അവൻ ദൂരെയാണെന്നു ഉറപ്പുവരുത്താൻ സാധിക്കുന്നത് നാം ക്രിസ്തുവിനോട് അടുത്തുനിന്നുകൊണ്ടാണ്. 

ക്രിസ്തുവിൽ എത്തിച്ചേരാൻ എനിക്ക് പുറങ്കുപ്പായങ്ങൾ ഭാരമാണ്. ബർത്തിമേയൂസ് ദൂരെയെറിഞ്ഞ പുറങ്കുപ്പായം നമ്മെ ഓർമ്മപ്പെടുത്തുന്നത് ഇനിയൊരിക്കലും അതിലേക്ക് അവന്റെ ശ്രദ്ധ മാറില്ല എന്ന തീരുമാനമാണ്. ഇനി പുറങ്കുപ്പായങ്ങൾ തരുന്ന സുഖമൊന്നും നമുക്ക് വേണ്ട എന്ന് ഹൃദയത്തിൽ തീരുമാനിക്കാം. ദൂരെയെറിയുന്നത്, അവ  എനിക്കിനിയൊരിക്കലും പഴയവഴിയിൽ പോകാനോ, പഴയവയെ ഓർമ്മിക്കാനോ ഇടനല്കാതിരിക്കാനാണ്.

എന്റെ പഴയവഴികളെ ഓർമ്മപ്പെടുത്തുന്ന, പഴയവഴിയിലേക്ക് ആകർഷിക്കുന്ന, അതിലേക്ക് നയിക്കുന്ന എല്ലാത്തിനെയും ദൂരേക്ക്, ഒത്തിരി ദൂരേക്ക് വലിച്ചറിയാം-  ഒരിക്കലും തിരിച്ചുകിട്ടാത്ത, തിരിച്ചുവരാത്ത, അകലത്തിലേക്ക്. എനിക്ക് ക്രിസ്തുവിൽ എത്തിച്ചേരാൻ തടസ്സമാകുന്ന പുറങ്കുപ്പായങ്ങൾക്ക് ഇനി മനസ്സിലും ഹൃദയത്തിലും ശരീരത്തിലും സ്ഥാനമില്ല. ഉറപ്പിക്കാം.
ശുഭരാത്രി..

Fr Sijo Kannampuzha OM