നെഞ്ചിലൊരിടം നല്കൂ…

0

    സങ്കടങ്ങളുടെ  പേന കൊണ്ടും കണ്ണീരിന്റെ മഷികൊണ്ടും കഥകളും കവിതകളുമെഴുതിയ എഴുത്തുകാരിയാണ് അഷിത. അവളുടെ ഓരോ എഴുത്തുകളിലും അക ഞരമ്പ് പൊട്ടുന്ന കരച്ചിലായിരുന്നു . ഇത്രയും സങ്കടങ്ങൾ എഴുതാൻ എങ്ങനെ കഴിയുന്നു എന്ന ഷഹബാദിന്റെ  ചോദ്യത്തിന് ബാല്യത്തിലേറ്റ കടുത്ത അവഗണനയും അപ്പന്റെ  നെഞ്ചിൽ നിന്നും കിട്ടേണ്ട ചൂട്  കിട്ടാതെ പോയതുമാണ് കാരണം എന്ന് പറഞ്ഞു അഷിത വിതുമ്പുന്നുണ്ട് . 

നിന്റെ നെഞ്ചിൽ ആരെങ്കിലും മയങ്ങുന്നുണ്ടോ…ആരെയെങ്കിലും ആ നെഞ്ചിൽ ചേർത്ത് കിടത്തിയിട്ടുണ്ടോ എന്നൊക്കെ ചോദിക്കുമ്പോൾ നിന്റെ  ഉത്തരം എന്താവും ചങ്ങാതി?

അപ്പന്റെ നെഞ്ചിന്റെ ചൂട് ബാല്യത്തിൽ ഞാൻ അറിഞ്ഞിരുന്നെങ്കിൽ മറ്റു ചൂടുകൾ തേടി പോവുകയില്ലായിരുന്നെന്നു ഇരുട്ടിന്റെ മറവിൽ നിന്ന്  വഴിപിഴച്ചു പോയ അവൾ കണ്ണുകൊണ്ട് കഥ പറയുമ്പോൾ  ; ആ കഥ കേട്ടു കഥയാവാൻ തരമില്ല… ഈ തടവറയിൽ ഞാനിന്നു എത്തിപ്പെടാൻ കാരണം എന്റെ അപ്പനോ അമ്മയോ എന്നെ  നെഞ്ചിലിട്ടു വളർത്താതിരുന്നതുകൊണ്ടാണെന്നു പറയുന്ന കൊടും കുറ്റവാളിക്ക്  ജയിൽ സന്ദർശകനായ ഞാനെന്തു ഉപദേശം കൊടുക്കും.

ലക്ഷക്കണക്കിന് മനുഷ്യരെ കണ്മുമുമ്പിലിട്ടു ചുട്ടുകൊല്ലുകയും , ആയിരക്കണക്കിന് മനുഷ്യരെ തടങ്കൽ പാളയത്തിൽ അടച്ചിട്ടു പീഡിപ്പിക്കുകയുമൊക്കെ ചെയ്ത ക്രൂരനായ ജർമനിയുടെ സ്വേച്ഛാധിപതിയായ  ഹിറ്റ് ലറോട്  എന്തേ ഇങ്ങനെയൊക്കെ പ്രവർത്തിക്കുന്നു എന്നാരായുമ്പോൾ അയാളും  ആവശ്യപ്പെടുന്നത് ബാല്യത്തിൽ കിട്ടാതെ പോയ വാത്സല്യത്തിന്റെ നെഞ്ചോരങ്ങൾ തിരികെ തരാനാവുമോ എന്ന മറുചോദ്യം ചോദിച്ചുകൊണ്ടാണ് . 

മുളക്കാതെ പോയ വിത്തിനെല്ലാം പറയാൻ ഒരു  കഥമാത്രമേ ഉള്ളൂ…വേരിറക്കാൻ ഭൂമി ഞങ്ങൾക്ക് നെഞ്ചും മാറും നൽകിയില്ല എന്ന് മാത്രമാണ് .വെറുതെ ആ  രാത്രി ഓർമ്മയിലേക്ക് വീണ്ടും വരുന്നു.. പന്ത്രണ്ടുപേരും ആ അത്താഴ മേശയിലുണ്ട്.ക്രിസ്തു എന്ന അമ്മതണലിലാണ് അവർ തലചായ്ച്ചിരുന്നത്.പ്രിയ ശിഷ്യൻ ആ രംഗത്തെ എത്ര സുന്ദരമായാണ് വർണ്ണിച്ചിരിക്കുന്നത്. അവൻ ക്രിസ്തുവിന്റെ നെഞ്ചിൽ ചാരി മയങ്ങിയെന്നാണ് കുറിച്ചിരിക്കുന്നത്..

.കുരിശിലെ ക്രൂശിതനെ നോക്കി കുഞ്ഞു അമ്മയോട് ചോദിച്ചു… അമ്മേ  എന്താണ് ഈശോ കൈ വിരിച്ച് പിടിച്ചിരിക്കുന്നത്. ഒരു പുഞ്ചിരിയോടെ അവൾ മകനോട് പറഞ്ഞു… ഈശോയുടെ  നെഞ്ചിൽ എല്ലാവർക്കും ഇടമുണ്ടെന്നു ഈശോ പരസ്യമായി പ്രഖ്യാപിക്കുന്നതിന്റെ നേർക്കാഴ്ചയാണത് .

സത്യം പറഞ്ഞാൽ അവന്റെ നെഞ്ചിൽ ആരാണ് മയങ്ങാത്തത്…കളിക്കാൻ വന്ന കുട്ടിയും വെള്ളം കൊണ്ടു വന്ന സമരിയക്കാരിയും… ചുങ്കം പിരിച്ചു നടന്ന ശിമെയോനും തീവ്രവാദിയായ ജേക്കബും എടുത്തു ചാട്ടക്കാരൻ തോമസും ഒറ്റികൊടുക്കാനിരിക്കുന്ന യൂദാസും  അവന്റെ നെഞ്ചിൽ  ഇടം കണ്ടെത്തിയവരായിരുന്നു…നല്ല കള്ളനുപോലും അവൻ തന്റെ ഉയിരും ശ്വാസവും നൽകി എന്ന്  വായിക്കുമ്പോൾ ക്രിസ്തു നിശ്ചയമായും നമ്മുടെയൊക്കെ ആശ്വാസത്തിന്റെ പുതുലഹരി തന്നെയാണ് .

മനുഷ്യർക്ക്‌ മാത്രം നൽകിയ നെഞ്ചായിരുന്നില്ല ക്രിസ്തുവിന്റെ നെഞ്ച് . ആ നല്ലിടയന്റെ ചിത്രം ആകർഷകമാവുന്നതു അവന്റെ കൈയിൽ ഒരു കുഞ്ഞാട് പുഞ്ചിരിക്കുന്നു കൊണ്ട് കൂടെയാണ്.ആ കുഞ്ഞാടിനെ കുറിച്ചുള്ള ഒരു കുഞ്ഞു വായന കിട്ടി കഴിഞ്ഞ ദിവസം.  നിരാശനും അവഗണിക്കപ്പെട്ടവനുമായ കുഞ്ഞാടായിരുന്നു ആ കുഞ്ഞാട്…ആരും  ശ്രദ്ധിക്കാനില്ലാതെ വഴി തെറ്റിയ കുഞ്ഞാടും ആ കുഞ്ഞാട് തന്നെ…മുൾപ്പടർപ്പിൽ കുടുങ്ങി പോയതും കാലൊടിഞ്ഞതും ഈ കുഞ്ഞാടിന്റേതായിരുന്നു…ഇനി നിന്നെ ആട്ടിൻ സൂപ്പിനും ആട്ടിൻ ബ്രാത്തിനും  മാത്രമേ  കൊള്ളുകയുള്ളു എന്ന് പരിഹസിച്ചു തള്ളിക്കളഞ്ഞവനെയാണ് അവൻ അവന്റെ മൃദുലമായ നെഞ്ചിൽ ചേർത്ത് ചുംബിച്ചതും ഉയിരിൻ നദി അവനിലേക്ക്  ഒഴുക്കിയതും

നിനക്കും എനിക്കും ആരുടെ നെഞ്ചിലും  മയങ്ങാൻ ഭാഗ്യം കിട്ടിയില്ലെങ്കിലും അവൻ നിനക്ക്  നെഞ്ചും ചങ്കും  നൽകും എന്നാണ് അവന്റെ സുവിശേഷം . ആരൊക്കെ നിന്നെ തള്ളിക്കളഞ്ഞാലും ആരൊക്കെ നിന്നെ ഒറ്റികൊടുത്താലും  ക്രിസ്തു നമ്മെ തനിച്ചാക്കില്ലെന്നു തിരിച്ചറിയുന്നതു തന്നെ എത്രയോ ആശ്വാസമാണ് നമുക്ക്  നൽകുന്നത്.

എത്രയെത്ര സന്ദർഭങ്ങളിലാണ് അവൻ നമ്മെ ചേർത്ത് പിടിച്ചിട്ടുള്ളതെന്നോർക്കുമ്പോൾ എന്റെ ഹൃദയം ഇപ്പോഴും അവനോടുള്ള പ്രണയത്താൽ തുടിക്കുന്നുണ്ട്. വലിയ തെറ്റിദ്ധാരണയുടെ വാക്കിൽനിന്നും ദാനിയേലിനെ  അയച്ച് സൂസന്നായെ  രക്ഷിച്ച ദൈവത്തെ പോലെ അവനെന്നെ നാണക്കേടിൽ നിന്നും രക്ഷിച്ച സന്ദർഭങ്ങൾ ഒരുപാടുണ്ട് എന്റെ  ഈ കൊച്ചു ജീവിതത്തിൽ.  തനിച്ചായി പോയി എന്ന ഉൾ നൊമ്പരങ്ങളോടെ വിതുമ്പി കരഞ്ഞ സന്ധ്യകളിൽ അവൻ എത്ര ചങ്ങാതിമാരെയാണ് കൊച്ചുതോബിയാസിന് നൽകിയത് പോലെ എനിക്ക് നൽകി നെഞ്ചോട് ചേർത്തത്

.വഴിയറിയാതെ ഇരുളിൽ വീണ രാത്രി യാമങ്ങളിൽ  അവൻ അവന്റെ ചിറകിലെടുത്തു ലക്ഷ്യ സ്ഥലത്തെത്തിച്ച അനുഭവങ്ങൾ വിരലിലെണ്ണാവുന്നതല്ല . അവന്റെ നെഞ്ചിൽ മയങ്ങുന്നവർ മറ്റുള്ളവർക്കും തണൽ നൽകണം എന്ന് കൂടെ കുറിക്കാതിരിക്കാനാവില്ല. കൂലി ഇളവ് ചെയ്തു കിട്ടിയവർ തനിക്ക് തരാനുള്ളവരുടെ തുക കൊക്കിന്  പിടിച്ചു വാങ്ങുന്നത് ശരിയല്ലെന്നു ആർക്കാണ് അറിയാത്തത് . മറ്റുള്ളവർക്ക്  ഹൃദയത്തിൽ ഒരല്പം ഇടം നൽകാൻ കഴിയാത്തവരും ആരെയും ഒരിക്കലും നെഞ്ചിൽ ചേർക്കാത്തവരും മനുഷ്യ കുലത്തിന് ചേർന്നവരല്ല…

കായേലിനെ കർത്താവു വെറുത്തതിന് പിന്നിൽ ഈ ഒരു തലം തന്നെയാണ് നിഴലിക്കുന്നത്..സഹോദരനെ നെഞ്ചിലേറ്റിയിരുന്നെങ്കിൽ കായേലിനു ഇത്രയും ദുരിതങ്ങൾ നേരിടേണ്ടി വരുമായിരുന്നില്ല.. അമ്മയോട് എനിക്കുള്ള എക്കാലത്തെയും സ്നേഹം അമ്മ ആരെയും തള്ളിക്കളയാറില്ല എന്നത് കൊണ്ട് കൂടെയായിരുന്നു.

ബാല്യത്തിലെ ഒരനുഭവം ഇപ്പോഴും ഓർമയുണ്ട്. ഇല്ല്യാത്ത പൈസ ഉണ്ടാക്കിയാണ് പാവം അമ്മ അന്ന് ഞങ്ങൾക്ക് പുൽകൂട്ടിലേക്കുള്ള രൂപങ്ങൾ വാങ്ങി തന്നത്…പാതിരാ കുർബാനക്ക് പോകും വരെ ഞാൻ  ആ പുൽകൂട്ടിലേക്ക് നോക്കിയിരുന്നു . അമ്മയുടെ കൈപിടിച്ചു പാതിരാ കുർബാന കണ്ട് തിരിച്ചു  വരുമ്പോൾ പുൽക്കൂട്ടിൽ ഉണ്ണിയുമില്ല അമ്മമറിയവുമില്ല ആട്ടിടയരുമില്ല.ആരോ ആ രാത്രിയിൽ അതൊക്കെ എന്റെ  കുഞ്ഞു പുൽക്കൂടിൽനിന്നും മോഷ്ടിച്ചിരുന്നു.

നഷ്ടപ്പെട്ടതിന്റെ വേദന കണ്ണീരായും മോഷ്ടിച്ചവരോടുള്ള പക വാക്കുകളായും എന്നിൽ അവശേഷിച്ചപ്പോൾ അമ്മ മെല്ലെ എൻ അരികിലേക്കു വന്നു മാറിൽ ചേർത്ത് നിർത്തിക്കൊണ്ട് ഇങ്ങനെ അന്ന് പറഞ്ഞു.

മോനെ നീ എന്തിനാ സങ്കടപ്പെടുന്നത്… എന്റെ മോനു ഈശോയില്ലേ അവന്റെ നെഞ്ചിലലേ  നീ…അമ്മയും മോനോടൊപ്പമില്ല… സങ്കടപ്പെടേണ്ടട്ടോ…ഉണ്ണീശോയെ മോഷ്ടിച്ചു കൊണ്ടുപോയവരോട് മോനു ദേഷ്യമൊന്നും തോന്നണ്ട… അവർക്ക് ഉണ്ണീശോയെ വാങ്ങാൻ കാശില്ലാത്തതുകൊണ്ടാവും…ഉണ്ണീശോ അവരുടെ നെഞ്ചിലും നമ്മൾ കാരണം ഇന്ന് പിറന്നിട്ടുണ്ടാവും…മറ്റുള്ളവരെ നെഞ്ചിൽ ചേർക്കുന്നവരെ ഉണ്ണിശോയും നെഞ്ചിൽ ചേർക്കും.   

  പ്രിയ സുഹൃത്തേ….ഒന്ന് കണ്ണടച്ചേ…  നീ നിന്റെ നെഞ്ച് ആർക്കാണ് തീറെഴുതി കൊടുത്തിട്ടുള്ളതെന്നൊന്നു ആലോചിച്ചേ…. ആരെയും നെഞ്ചിൽ ചേർത്തിട്ടില്ലെങ്കിൽ ഇനി വൈകണ്ട ക്രിസ്തു മാർഗ്ഗം  നമുക്കും സ്വീകരിക്കാം .

ഫാ. സ്റ്റാഴ്സണ്‍ കള്ളിക്കാടന്‍