ഹൃദയാനന്ദങ്ങള്‍

0

ഹൃദയാനന്ദം ഒരുവന്റെ ജീവനും സന്തോഷം അവന്റെ ആയുസും ആണ്.( പ്രഭാ 30:22)


ഓരോരുത്തര്‍ക്കും സന്തോഷം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ വ്യത്യസ്തമായിരിക്കും. അന്വേഷിക്കുന്ന ആ മാര്‍ഗ്ഗങ്ങള്‍ മറ്റൊരാളുടെ നോട്ടത്തില്‍ ചിലപ്പോള്‍ നല്ലതായിരിക്കാം. മറ്റ് ചിലപ്പോള്‍ മോശവും.

പക്ഷേ ആത്യന്തികമായി ഓരോരുത്തരും അന്വേഷിക്കുന്നത് സന്തോഷങ്ങളാണ്. സന്തോഷമുള്ള മുഖങ്ങള്‍ കാണുന്നതു തന്നെ നമുക്കൊരു പോസിറ്റീവ് എനര്‍ജി നല്കുന്നുണ്ട്. വിഷാദഭരിതമായ ഹൃദയവും മ്ലാനമായ വദനവും ഒരാളെയും പ്രചോദിപ്പിക്കുന്നില്ല.

പുതിയൊരു മാസത്തിന്റെ തുടക്കത്തില്‍ നില്ക്കുമ്പോള്‍ നമ്മള്‍ നമ്മോട് തന്നെ ചോദിക്കേണ്ട ചോദ്യങ്ങളിലൊന്ന് ഇതാണ്. സന്തോഷിക്കാനായി ഞാന്‍ കണ്ടെത്തുന്ന കാരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ സന്തോഷം തരുന്നവയാണോ.. സന്തോഷിക്കാനായി ഞാന്‍ അന്വേഷിക്കുന്ന മാര്‍ഗ്ഗങ്ങള്‍ മൂലം എന്റെ ശരീരത്തിനോ ആത്മാവിനോ ദോഷം ഉണ്ടാകുന്നുണ്ടോ ഞാന്‍ യഥാര്‍ത്ഥത്തില്‍ സന്തോഷവനാണോ?

ബാഹ്യമായി ചില മുഖംമൂടികള്‍ അണിഞ്ഞുനടക്കുന്നവരുടെല്ലൊം മുഖങ്ങള്‍ ചിലപ്പോള്‍ സന്തോഷമുള്ളതായി കാണപ്പെട്ടേക്കാം. എന്നാല്‍ തങ്ങളുടേത് സന്തോഷമുള്ള ഹൃദയങ്ങളാണോ എന്ന് കണ്ടെത്തേണ്ടത് അവനവര്‍ ഓരോരുത്തരുമാണ്.

ഹൃദയാനന്ദം ഓരോരുത്തരുടെയും അവകാശമാണ്. ഭൂമിയിലെ നമ്മുടെ ജീവിതത്തിന്റെ മറ്റൊരുതലം സന്തോഷത്തോടെ ജീവിക്കുക എന്നതാണ്. എപ്പോഴും സന്തോഷത്തോടെയിരിക്കാനും എല്ലാകാര്യങ്ങളിലും കൃതജ്ഞതപ്രകാശിപ്പിക്കാനുമാണ് ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നത് എന്ന് മറക്കരുത്.

പലപ്പോഴും ദൈവത്തെ മറന്നുകൊണ്ടുള്ള സന്തോഷാന്വേഷണങ്ങളാണ് നമ്മുടെ ജീവിതങ്ങളെ ദുരിതമയമാക്കുന്നത്. ദൈവം എന്റെ കൂടെയുണ്ടെന്നും ഞാന്‍ ദൈവത്തിന്റെ ചാരെയാണെന്നും തിരിച്ചറിയുന്ന ഒരാള്‍ക്ക് ഒരു കാരണവശാലും തങ്ങളുടെ സന്തോഷം നഷ്ടമാകുന്നില്ല.

അതുകൊണ്ട് നമുക്ക് നമ്മുടെ സന്തോഷങ്ങളുടെ കാരണങ്ങളെ കണ്ടെത്താം. ദൈവമേ നിന്നോടൊത്തായിരിക്കുന്നതാണ് എന്റെ സന്തോഷമെന്നും നീയാണ് എന്റെ സന്തോഷത്തിന്റെ കാരണമെന്നും തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ എന്റെ സന്തോഷങ്ങളെ നീ വിശുദ്ധീകരിക്കണമേ..ഹൃദയാനന്ദം നല്കി എന്റെ ഈ ദിവസത്തെ നീ അനുഗ്രഹിച്ചാലും.

സന്തോഷത്തോടെ

വിഎന്‍.