ഈ സ്വര്‍ഗ്ഗീയ സമ്മാനം സ്വീകരിക്കാന്‍ മനസ്സിനെ സന്നദ്ധമാക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

0

 

വത്തിക്കാന്‍ സിറ്റി: ബെദ്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ ദൈവം തന്നെ തന്നെ ദാനമായി നല്കിയെന്നും അതുകൊണ്ട് ഓരോ ഹൃദയവും ഈ സ്വര്‍ഗ്ഗീയ സമ്മാനത്തെ സ്വീകരിക്കാന്‍ സന്നദ്ധമാകണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തുമസ് സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിസ്തുമസില്‍ നാം സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അപ്പത്തെ, ക്രിസ്തുവിനെ ഭൂമിയില്‍ സ്വീകരിച്ചു. ദൈവത്തെ നാം നമ്മുടെ ഹൃദയത്തിലേക്ക് സ്വീകരിച്ചു. നാം ആ സമ്മാനത്തെ സ്വീകരിക്കുകയാണെങ്കില്‍ ചരിത്രം മാറിമറിയും, നാം ഓരോരുത്തരോടും ഒപ്പം. പുല്‍ക്കൂടിന് മുമ്പില്‍ നാം നില്ക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നത് ജീവന്റെ ഈ അപ്പം നമ്മെ ഭൗതികമായി സമ്പന്നരാക്കും എന്നല്ല മറിച്ച് സ്‌നേഹം നല്കുമെന്നാണ്. ലാളിത്യം എന്താണെന്നാണ്.

പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണീശോയെ കാണാന്‍ ആട്ടിടയന്മാര്‍ തിടുക്കം കാണിച്ചതിനെ ഉദാഹരിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു ആട്ടിടയന്മാരുടെ ലാളിത്യമാണ് ആ വാക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് ക്രിസ്തുവിനെ കാണാന്‍ പ്രതിബന്ധമായി നില്ക്കുന്നത് നമ്മുടെ സ്വാര്‍ത്ഥതയും ലൗകികതയും ഉപഭോഗപരതയുമാണ്.

ദൈവമേ, എനിക്ക് ബെദ്‌ലഹേമിലേക്ക് വരണം. കാരണം നീ അവിടെ എന്നെ കാത്തിരിക്കുന്നുണ്ട്. പുല്‍ത്തൊട്ടില്‍ കിടക്കുന്ന നീ ജീവന്റെ അപ്പമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. നിന്റെ സ്‌നേഹത്തിന്റെ സുഗന്ധം അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പാപ്പ പറഞ്ഞു.