കന്മദം ഒളിപ്പിച്ച കണ്ണുനീർ

0


പാപിനിക്ക് മോചനം. (ലൂക്കാ 7 : 36)  ധ്യാനം -7

കരച്ചിൽ ഒരു മനുഷ്യന്റെ നിസ്സഹായാവസ്ഥയുടെ ഏറ്റവും പച്ചയായ പ്രകടനമാണ്. ഇനി എനിക്കൊന്നും ചെയ്യാൻ സാധിക്കില്ലെന്ന ഒരുവന്റെ ഏറ്റുപറച്ചിലാണത്. കരച്ചിലിനപ്പുറം മറ്റൊന്നും വഴിയായി ഒരാൾക്ക് തന്റെ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കാനാവില്ല. ആരും ഒരിക്കലും വെറുതെ കരയുന്നില്ല. തീവ്രമായ ആശാഭംഗങ്ങളും, വേദനയും, ഒറ്റപ്പെടലും, തിരസ്കരണവും, കുറ്റബോധവും, തെറ്റിദ്ധരിക്കപ്പെട്ട അവസ്ഥയുമൊക്കെയാണ് ഒരാളെ കരച്ചിലിന്റെ വക്കിലെത്തിക്കുക.

ഒരുവന്റെ ദുർഭഗാവസ്ഥ പ്രതിരോധിക്കാനുള്ള അവന്റെ എല്ലാ തീവ്ര ശ്രമങ്ങളും നിഷ്ഫലമാകുകയും ഇനിയൊന്നും ചെയ്യാൻ ത്രാണിയില്ലാതാകുകയും ആ ക്രൂരമായ സത്യം അവൻ തിരിച്ചറിയുകയും ചെയ്യുമ്പോൾ അവന് കരയാതിരിക്കാനാവില്ല.

ഓരോ കണ്ണുനീരിനുപിന്നിലും ഓരോ കഥയുണ്ട്. അതൊരു ശക്തമായ വികാര വിക്ഷോഭത്തിന്റെ ബഹിർസ്ഫുരണമാണ്. ഭാഷാകാലദേശ വ്യത്യാസമില്ലാതെ ഏതൊരുവനും മനസ്സിലാക്കാവുന്ന ഒരു വികാരമാണ് കരച്ചിൽ. ഏത് രാജ്യത്തും ഏതു സമയത്തും കരച്ചിലിന് ഒരു രീതിയെ ഉള്ളൂ. ലോകത്തിന്റെ ഏതുമൂലയിലും ലോകചരിത്രത്തിന്റെ ഏതു നിമിഷത്തിലും കരയുന്ന മനുഷ്യർ ഉണ്ടായിരുന്നു. 

ലാസറിനെ ഉയിർപ്പിക്കുന്ന തിരുവചനഭാഗത്ത് ‘യേശു കണ്ണീർ പൊഴിച്ചു’ (യോഹ 11:35) എന്ന ഏറ്റവും ചെറിയ തിരുവാക്യം യേശുപോലും കരഞ്ഞുവെന്നതിന്റെ തെളിവാണ്.
പാപിനിയായ സ്ത്രീ കർത്താവിന്റെ മുൻപിൽ, പാദങ്ങൾ കഴുകുമാറ് കണ്ണുനീർ അർപ്പിക്കുകയാണ്. തന്റെ ജീവിതത്തിന്റെ തിന്മകളെല്ലാം അവൾ ഒരു കണ്ണീർ മഴയിൽ ഒഴുക്കികളയുന്നു. കർത്താവിന്റെ പാദങ്ങളിൽ അവളുടെ നിസ്സഹായവസ്ഥയും, കുറവുകളും, പരാധീനതകളും, ആശകളും ആശാഭംഗങ്ങളും ഒഴു മഴയായി ഒഴുകുന്നു.
നദിയിൽ മുങ്ങിനിവരുന്ന ഒരു അനുഭൂതിയിലേക്ക് അവൾ നയിക്കപ്പെടുകയാണ്. അവൾ ഒഴുക്കിയ കണ്ണുനീരെല്ലാം അവൻ കുപ്പിയിൽ ശേഖരിച്ചിരിക്കുന്നു. ഇപ്പോഴുള്ള കരച്ചിൽ ഇനിയൊരിക്കലും കരയാതിരിക്കാനുള്ളതാണ്.

“അവിടുന്ന്‌ എന്‍റെ അലച്ചിലുകള്‍എണ്ണിയിട്ടുണ്ട്‌; എന്‍റെ കണ്ണീര്‍ക്കണങ്ങള്‍ അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്‌” (സങ്കീ 56 : 8)

ശുഭരാത്രി

🖋

️Fr Sijo Kannampuzha OM