കാറ്റക്കൂമ്പുകളുടെ ചരിത്രം

0


ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളില്‍ മരണമടഞ്ഞ ക്രൈസ്തവരാണ് പ്രധാനമായും കാറ്റക്കൂമ്പുകളില്‍ അടക്കം ചെയ്യപ്പെട്ടത്. ആ മൂന്നു നൂറ്റാണ്ടുകളില്‍ സഭ കൊടിയ പീഡനത്തിനും ഇരയായിട്ടുണ്ട്. എന്നാല്‍, റോമിലെ എല്ലാ ചക്രവര്‍ത്തിമാരും സഭയെ പീഡിപ്പിച്ചവരല്ല. ചിലര്‍ കുറച്ചുകാലം മാത്രം സഭയ്‌ക്കെതിരെ നിലകൊണ്ടവരാണ്. അങ്ങനെ ആദ്യത്തെ രണ്ടു നൂറ്റാണ്ടുകള്‍ റോമിലെ സഭ അത്രമേല്‍ പീഡനങ്ങളിലൂടെ കടന്നുപോയിട്ടില്ല.

എന്നാല്‍, മൂന്നാം നൂറ്റാണ്ടിലെ ഭരണാധികാരികള്‍ സഭയെ ഉന്മൂലനം ചെയ്യാന്‍ എല്ലാ വിധത്തിലും ശ്രമിച്ചവരാണ്. മാര്‍പാപ്പമുതല്‍ സാധാരണവിശ്വാസികള്‍ വരെ കൊടിയ പീഡനത്തിനിരയായി. അനേകര്‍ രക്തസാക്ഷികളായി. അതില്‍ നീറോ ചക്രവര്‍ത്തിയെക്കുറിച്ചും ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയെക്കുറിച്ചും കേള്‍ക്കാത്തവരുണ്ടാവില്ല. എന്നാല്‍, 313- ല്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെയും ലിസിനിയൂസിന്റേയും നേതൃത്വത്തില്‍ നടന്ന മിലാന്‍ വിളംബരത്തോടെ മതമര്‍ദ്ദനം അവസാനിച്ചു.

അങ്ങനെ തങ്ങളുടെ പ്രിയപ്പെട്ട മാര്‍പാപ്പമാരും രക്തസാക്ഷികളും അന്ത്യവിശ്രമം കൊള്ളുന്ന കാറ്റക്കൂമ്പുകള്‍ സഭയുടെ സ്വന്തമായി. ഈ രക്തസാക്ഷികളോടുള്ള ആദരവുമൂലം തുടര്‍ന്നും ഏതാണ്ട് അഞ്ചു നൂറ്റാണ്ടുവരെ വിശ്വാസികള്‍ തങ്ങളുടെ മരണമടഞ്ഞ ഉറ്റവരെ അവിടെ അടക്കാന്‍ ഇഷ്ടപ്പെട്ടു.
രക്തസാക്ഷികളോട് പ്രത്യേകഭക്തിയുണ്ടായിരുന്ന പോപ്പ് ഡമാസൂസാണ് (366- 384) വിശുദ്ധരുടെയും രക്തസാക്ഷികളുടെയും ശവകുടീരങ്ങള്‍ക്കുമീതെ കുഞ്ഞുപള്ളികളും ബസിലിക്കകളും പണിതു. നേരത്തെ സൂചിപ്പിച്ചതുപോലെ അഞ്ചാം നൂറ്റാണ്ടില്‍ കാറ്റക്കൂമ്പിനുള്ളില്‍ അടക്കുന്ന പതിവ് നിര്‍ത്തലാക്കിയതോടെ അതേ മണ്ണിനുമീതെ അടക്കം ചെയ്യാന്‍ തുടങ്ങി.

എങ്കിലും രക്തസാക്ഷികള്‍ വിശ്രമിക്കുന്ന പരിശുദ്ധ ഇടമെന്ന നിലയില്‍ ഒന്‍പതാം നൂറ്റാണ്ടുവരെയും തീര്‍ത്ഥാടകര്‍ കാറ്റക്കൂമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു. അവര്‍ക്കു പ്രാര്‍ത്ഥിക്കാനും ഒരുമിച്ചുകൂടാനുമാണ് അതിനുള്ളില്‍ അല്പം വലിയ മുറികകളും ഗ്യാലറികളും നിര്‍മ്മിച്ചത്.

എട്ടാം നൂറ്റാണ്ടായതോടെ കാറ്റക്കൂമ്പുകള്‍ അറ്റകുറ്റ പണികള്‍ ചെയ്ത് നിലനിര്‍ത്താന്‍ മാര്‍പാപ്പമാര്‍ക്കു കഴിയാതെ വന്നതോടെ തിരുശേഷിപ്പുകള്‍ നഗരത്തിനകത്തെ ദേവാലയങ്ങളിലേക്കു മാറ്റാന്‍ തുടങ്ങി. ഒരു നൂറ്റാണ്ടുകൊണ്ടാണ് അതു പൂര്‍ത്തിയായത്. അതോടെ കാറ്റക്കൂമ്പുകള്‍ പതിയെ വിസ്മരിക്കപ്പെട്ടു.

പിന്നീട് ഏഴു നൂറ്റാണ്ടിനുശേഷം ആന്റോണിയോ ബോസിയോ എന്ന പുരാവസ്തുഗവേഷകനാണ് കാറ്റക്കൂമ്പിനെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചത്. ഏതാണ്ട് മുപ്പതോളം കാറ്റക്കൂമ്പുകള്‍ അദ്ദേഹം തന്നെ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം കാറ്റക്കൂമ്പുകളുടെ ഇരുണ്ടയുഗം വീണ്ടും ആരംഭിച്ചു. പിന്നീടു വന്നവര്‍ ശാസ്ത്രീയമായ ഗവേഷണങ്ങള്‍ക്കു പകരം ശവകുടീരങ്ങളില്‍ കണ്ട ചിത്രങ്ങളും വസ്തുക്കളും മാത്രം വച്ച് ഓരോരോ നിഗമനങ്ങളിലെത്തി. അത് ഏറെ തെറ്റിദ്ധാരണകള്‍ പരത്തുന്നതിനിടയായി. ഒരുദാഹരണത്തിന് ചില ശവകുടീരങ്ങളില്‍ കണ്ട പെര്‍ഫ്യൂമുകള്‍ രക്തമാണെന്നു തെറ്റിദ്ധരിച്ച്, അവിടെ അടക്കിയിരുന്നത് രക്തസാക്ഷിയാണെന്നവര്‍ സാക്ഷ്യപ്പെടുത്തി. വേറെ ചിലര്‍, തങ്ങള്‍ വ്യക്തിപരമായ നേട്ടങ്ങളുണ്ടാക്കുന്ന വസ്തുക്കള്‍ സ്വന്തമാക്കി. അതും പോരാഞ്ഞ് കാറ്റക്കൂമ്പുകള്‍ക്ക് മുകളിലെ മുന്തിരിത്തോട്ടങ്ങളുടെ ഉടമസ്ഥര്‍ തോട്ടത്തിലെ കളപ്പുരകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സാധനങ്ങള്‍ കാറ്റക്കൂമ്പുകളില്‍ നിന്ന് എടുത്തു. കല്ലുകളും കല്ലറ അടച്ചിരുന്ന മാര്‍ബിള്‍ കല്ലുകളുമൊക്കെ അവരതിന് ഉപയോഗിച്ചു.

അങ്ങനെ പുതുക്കിപ്പണിയാനാവാത്തവിധം പെയിന്റിംഗുകളും, പേരുകളും മറ്റു പ്രധാനവിവരങ്ങളും രേഖപ്പെടുത്തിയിരുന്ന മാര്‍ബിള്‍ ശിലകളുമൊക്കെ തകര്‍ക്കപ്പെട്ടു.

പത്തൊമ്പതാം നൂറ്റാണ്ടാണ് കാറ്റക്കൂമ്പുകളുടെ സുവര്‍ണകാലം. ക്രിസ്ത്യന്‍ പൗരാണികതയെക്കുറിച്ച് ആഴമേറിയ പഠനത്തിനു തുടക്കം കുറിച്ചത് ഈശോ സഭാവൈദികനായ ഫാ. ജോസഫ് മാര്‍ച്ചിയാണ് (1795- 1860). തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യനായ ജിയോവാനി ബാറ്റിസ്റ്റ റോസ്സി (1822- 1894) കാറ്റക്കൂമ്പുകളെക്കുറിച്ച് കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ ശേഖരിച്ചത്. ഏതാണ്ട് എട്ടു നൂറ്റാണ്ടുകളോളം വിസ്മൃതമായിക്കിടന്ന ഈ പുണ്യഭൂമി വീണ്ടും കണ്ടെത്തിയ ആ കഥ പിന്നീടു പറയാം.

സിസ്റ്റര്‍ ശോഭ സിഎസ് എന്‍