പുണ്യഭൂമിയിലൂടെ 2

0

ബൈബിള്‍ പ്രാധാന്യമുള്ള അനവധി സ്ഥലങ്ങൾ ജോർദ്ദാനിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നെബോ കൊടുമുടിയാണ്. വിശുദ്ധനാട് സന്ദർശനത്തില്‍ ഏറ്റവും ആദ്യം ഞങ്ങൾ പോയത് നെബോ മലയിലേക്കാണ് . ഈ മലമുകളിൽ വച്ചാണ് ദൈവം മോശക്ക് വാഗ്ദാനഭൂമി കാണിച്ചു കൊടുത്തത്.

പിച്ചളസര്‍പ്പത്തിന്‍റെ ചുവട്ടില്‍

ജോർദ്ദാന്റെ തലസ്ഥാനമായ അമാനിൽ നിന്നും നാല്പതു കിലോമീറ്റർ അകലെയാണ് നെബോ മല. ആദ്യമായി മൗണ്ട് നെബോയിൽ എത്തിയത് ഫ്രാൻസിസ്കൻ സന്യാസിമാരായിരുന്നു . നെബോ മലയിൽ ഫ്രാൻസിസ്കൻ സന്യാസിമാർ നിർമ്മിച്ച പള്ളിയാണ് ഇപ്പോഴുള്ളത്.ഫ്രാൻസിസ്കൻ ആർക്കിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനവും മൗണ്ട് നെബോയിൽ കാണാം.

ഇപ്പോൾ നിലവിലുള്ള പള്ളിക്കകത്ത് പുരാതനമായ ഒരു ബൈസൻറ്റൈൻ പള്ളിയുടെ നാശാവശിഷ്ടങ്ങൾ കാണാം. അതിന്റെ തൂണും മൊസൈക്ക് തറയും അതേപടി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.ഒരു ചെറിയ മ്യൂസിയവും സന്ദർശകർക്കായി നെബോ മലയിൽ ഒരുക്കിയിട്ടുണ്ട്. രണ്ടായിരാമാണ്ടിൽ മഹാ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ജോൺ പോൺ രണ്ടാമൻ മാർപാപ്പ ഇവിടെ സന്ദർശിച്ചതിന്‍റെ സ്മരണയ്ക്കായി മഹാജൂബിലി സ്മാരക സ്തൂപവും, പരിശുദ്ധ പിതാവ് നട്ട ഒലിവുമരവും ഇവിടെ കാണാം.

ആ ദേവാലയത്തിന്റെ പുറത്ത് പിച്ചള സർപ്പത്തിന്റെ ഒരു പ്രതീകം കാണാം. മരുഭൂമിയിൽ ഇസ്രായേൽജനം സർപ്പദംശനമേറ്റ് മരിക്കുവാൻ തുടങ്ങിയപ്പോൾ ദൈവം മോശയോട് ഒരു പിച്ചള സർപ്പത്തെ നിർമ്മിക്കുവാൻ കൽപിച്ചു. പിച്ചള സർപ്പത്തെ നോക്കിയവരെല്ലാം സർപ്പദംശനത്തിൽ നിന്ന് രക്ഷപെട്ടു. ആ സംഭവത്തിന്റെ സ്മരണ നിലനിർത്തുന്നതിനാണ് നെബോ മലയിൽ പിച്ചള സർപ്പത്തിന്റെ പ്രതീകം സ്ഥാപിച്ചിട്ടുള്ളത്. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തി മൂന്നൂറ് അടി ഉയരത്തിലുള്ള നെബോ മലയിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ദൂരെ ജറീക്കോ പട്ടണവും ഇടതുഭാഗത്തായി ജോർദ്ദാൻ നദി ഒഴുകുന്നതും, അതിനും അപ്പുറത്ത് ചാവുകടലിന്റെ ഒരു ഭാഗവും നമുക്ക് കാണുവാൻ സാധിക്കും. 

ഈജിംപ്റ്റിൽ നിന്ന് മോശ ഇസ്രായേൽ ജനത്തെ മോചിപ്പിച്ച് കനാൽ ദേശത്തേക്ക് കൊണ്ടുപോയി. കനാൻ ദേശത്തേക്ക് കാൽ വയ്ക്കുവാൻ ദൈവം മോശയെ അനുവദിച്ചില്ല. എങ്കിലും വാഗ്ദാനനാടിന്റെ ഒരു ദീർഘദൂര വീക്ഷണം ദൈവം മോശക്ക് നൽകി. നിയമാവർത്തനം 34:1 ൽ നമുക്ക് അത് കാണുവാൻ സാധിക്കും. നെബോ പർവ്വതത്തിലെ പിഗ്സാ കൊടുമുടിയിൽ നിന്നുമാണ് മൂവായിരത്തി അഞ്ഞൂറു വർഷങ്ങൾക്കു മുമ്പ് മോശക്ക് ഈ ദൃശ്യം ലഭിച്ചത്. ഇപ്പോൾ ഇവിടെ വലിയ ഒരു ദേവാലയത്തിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു.

നിയമാവർത്തന പുസ്തകം മുപ്പത്തിനാലാം അധ്യായത്തിൽ നാം ഇപ്രകാരം കാണുന്നുണ്ട് കർത്താവ് അവനോട് പറഞ്ഞു. “നിന്റെ സന്തതികൾക്ക് നൽകുമെന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ഞാൻ ശപപഥം ചെയ്ത ദേശമാണിത്. ഇത് കാണുവാൻ ഞാൻ നിന്നെ അനുവദിച്ചു. എന്നാൽ നീ ഇതിൽ പ്രവേശിക്കുകയില്ല. കർത്താവിന്റെ ദാസനായ മോശ അവിടുന്നരുളി ചെയ്തതുപോലെ മൊവാബു ദേശത്തു വച്ചു മരിച്ചു എന്നാണ് പറയപ്പെടുന്നത്. അവിടെ തന്നെയുള്ള താഴവരയിൽ സംസ്കരിക്കപ്പെടുകയും ചെയ്തു.

എന്നാൽ മോശയുടെ ശവകുടീരത്തിന്റെ സ്ഥാനം എവിടെയാണെന്ന് ആർക്കും അറിയില്ല,ഇന്നും.(തുടരും…)

ഫാ. അനീഷ് കരുമാലൂര്‍ ഒപ്രേം