ആശ്രയിക്കാവുന്ന ബലി

0

ഇന്ന് അങ്ങയുടെ സന്നിധിയില്‍ ഞങ്ങളുടെ ബലി ഇങ്ങനെയാണ്. ഞങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ അങ്ങയെ അനുഗമിക്കും. എന്തെന്നാല്‍ അങ്ങയില്‍ ആശ്രയിക്കുന്ന ആരും ലജ്ജിക്കേണ്ടി വരികയില്ല.
(ദാനിയേല്‍ 3:17)

ഏറ്റവും വലിയ ബലി അനുസരണമാണ്. അവിടെ തന്റെ ഹിതങ്ങളും ഞാന്‍ എന്ന ഭാവങ്ങളും ഉപേക്ഷിക്കപ്പെടുന്നു. അനുസരിക്കാന്‍ സന്നദ്ധനാകുന്നവരെയെല്ലാം അനുഗ്രഹിക്കുന്ന ദൈവത്തെയാണ് നാം ബൈബിളില്‍ കണ്ടുമുട്ടുന്നതും.

ആറ്റുനോറ്റുണ്ടായ മകനെ അന്ന് ദൈവഹിതപ്രകാരം ബലിയര്‍പ്പിക്കാന്‍ പോയ അബ്രഹാം ലോകത്തോടും ചരിത്രത്തോടും കാണിച്ചുതന്നതും പറഞ്ഞുതന്നതും അതുതന്നെയായിരുന്നു. പിന്നെ, പുതിയ നിയമത്തില്‍ ,എങ്കിലും പിതാവേ എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം നിറവേറട്ടെയെന്ന് സന്നദ്ധനാകുന്ന ക്രിസ്തുവിന്റെ അനുസരണത്തിന്റെ മഹാ ബലിയും നാം കാണുന്നു.

ഓരോ ബലിയര്‍പ്പണത്തിലും അനുസരണമുണ്ട്. മറ്റൊരാളെ അനുസരിക്കാന്‍ ഒരുവനെ യഥാര്‍ത്ഥത്തില്‍ പ്രേരിപ്പിക്കേണ്ടത് അയാളോടുള്ള സ്‌നേഹമായിരിക്കണം. ഭയം കൊണ്ടുള്ള അനുസരണങ്ങളില്‍ സ്‌നേഹത്തിന്റെ ദീപം തെളിയുന്നില്ല. കണ്ണുംപൂട്ടിയൊക്കെ ഒരാളെ പിന്തുടരാനും കൂടെച്ചെല്ലാനും പ്രേരിപ്പിക്കുന്നതും സ്‌നേഹവും സ്‌നേഹത്തില്‍ പൊതിഞ്ഞ അനുസരണവും തന്നെ.

അനുസരണം ബലിയാകണം. ബലി അനുസരണമാകണം. പൂര്‍ണ്ണഹൃദയത്തോടെയുള്ള അര്‍പ്പണത്തിലും സ്‌നേഹത്തിലും മാത്രമേ ബലി പൂര്‍ണ്ണമാകുകയുള്ളൂ. ദിനേന ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ബലിയര്‍പ്പണത്തിന്റെ ഓര്‍മ്മ പുതുക്കപ്പെടാറുണ്ടെങ്കിലും ഇന്നത്തെ ദിവസത്തെ ബലിയര്‍പ്പണം സവിശേഷമായ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. അത് വിശുദ്ധമായ ഞായര്‍ എന്നതുകൊണ്ടാണ്.

വിശുദ്ധ കുര്‍ബാനയെക്കാള്‍ മഹത്തായ ബലിയര്‍പ്പണം വേറൊന്നില്ല. അതിലും ആശ്രയിക്കാന്‍ കഴിയുന്നതായ മറ്റൊരു സ്‌നേഹവും നമുക്കില്ല. ഈശോയേ നീയര്‍പ്പിച്ച ബലിയുടെ ഓര്‍മ്മ പുതുക്കിക്കൊണ്ട് നിന്റെ അള്‍ത്താരയുടെ മുമ്പില്‍ നില്ക്കുമ്പോള്‍ നിന്നെ പൂര്‍ണ്ണഹൃദയത്തോടെ അനുഗമിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ.

നിന്നില്‍ ആശ്രയിക്കുന്ന ആരും ലജ്ജിക്കേണ്ടിവരികയില്ലെന്ന തിരുവചനത്തിന്റെ ശക്തിയാല്‍ ഞങ്ങളുടെ ജീവിതങ്ങളെയും മോഹങ്ങളെയും ഭാവിസ്വപ്നങ്ങളെയും നിന്റെ കൈകളിലേക്ക് നീട്ടിത്തന്ന് നിന്നില്‍ മാത്രം ആശ്രയിക്കാന്‍ ഞങ്ങള്‍ക്ക് ശക്തി നല്കിയാലും.

വൈദികന്‍ ഉയര്‍ത്തുന്ന കാസയിലേക്കും പീലാസയിലേക്കും ഞങ്ങളുടെ കണ്ണീരും സ്വപ്നങ്ങളും ചേര്‍ത്തുവയ്ക്കാന്‍ മാത്രം നിന്നോടുള്ള സ്‌നേഹവും ആശ്രയത്വവും ഞങ്ങളുടെ ഉള്ളങ്ങളില്‍ നിറയട്ടെ. ഇന്നേ ദിവസത്തിന്റെ ഓരോ നിമിഷത്തിലും നിന്നില്‍ ആശ്രയം കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിയുമാറാകട്ടെ.

ആമ്മേന്‍
സസ്‌നേഹം
വിഎന്‍.