ഏറ്റവും വലിയ സമ്മാനത്തിനായി ആഗ്രഹിക്കുക

0

മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്‌ടരായ നിങ്ങള്‍ക്ക്‌ അറിയാമെങ്കില്‍, സ്വര്‍ഗസ്‌ഥനായ പിതാവ്‌ തന്നോടു ചോദിക്കുന്നവര്‍ക്ക്‌ എത്രയധികമായി പരിശുദ്‌ധാത്‌മാവിനെ നല്‍കുകയില്ല! (ലൂക്കാ 11 : 13)

രു കോടി രൂപയും ഒരു ബെൻസ് കാറും എന്നൊക്കെ ലോട്ടറിക്കാരുടെ സമ്മാനവാർത്ത കേട്ട് ചെറുപ്പത്തിൽ ഓർത്തിട്ടുണ്ട്, ഒരാൾക്ക് ഭൂമിയിൽ കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം എന്നൊക്കെ. പ്രായം മുന്നോട്ടു പോയപ്പോൾ അതിലും വലുത് ഏതെന്നായി.. വീട് ? കണക്കില്ലാത്ത സമ്പത്ത്? പ്രശസ്തി?ലോകം തരുന്ന നിരവധി  സുഖങ്ങൾ.. ? 

സ്വർഗത്തിൽനിന്ന് ഭൂമിയിലെ ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം ഏതായിരിക്കും എന്ന ചോദ്യത്തിന് ക്രിസ്തുവിന് ഒറ്റ ഉത്തരമേയുള്ളൂ,

പരിശുദ്ധാത്മാവ് ! 

എല്ലാം അറിയുന്ന അവന് ഭൂമിയിലെ എല്ലാ നന്മകളും സാധ്യമാണെന്ന് തന്നെ കാരണം. 
ദൈവം കൂട്ടിന് തന്ന സഹായകനായ ദിവ്യാത്മാവിനോട് കൂട്ടുകൂടി തുടങ്ങണം, ഇടയ്ക്കൊക്കെ വിളിച്ച് കൂടെ നിർത്തണം, സഹായം ചോദിക്കണം.പിന്നെ, കൂട്ടുകാരാ, നീ ഒരു പുതിയ മനുഷ്യനാണ്.. 

ആത്മാവേ വരിക, നീ തരുന്ന പുതിയ ഉൾകാഴ്ചകളും പുതിയ ആനന്ദങ്ങളും കൊണ്ട് എന്നെ വിരുന്നൂട്ടുക, എനിക്ക് മതി വരുവോളം ! 

കൃപ നിറഞ്ഞ ഒരു ദിവസം സ്നേഹപൂർവം.. 

ഫാ. അജോ രാമച്ചനാട്ട്