പ്രത്യാശ

0

ദൈവഭക്തിയില്ലാത്തവന്റെ പ്രത്യാശ നശിക്കും.( ജോബ് 8: 13)

ഉണങ്ങിവരണ്ട ഭൂമിക്കടിയില്‍ നിന്ന് തല നീട്ടുന്ന പച്ചപുല്‍നാമ്പാണ് പ്രത്യാശ. ഇരുട്ടില്‍ തെളിഞ്ഞുവരുന്ന മെഴുതിരിവെട്ടമാണ് പ്രത്യാശ.

കാരണം മാനുഷികമായി നോക്കുമ്പോള്‍ ഒന്നും ഇല്ലാതെ വരുമ്പോഴും എല്ലാം അസാധ്യമെന്ന് ലോകം പറയുമ്പോഴും അതിനപ്പുറമായി എന്തോ ഒന്നു സംഭവിക്കുമെന്ന് ഒരുവന്‍ ആത്മാവില്‍ വിശ്വസിക്കുകയാണെങ്കില്‍ അവന് പ്രത്യാശയുണ്ടെന്ന് പറയാം.

അവന്‍ അവന്റെ കഴിവുകളില്‍ ആശ്രയിക്കുന്നില്ല, മറ്റുള്ളവരുടെ വാക്കുകളില്‍ മനസ്സ് കുരുക്കുന്നില്ല. അതിനപ്പുറമുള്ള ഒരു ലോകത്തിലേക്കാണ് അവന്റെ നോട്ടവും മനസ്സും. ഇത് എല്ലാവര്‍ക്കും സാധിക്കുന്ന ഒരു കാര്യമാണെന്ന് തോന്നുന്നില്ല. ആത്മാവില്‍ ദൈവത്തിന്റെ വെളിച്ചം ഇത്തിരിയെങ്കിലും ഉള്ളവര്‍ക്ക് മാത്രമേ പ്രത്യാശയോടെ ലോകത്തെയും ഭാവിയെയും കാണാന്‍ കഴിയൂ.

പലരുടെയും പ്രത്യാശ ക്ഷണികമാണ്. ദീര്‍ഘകാലം നിലനില്ക്കാന്‍ അവയ്ക്ക് കരുത്തില്ല. ഏതെങ്കിലുമൊരു പ്രതികൂലത്തിന്റെ മുമ്പില്‍ പ്രത്യാശ നഷ്ടപ്പെട്ടവരായി മാറിയിരിക്കുന്ന എത്രയോ പേരുണ്ട് ചുറ്റിനും. എന്തുകൊണ്ടാണ് അവരുടെ പ്രത്യാശ ക്ഷണികമാകുന്നത്? ഒരു പക്ഷേ അവരുടെ ദൈവഭക്തിയില്ലായ്മയോ അതിലുള്ള കുറവോ ആയിരിക്കുമോ?

ദൈവഭക്തിയില്ലാത്തവന്റെ പ്രത്യാശ നശിക്കുമെന്ന തിരുവചനം ഓര്‍മ്മിപ്പിക്കുന്നത് അത്തരമൊരു സൂചനയിലേക്കാണ്.
ദൈവഭക്തി ഒരുവന്റെ അലങ്കാരം തന്നെയാണ്. അവന് ആവശ്യവുമാണ്. ജീവിതത്തിലെ സഹനങ്ങളിലും തിരിച്ചടികളിലും ചതികളിലും വിശ്വാസവഞ്ചനകളിലുമെല്ലാം ഒരുവന്‍ അമ്പേ തകര്‍ന്നുപോകാതെ നില്ക്കാന്‍ കഴിയുന്നത് അവന് ദൈവഭക്തിയുള്ളതുകൊണ്ടുകൂടിയാണ്.

പ്രത്യാശയില്‍ ജീവിക്കണോ, സാഹചര്യങ്ങളെയും ഭാവിയെയും പ്രത്യാശയോടെ നോക്കിക്കാണണമോ നാം ദൈവഭക്തി അഭ്യസിക്കണം..അനുദിനം അതില്‍ വളരണം.

ദൈവമേ നിന്നോടുള്ള ഭക്തിയും സ്‌നേഹവും ഓരോ നിമിഷവും എന്റെ ഹൃദയത്തില്‍ വളര്‍ത്തണമേ.പ്രത്യാശനഷ്ടപ്പെടുമ്പോഴും കുരിശുകളില്‍ പിറുപിറുക്കുമ്പോഴും ദൈവഭക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയണമേ.
ദൈവഭക്തിയില്‍ ഉറച്ചു നിന്നുകൊണ്ട്

സസ്‌നേഹം
വിഎന്‍.