നിത്യരക്ഷ എങ്ങനെ?

0

നല്ലസമറിയാക്കാരൻ (ലൂക്കാ 10: 25-37) ധ്യാനം -2

“എനിക്ക് നിത്യമായ രക്ഷ ലഭിക്കാനായി ഞാൻ എന്താണ് ചെയ്യേണ്ടത്?”- ഓരോ ദൈവവിശ്വാസിയും ആദ്യം സ്വന്തമായും, പിന്നെ ചുറ്റുമുള്ളവരോടും, അവസാനം മുകളിലോട്ടും നോക്കി ചോദിക്കേണ്ട ചോദ്യം. ഈ ചോദ്യം ഉയരുക ഒരു ദൈവവിശ്വാസമുള്ള, ആത്മീയവളർച്ച ആഗ്രഹിക്കുന്ന ഒരാളുടെ ഹൃദയത്തിൽ നിന്നായിരിക്കും. തന്റെ ഭൗമീകമായ ക്രയവിക്രങ്ങളിൽനിന്ന് പിൻവലിഞ്ഞു, ഗഹനമായി ധ്യാനിക്കുന്നവൻ, ഉറക്കമൊഴിഞ്ഞു ഉത്തരം തേടുന്ന ഒരു ചോദ്യമാണിത്. ഈ ചോദ്യം നിസ്സാരമാണ്, എന്നാൽ ഈ ചോദ്യത്തിലേക്കെത്തുക എളുപ്പമല്ല.

ഭൗമീകജീവിതം ശാശ്വതമല്ലെന്നും, ഈ ഭൂമിയിലെ നിമിഷങ്ങൾ കാറ്റ് പോലെ കടന്നുപോകുമെന്നും, ഞാൻ കണ്ടെത്തേണ്ടതും നേടിയെടുക്കേണ്ടതുമായ ചിലതെല്ലാം അവശേഷിക്കുന്നുണ്ടെന്നും, അതിനുവേണ്ടി ഈ ഭൂമിയിൽ നിന്നുതന്നെ പ്രായത്നിക്കേണ്ടിയിരിക്കുന്നുവെന്നും വെളിപ്പെട്ടുകിട്ടുന്നവനാണ് ഈ ചോദ്യം ഉന്നയിക്കുക. ഈ ഭൂമിയിലെ നിസ്സാരതയെല്ലാം തിരിച്ചറിഞ്ഞ ബുദ്ധനെപ്പോലെ, അശോകനെപ്പോലെ, വിവേകാനന്ദനെപ്പോലെ താൻ തിരിച്ചെത്തേണ്ട ഇടം തിരയുന്നവൻ ചോദിക്കുന്ന ചോദ്യമാണ്- “നിത്യ ജീവൻ അവകാശമാക്കാൻ ഞാൻ എന്തുചെയ്യണം”. ഞാൻ പുറപ്പെട്ട ബിന്ദു ഈശ്വരനാണെന്നും തിരിച്ചെത്തേണ്ടത് ആ ബിന്ദുവിലാണെന്നും ബോധ്യപ്പെടുമ്പോൾ അവൻ ജ്ഞാനിയാകുന്നു. ആഴിയിലെ നീർത്തുള്ളി മഴയായിപ്പെയ്ത്, ചോലകളിലൂടെ, അരുവികളിലൂടെ, നദികളിലൂടെ, അവസാനം തിരികെ സമുദ്രത്തിലെത്തുന്നതുപോലെ, ദൈവത്തിൽ നിന്ന് ആരംഭിച്ച നാം, പലവിധ വഴികളിലൂടെ, അനുഭവങ്ങളിലൂടെ, ഇടങ്ങളിലൂടെ, അവസ്ഥകളിലൂടെ തിരികെ അവനിൽ സമാധിപ്രാപിക്കുന്നു.

പക്ഷേ, ഈ വിശ്വപ്രസിദ്ധചോദ്യം ചോദിച്ചവനെ ബൈബിൾ ഓർക്കുന്നില്ല. ആരാണ് ഈ ശ്രേഷ്ഠമായ ചിന്ത ഉന്നയിച്ചതെന്നു സുവിശേഷകൻ തുറന്നുപറയുന്നില്ല. ചോദ്യം ശ്രേഷ്ഠമാണെങ്കിലും ചോദിച്ചത് കർത്താവിനെ പരീക്ഷിക്കാനായിരുന്നു എന്നുള്ളതിൽ എല്ലാം നിറംകെടുകയാണ്. ബൈബിളിന്റെ താളുകളിൽ എന്നും എഴുതിചേർക്കപ്പെടാവുന്ന, എല്ലാവരും ബഹുമാനപൂർവ്വം ഓർക്കാൻ ഇടയാകുമായിരുന്ന ആ പേര്, അദൃശ്യമായിപ്പോകുന്നു. കർത്താവിനെ ആൽക്കൂട്ടത്തിനിടയിൽ വച്ച് പരീക്ഷിച്ചു വലിയവനാകാമെന്ന ചിന്തയാണ്, നിയമഞ്ജനെ തോല്പിച്ചുകളഞ്ഞത്, അനാമികനാക്കിയത്.

നമുക്കും ഓർക്കാം – അഹങ്കാരികളില്‍നിന്ന്‌ അവള്‍ (ജ്ഞാനം) അകന്നു വര്‍ത്തിക്കുന്നു; നുണയരുടെ ചിന്തയ്‌ക്ക്‌ അവള്‍ (ജ്ഞാനം) അപ്രാപ്യയാണ്‌ (പ്രഭാഷകന്‍ 15 : 8).

ശുഭരാത്രി

🖋Fr Sijo Kannampuzha OM