രണ്ടാമത്തെ നൂറുരൂപ

0


പ്രളയബാധിതരെ സഹായിക്കുന്നതിന് സംഭാവന കൊണ്ടുവരണമെന്ന് ടീച്ചര്‍ കുട്ടികളോട് പറഞ്ഞു. നാലാംക്ലാസുകാരനായ ആദര്‍ശ് പിറ്റേന്ന് നൂറുരൂപ ക്ലാസ്ടീച്ചറായ റോസിലി ടീച്ചറെ ഏല്പിച്ചുകൊണ്ട് പറഞ്ഞു:

”ഇത് അച്ഛന്‍ തന്ന പൈസയാണ്, വെള്ളപ്പൊക്കത്തില്‍ പെട്ടവരെ സഹായിക്കാന്‍’.” ടീച്ചര്‍ നന്ദിയോടെ അവന്റെ കൈയില്‍നിന്ന് സംഭാവന സ്വീകരിച്ചു.  അടുത്ത പീരിയഡില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ജിന്‍സിടീച്ചര്‍ ക്ലാസിലെത്തിയപ്പോള്‍ അവന്‍ ടീച്ചറിന്റെ അരികിലെത്തി. പോക്കറ്റില്‍ നിന്ന് നൂറുപരൂപയെടുത്ത് നീട്ടി. അതുകണ്ട ടീച്ചര്‍ പറഞ്ഞു : ”പ്രളയത്തിന്റെ സംഭാവന റോസിലിടീച്ചറെ ഏല്പിച്ചാല്‍ മതി.യല്ലോ.” ”അതു ഞാന്‍ കൊടുത്തു ടീച്ചറേ.” ”പിന്നെ ഇതെന്തിനാ?” ”ടീച്ചറിന്റെ വീട്ടില്‍ വെള്ളം കേറിയെന്നും ഒത്തിരി നഷ്ടം വന്നെന്നും റോസിലിടീച്ചര്‍ ഞങ്ങളോട് പറഞ്ഞല്ലോ. ടീച്ചറിനു തരാന്‍ ഞാന്‍ കൊണ്ടുവന്നതാ.”

ആ കുരുന്നുശിഷ്യന്റെ മുമ്പില്‍ ഗുരുനാഥ നമ്രശിരസ്‌കയായി നിന്നു.  നൂറുരൂപ വലിയൊരു തുകയല്ല. എന്നാല്‍ ആദര്‍ശിന്റെ നൂറുരൂപയ്ക്ക് മുതിര്‍ന്ന ഒരാളുടെ ഒരു ലക്ഷം രൂപയേക്കാള്‍ മൂല്യമുണ്ട്. ആ കുഞ്ഞുമനസിലെ നന്മയ്ക്ക് ലക്ഷത്തേക്കാള്‍ വിലയുണ്ട്. അത്തരം മനസുള്ള കുഞ്ഞുങ്ങളാണ് സമൂഹത്തിന്റെയും നാടിന്റെയും ഭാവിക്ക് ഉപകരിക്കുന്നത്.

ഉള്ളതില്‍നിന്ന് അല്പം, അതെത്ര ചെറുതായാലും ഇല്ലാത്തോര്‍ക്കായി നല്‍കാനുള്ള മനസ് നിങ്ങള്‍ക്കുണ്ടോ? ഉണ്ടെങ്കില്‍ നമ്മുടെ നാട് കൂടുതല്‍ നല്ലതായിത്തീരും. 

ഷാജി മാലിപ്പാറ