ബാല്യത്തിന്റെ പല ഗുണ വിശേഷങ്ങളും ഇന്നെനിക്കു ഓർമ മാത്രമാണ് . ഗൃഹാതുരത്വത്തിന്റെ ഈ വേളകളിൽ ഒരു ഓർമ്മ പെടുത്തലെന്നോളം ക്രിസ്തു പറഞ്ഞുവെക്കുകയാണ് – ശിശുക്കളെ പോലെ ഉള്ളവർക്കാണ് സ്വർഗ്ഗയോഗം.
ശിശു സഹജമായ നൈർമല്യത്തെയാകണo ക്രിസ്തു ഇവിടെ പരാമർശിക്കുന്നത്. ഈ നൈർമല്യം നഷ്ടപ്പെടുന്ന സ്ഥിതിവിശേഷത്തെ കപടത എന്ന് വിളിച്ചാൽ അത് തെറ്റല്ല . കാരണം നിർമലതയുള്ള ജീവിതത്തിൽ കാട്ടികൂട്ടലുകൾക്ക്സ്ഥാനമില്ല . ഇന്നെന്റെ ജീവിതം തന്നെ ഒരു കാട്ടികൂട്ടലാണെന്ന് സമ്മതിക്കാതെ വയ്യ.
പ്രഭാതം മുതൽ ശുഭരാത്രി വരെയുള്ള ഒരു അഭിനയം . അഭിനയ കളരിയിൽ പയറ്റി തെളിയുന്ന എന്റെ ഈ അവസ്ഥക്ക് എന്നാണ് ഒരു വിരാമം? ഇവിടെ ഞാനെന്ന സത്യത്തെ പോലും വിസ്മരിക്കലാണ് കപടത. ആരൊക്കെയോ ആകാനുള്ള ആവേശത്തിമർപ്പിനിടയിൽ ഞാൻ ആരെല്ലാമോ ആയിത്തീരുകയാണ്. ആയിതീരേണ്ടതാകാതെ അരുതാത്തതായിത്തീരുന്ന ഈ പരിണാമത്തെ എന്ത് പേരിട്ടാണ് വിളിക്കുക?
ഈ വ്യഗ്രതകൾക്കിടയിലും പ്രശoസിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്നിലെ പുറംമോടിയെ മറ്റുള്ളവർ വാഴ്ത്തിപാടുമ്പോഴുo എന്നിലെ അകത്തളം ആരും കാണുന്നില്ലല്ലോ എന്ന സമാധാനം ആണ് എന്നെ ആനന്ദമണിയിക്കുന്നത്. ഈ പ്രതിഭാസത്തെയാകാം ക്രിസ്തു വെള്ളയടിച്ച കുഴിമാടങ്ങളെ എന്ന പ്രയോഗത്തിലൂടെ വരച്ചുവക്കുന്നത്.
എന്നെ ഞാൻ തന്നെ വഞ്ചിക്കുകയാണെന്ന തിരിച്ചറിവ് അല്പം വൈകിയാണെങ്കിലും എന്നിൽ മുളയെടുക്കട്ടെ. അവിടെയും തമ്പുരാൻ്റെ വചനങ്ങൾ എൻ്റെ കർണപുടങ്ങളിൽ അലയടിക്കുന്നുണ്ട്. എന്നെ ഞാൻ തന്നെ വഞ്ചിക്കുകയാണെന്ന തിരിച്ചറിവ് അല്പം വൈകിയാണെങ്കിലും എന്നിൽ മുളയെടുക്കട്ടെ. അവിടെയും തമ്പുരാന്റെ വചനങ്ങൾ എന്റെ കർണപുടങ്ങളിൽ അലയടിക്കുന്നുണ്ട്.
മൂഢാ ഈ രാത്രിയിൽ നിൻ്റെ ആത്മാവിനെ ഞാൻ ആവശ്യപ്പെട്ടാൽ…? ശരിയാണ്, ഞാനൊരു മൂഢനാണെന്ന സത്യം സമ്മതിക്കാതെ വയ്യ. ഞാനെന്റെ ഉള്ളിലെ ശൂന്യതയെ തിരിച്ചറിയേണ്ടിയിരിക്കുന്നു.
എല്ലാവരെയും കബളിപ്പിച്ചുള്ള ഈ യാത്രക്ക് എവിടെയാണ് അവസാനം എന്ന ചോദ്യത്തിനു എനിക്ക് ഇനിയും ഉത്തരമില്ല. ഉപേക്ഷിക്കേണ്ട പലതും ഉപേ ക്ഷിച്ചാൽ എന്റെ യഥാര്ത്ഥ മുഖം എല്ലാവർക്കും വെളിവാകില്ലേ എന്ന ഉൾഭയം ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടു ഉരുളുവാൻ എന്നെ നിർബന്ധിക്കുന്നു. അറിഞ്ഞുകൊണ്ട് പലതിനെയും ഇനിയും വിസ്മരിക്കുന്നതിവിടെയാണ്. ഫ്രിജോ തറയിൽ