മുഖം കാണുന്ന വചനം

0


ശിരസ് നമിച്ചു വിലപിച്ചു നടക്കുന്ന ആഭാസന്‍ ഉണ്ട്. അവന്റെ ഹൃദയം നിറയെ കാപട്യമാണ്.
(പ്രഭാ 19:26)

പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് കണ്ണാടിയില്‍ നോക്കുമ്പോള്‍ പ്രതിബിംബിച്ചു കാണുന്നതുപോലെയാണ് ചില വചനങ്ങള്‍ക്ക് മുമ്പില്‍ നില്ക്കുന്ന അനുഭവം. നീയെന്താണോ അതേപടി നിന്നെ കാണിച്ചുതരുന്ന വചനങ്ങള്‍. ഉള്ളിലെ കലക്കങ്ങളെയും പുകപടലങ്ങളെയും പകര്‍ത്തിത്തരുന്നവ. ഒരു കണ്ണാടിക്ക് മുമ്പില്‍ നില്ക്കുന്നതുപോലെ ജീവിതത്തിലെയും ആത്മാവിലെയും കറകളെയും മാലിന്യങ്ങളെയും ചൂണ്ടിക്കാണിച്ചുതരുന്നവ. അതുപോലെയൊരു വചനത്തിന്റെ മുമ്പിലാണ് ഈ പ്രഭാതത്തില്‍ നമ്മള്‍ നില്ക്കുന്നത്.

പ്രാര്‍ത്ഥനക്കാരനെന്നും നിത്യവും പള്ളിയില്‍ പോകുന്നവനെന്നും ആത്മീയ പ്രസംഗകനെന്നും എഴുത്തുകാരനെന്നുമൊക്കെ മറ്റുള്ളവരുടെ നാവിന്‍ത്തുമ്പാല്‍ പേരു കേള്‍പ്പിച്ചിട്ടും പതിയുന്ന വിശേഷണങ്ങള്‍ക്കപ്പുറം ജീവിതം കൊണ്ടുനടക്കുന്നവരെയെല്ലാം ഈ വചനം പിടിച്ചുകുലുക്കും. കാരണം എല്ലാ നല്ല വചനങ്ങള്‍ക്കും അപ്പുറം എന്റെ ഹൃദയത്തിലെ കാപട്യങ്ങള്‍ എനിക്കറിയാവുന്നതുകൊണ്ട്.അതെ
ബാഹ്യഭാവങ്ങളില്‍ മാത്രം നല്ലവനെന്ന് പേരുകേള്‍പ്പിച്ച്, എന്നാല്‍ ആന്തരികമായി അത്രമേല്‍ നല്ലവരാകന്‍ കഴിയാതെ പോകുന്നവരാണ് പലരും.

മറ്റുള്ളവരോട് സരസമായും ഹൃദ്യമായും സംസാരിച്ച് വിശ്വാസവും സ്‌നേഹവും ആര്‍ജ്ജിച്ചെടുക്കുമ്പോഴും നല്ലവനെന്ന ഇമേജ് നിലനിര്‍ത്തുമ്പോഴും ഓരോരുത്തരും സത്യസന്ധമായി ആത്മാവില്‍ ചോദിച്ചറിയേണ്ട ഒരു കാര്യമുണ്ട്. എന്റെ ഹൃദയത്തില്‍ എന്തുമാത്രം കാപട്യമുണ്ട്? ഞാനെത്രത്തോളം കാപട്യക്കാരനാണ്.

കാപട്യം എന്നത് മനുഷ്യന്റെ ബലഹീനതയോ കുറവുകളോ ദൗര്‍ബല്യങ്ങളോ അല്ല. ചിരി വരാതെ ഞാന്‍ ചിരിക്കുകയും സ്‌നേഹമില്ലാതെ ഞാന്‍ സ്‌നേഹം നടിക്കുകയും ആത്മാര്‍ത്ഥതയില്ലാതെ പെരുമാറുകയും ചെയ്യുന്നത് കാപട്യമാണ്. ഫരിസേയ മനോഭാവത്തോടെ ഞാന്‍ മറ്റുള്ളവരെ നോക്കിക്കാണുകയും പച്ചിലകള്‍ കൊണ്ട് ഞാന്‍ മറ്റുള്ളവരെ ആകര്‍ഷിക്കുകയും എന്നാല്‍ അടുത്തുവരുമ്പോള്‍ ഒരു ഫലവുമില്ലാതെ നിരാശപ്പെടുത്തുകയും ചെയ്യുന്നത് കാപട്യമാണ്.

മറ്റുള്ളവരുടെ കാപട്യങ്ങളില്‍ വിശ്വസിച്ച് ജീവിതം നടുക്കടലില്‍ ആയിപ്പോയ എത്രയോ പേരുണ്ട്‌!

ഹൃദയത്തിലെ കാപട്യങ്ങളില്‍ നിന്ന് പുറത്തുവരാനും സത്യസന്ധരായി ജീവിക്കാനും നമുക്ക് കഴിയട്ടെ.
ഈ പ്രഭാതം മറ്റൊരു പ്രഭാതം പോലെയും ആകാതിരിക്കട്ടെ. ഇത് നമ്മുടെ തിരിച്ചറിവിന്റെ പ്രഭാതമായിമാറട്ടെ.

ദൈവമേ കാപട്യത്തിന്റെ ഭാരങ്ങളില്‍ നിന്നും അലങ്കാരങ്ങളില്‍ നിന്നും വിമുക്തനാകാന്‍ നീയെന്നെ സഹായിക്കണേ. നീ ഏറ്റവും അധികം വെറുക്കുന്നവയും നിന്റെ ശാപത്തിന് പോലും ഇടയാക്കുന്നതുമായ പാപവും കാപട്യമല്ലാതെ മറ്റൊന്നല്ലെന്നും ഞാന്‍ അറിയുന്നു.
നന്ദി
വിഎന്‍.