മനുഷ്യന് പറയുന്നതിനെല്ലാം ചെവി കൊടുക്കരുത്( സഭാ7:21)
നമ്മുടെ സ്വസ്ഥത നശിപ്പിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് മനുഷ്യന് പറയുന്നതിനെല്ലാം ചെവി കൊടുക്കുന്നതാണ്. അവന് എന്നെക്കുറിച്ച് അങ്ങനെ പറഞ്ഞല്ലോ..അവന് എന്നെക്കുറിച്ച് അങ്ങനെ വിചാരിച്ചുകാണുമോ.. ഇങ്ങനെയെല്ലാം ഓര്‍ത്ത് വിഷമിക്കുന്നവരും തല പുണ്ണാക്കുന്നവരും ധാരാളമുണ്ട്.
മനുഷ്യന്റെ പൊതുപ്രവണത നന്മ പറയുന്നതിനെക്കാള്‍ തിന്മ പറയുന്നതാണ്. പോസിറ്റീവ് പറയുന്നതിനെക്കാള്‍ നെഗറ്റീവ് പറയുന്നതാണ്. നന്മകാണാന്‍ നമുക്കായിരം കണ്ണുവേണം. എന്നാല്‍ തിന്മ കാണാന്‍ ഒരു കണ്ണ് തന്നെ ധാരാളം. അതുകൊണ്ട് പറയുന്നതിനെല്ലാം ചെവി കൊടുക്കരുത്.ചെവി കൊടുക്കേണ്ടതിന് കൊടുക്കുകയും വേണം.
ഒരാള്‍ നമ്മെക്കുറിച്ച് മോശമായിട്ടെന്തെങ്കിലും പറഞ്ഞാല്‍ അതില്‍ തിരുത്താനെന്തെങ്കിലുമുണ്ടോ ശരിയായ കാര്യമാണോ എന്ന് കണ്ടെത്തിയതിന് ശേഷം തള്ളേണ്ടതിനെ തള്ളിയും കൊള്ളേണ്ടതിനെ കൊണ്ടും മുന്നോട്ടുപോകണമെന്നാണല്ലോ മനശ്ശാസ്ത്രജ്ഞര് പറയുന്നത്. കുടുംബജീവിതത്തിലായാലും സമൂഹജീവിതത്തിലായാലും പലരും പലതും പറയുന്നുണ്ടാവും.
അവയൊന്നും അമിതമായി തലയില്‍ ചുമന്നു നടക്കരുത്. ചിലതിനൊന്നും നാം കാതുകൊടുക്കരുത്. കാതുകൊടുത്താല്‍ നമ്മുടെ മനസ്സിലേക്ക് അത് കയറിക്കൂടും.കാതില്‍ ചേക്കേറിയതിനെ നാം മനസ്സില്‍ കൊണ്ടുനടക്കും. പകയും വിദ്വേഷവും നീരസവും സങ്കടവും ആത്മനിന്ദയും തോന്നും. മനസ്സ് ശുഭ്രമായിരിക്കട്ടെ. അതാണ് മുഖ്യം.
അതുകൊണ്ട് ഈ പ്രഭാതത്തില്‍ നാം ആയിരിക്കുന്ന ഇടങ്ങളില്‍ ഇങ്ങനെയൊരു തീരുമാനമെടുക്കുക. എന്റെ മനസ്സിന്റെ സ്വസ്ഥത മറ്റുള്ളവരുടെ വാക്കുകൊണ്ട് ഞാന്‍ നഷ്ടപ്പെടുത്തുകയില്ല.
ശുഭദിനം
വി.എന്‍