എനിക്കൊരു കാര്യം പറയാനുണ്ട്

0

പാപിനിക്ക് മോചനം. (ലൂക്കാ 7 : 36-50) ധ്യാനം -12

ഇന്നത്തെ മനുഷ്യന്റെ വലിയൊരു വിലാപമാണ് തെറ്റിദ്ധരിക്കപ്പെടുന്നു എന്നുള്ളത്. ഇന്നുവരെ ആരെയും തെറ്റിദ്ധരിക്കാത്ത, ആരാലും തെറ്റിദ്ധരിക്കപ്പെടാത്ത ആരെങ്കിലും ഭൂമിയിൽ ഉണ്ടോ എന്നുപോലും സംശയമാണ്. എത്രയോ അധികം പേരാണ് തെറ്റിദ്ധാരണയുടെ പേരിൽ ജീവിതത്തിൽ കൈപ്പനുഭവിക്കുക? തെറ്റിദ്ധരിക്കപ്പെടുന്നു എന്നതിലും ഗൗരവമാണ് പലപ്പോഴും അത് തിരുത്താൻ സാധിക്കുന്നില്ല എന്നുള്ളത്. പല കുടുംബങ്ങളും വ്യക്തിബന്ധങ്ങളും ഇന്ന് ഈ പ്രശ്നത്തിന്റെ പേരിൽ തകർച്ച നേരിടുകയാണ്. പലരും അവരുടെ തെറ്റായ ധാരണകൾ ശരിയാണ് എന്നുവിശ്വസിച്ചു, അത് തിരുത്താനുള്ള സാധ്യതകളും നഷ്ടപ്പെടുത്തുന്നു. സങ്കീർണ്ണമായ ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ തെറ്റിദ്ധാരണകളെ എങ്ങനെയാണ് നേരിടേണ്ടതെന്നു യേശു പഠിപ്പിക്കുന്നു.

ഫരിസേയന് ഉണ്ടായ തന്നെക്കുറിച്ചുള്ള നിഗമനങ്ങൾ ശരിയല്ല എന്ന് തിരിച്ചറിഞ്ഞ ഈശോ അവനുമായി സംസാരിച്ചു തന്റെ ഭാഗം വ്യക്തമാക്കുന്നതാണ് സുവിശേഷഭാഗം. ഇവിടെ നാം ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ ഉണ്ട്.

(1) ഫരിസേയന് തന്നേക്കുറിച്ചു തെറ്റായ വിലയിരുത്തൽ ഉണ്ടായത് യേശുവിനെ ഒട്ടും ആലോസരപ്പെടുത്തുന്നില്ല. എത്രയോ ശാന്തമായാണ് യേശു അവനോട് സംസാരിക്കുന്നത്? (2) അതിന്റെ പേരിൽ ഫരിസേയനെ ഒരുവിധത്തിലും അധിക്ഷേപിക്കുന്നില്ല. താൻ ഒരിക്കലും തെറ്റിദ്ധരിക്കപ്പെടരുത് എന്നൊന്നും യേശുവിന് വാശിയുണ്ടായിരുന്നില്ല. എന്നെപ്പറ്റി എല്ലാവരും നന്മ മാത്രമേ നിരൂപിക്കാവൂ എന്നും അവൻ കല്പിച്ചില്ല. (3) അവന്റെ അതിഥിയായി തുടർന്നു, അവിടെ നിന്ന് ഇറങ്ങിപ്പോരുകയോ, ബന്ധം ഉപേക്ഷിക്കുകയോ ചെയ്തില്ല. (4) ഫരിസേയൻ മനസ്സിലാണ് ചിന്തിച്ചതെങ്കിലും ഈശോ അത് മനസ്സിലാക്കിയപ്പോൾ, അതിനെക്കുറിച്ചു പരസ്യമായി തന്നെ സംസാരിക്കാൻ തയ്യാറാകുന്നു. ഒരിക്കലും അത് ഉള്ളിലൊളിപ്പിച്ചു, ആ ബന്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നില്ല. (5) “ശിമയോനെ, എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്” എന്ന് പറഞ്ഞുകൊണ്ട് സംസാരം ആരംഭിക്കുന്നതും യേശുവാണ്. ഫരിസേയൻ ആണല്ലോ തെറ്റിദ്ധരിച്ചത്, സത്യം അറിയണമെങ്കിൽ അവൻ എന്റെ അടുക്കൽ വരട്ടെ എന്ന് യേശു ചിന്തിച്ചില്ല. (6)
ഒരു ഉപമ വഴിയാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നത്. പരസ്യമായി സംസാരിക്കുമ്പോഴും അദ്ധേഹത്തിന്റെ സൽപ്പേരിന് ക്ഷതം എൽക്കരുതെന്നു യേശുവിന് നിർബന്ധമുണ്ടായിരുന്നു.

എന്റെ ജീവിതത്തിൽ ഞാൻ തെറ്റിദ്ധരിക്കപ്പെട്ടപ്പോൾ യേശുവിനെപ്പോലെയാണോ ഞാൻ പ്രവർത്തിച്ചത്? എത്രയോ വൈകാരീകമായാണ് ഞാൻ അതിനോട് പ്രതികരിച്ചത്? എത്രയോ ശാപവാക്കുകളും ആക്ഷേപങ്ങളും എന്നിൽ നിന്ന് പുറപ്പെട്ടു. എത്രയോ ബന്ധങ്ങളും സൗഹൃദങ്ങളും ഉപേക്ഷിക്കപ്പെട്ടു? അവരുടെ കുടുംബത്തെയും കുടുംബാംഗങ്ങളെയും അകറ്റി നിർത്തി? അത് തിരുത്താൻ മുതിരാതെ, അഹങ്കാരവും ഗർവ്വും മൂലം എത്രയോ ആളുകളുടെ സമാധാനം നാം നഷ്ടപ്പെടുത്തി? എത്രയോ പേരോടാണ് ഇന്നും തുറന്നുപറയാത്ത വിഷമങ്ങളുള്ളത്?

ക്ഷമയോടെ, സഹാനുഭൂതിയോടെ, കരുണയോടെ, സ്നേഹത്തോടെ, അതിലുപരി
ഫരിസേയനെ നഷ്ടമാകരുതെന്ന വലിയ ആഗ്രഹത്തോടെയാണ് ക്രിസ്തു അന്ന് പ്രവർത്തിച്ചത്. ആ ക്രിസ്തു ഇന്ന് നിന്നെ നോക്കി വെല്ലുവിളിക്കുന്നു, നിനക്കാകുമോ ക്രിസ്ത്യാനിയാകാൻ??

ശുഭരാത്രി

Fr Sijo Kannampuzha OM