വെൺകൽഭരണിയിലെ സുഗന്ധതൈലം

0


പാപിനിക്ക് മോചനം. (ലൂക്കാ 7 : 36)  ധ്യാനം -5

ബാലന്റെ കയ്യിലെ അഞ്ചപ്പവും രണ്ടുമീനും, മറ്റാരുടെയോ സ്വന്തമായിരുന്ന കഴുതയും, സെഹിയോൻ ഊട്ടുശാലയും എല്ലാം ഈശോ കടമെടുത്തതാണ്. അവസാനം പിടഞ്ഞുമരിച്ചകുരിശും അടക്കപ്പെട്ട കല്ലറയും യേശുവിന്റെ സ്വന്തമായിരുന്നില്ല. മറ്റാർക്കൊക്കെയോവേണ്ടി ഒരുക്കപ്പെട്ടവ, യേശുവിന്റെ കരങ്ങളിലൂടെ, അവനുവേണ്ടി മാറ്റപ്പെടുകയായിരുന്നു.

ഇന്നിതാ പാപിനിയായ സ്ത്രീ അവൾക്കുവേണ്ടി, അവളുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതിവെച്ച സുഗന്ധതൈലവുമായി, അതും വെൺകൽഭരണിയിൽ കാത്തുസൂക്ഷിച്ചു വച്ചിരുന്നതുമായി ക്രിസ്തുവിനെ സമീപിക്കുന്നു. അത് വാങ്ങിവച്ചപ്പോളോ, സംഭരിച്ചപ്പോഴോ, ഇതിനുമുമ്പ് ഉപയോഗിച്ചപ്പോഴോ, അതൊരിക്കലും യേശുവിനുവേണ്ടി ഉപയോഗിക്കേണ്ടിവരുമെന്നു അവൾ കരുതിയിരിക്കില്ല. 

ആ സുഗന്ധതൈലം പ്രതിനിധാനം ചെയ്യുന്നത് അവളുടെ ജീവിതത്തെയാണ്. ഇതുവരെ അവളുടെ ജീവിതം ഉപയോഗിക്കപ്പെട്ടത് മറ്റുള്ളവർക്ക് വേണ്ടിയായിരുന്നു. ഇന്നിതാ, ഇപ്പോൾ മുതൽ അവൾ തന്റെ ജീവിതത്തിനു മാറ്റം വരുത്തുകയാണ്. കർത്താവിന്റെ പാദത്തിങ്കൽ പൂശപ്പെട്ട സുഗന്ധതൈലം പോലെ അവളുടെ ജീവിതം കർത്താവിനു സമർപ്പിക്കപ്പെടുകയാണ്, പൂർണ്ണമായിത്തന്നെ.

നീയും വെൺകൽഭരണിയിലെ സുഗന്ധതൈലമാണ്. ആരാണ് അതിൽ ഭാഗഭാക്കാകുന്നത്? നിന്റെ ജീവിതത്തിന്റെ നന്മകൾ പങ്കുവയ്ക്കപ്പെടേണ്ടത് അത് അർഹിക്കുന്നവരുമായാണ്. പാപിനിയുടെ വെൺകൽഭരണികൾ അതുവരെ തുറക്കപ്പെട്ടത് ആഡംബരങ്ങൾക്കുവേണ്ടിയായിരുന്നു. ഇപ്പോൾ മുതൽ അത് തുറക്കപ്പെടുന്നത് നാഥനുവേണ്ടിയാണ്. 

എന്റെ നന്മകൾ, കഴിവുകൾ, സാദ്ധ്യതകൾ, ക്രിസ്തുവിനുവേണ്ടി വ്യയം ചെയ്യപ്പെടട്ടെ.
ശുഭരാത്രി

🖋

️Fr Sijo Kannampuzha OM