ക്ലേശകാലങ്ങളില്‍ അഹങ്കാരിയുടെ മധ്യേ ഞാന്‍ നിരാശ്രയനായി നിന്നപ്പോള്‍ എന്നെ ഉപേക്ഷിക്കരുതേ എന്ന് എന്റെ നാഥനും പിതാവുമായ കര്‍ത്താവിനോട് കേണപേക്ഷിച്ചു.( പ്രഭാ 51: 10)
എല്ലാവരുടെയും ജീവിതങ്ങളിലുണ്ടാകും ഒരു ക്ലേശകാലം.ചുറ്റുമുള്ളവരുടെ സ്നേഹവും ആത്മാര്‍ത്ഥതയും നമുക്കേറ്റവും തിരിച്ചറിയാന്‍ കഴിയുന്നത് നമുക്ക് ഒരിടത്തും ആശ്രയമില്ലാതെ വരുന്ന ഇത്തരം ക്ലേശകാലങ്ങളിലാണ്.
നമ്മളെടുത്ത ഒരു തീരുമാനം ഏതൊക്കെയോ തരത്തില്‍ തെറ്റിപ്പോകുകയോ അതിന്റെ പേരില്‍ നമ്മള് സാമ്പത്തികമായി ബുദ്ധിമുട്ടിലാകുമ്പോഴോ ആണ്. അതുവരെ നമ്മളെ ആദരവോടും ഇത്തിരി അസൂയയോടും കാണുകവരെ ചെയ്തിരുന്നവരൊക്കെ പെട്ടെന്ന് നമ്മുടെ ഉപദേശകരായി മാറും. മാര്‍ഗ്ഗനിര്‍ദ്ദേശകരായി മാറും. ഒപ്പം കുറ്റപ്പെടുത്താനും തുടങ്ങും.
നിനക്ക് അതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ..
നീ സ്വയം വരുത്തിവച്ചതല്ലേ.. അനുഭവിക്ക്..
നിനക്ക് പഴയതുപോലെ തന്നെ അത് ചെയ്താല്‍ പോരായിരുന്നോ..
ഒരു വശത്തു നിന്ന് ഉപദേശങ്ങളും കുറ്റപ്പെടുത്തലുകളും.
മറുവശത്ത് ചിലരുടെ ഗൂഢമായ സന്തോഷങ്ങള്‍.
ഒരുവന് ഒന്നുമില്ലാത്തവനായി നിലം പറ്റി വീണുപോയതിന്റെ അസൂയ കലര്‍ന്ന വിജയാഹ്ലാദങ്ങള്‍. ഇങ്ങനെ പലവിധ സ്വരങ്ങള്‍. ക്ലേശകാലത്തെക്കാള് നമ്മെ വലയ്ക്കുന്നത് ഇത്തരം സ്വരങ്ങളാണ്. സ്വന്തം അനുഭവത്തില്‍ നിന്നാണ് ഞാന്‍ ഇത് പറയുന്നത്.
ചുരുങ്ങിയ ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ പലയിടത്തു നിന്നും സമാനമായ സ്വരം ഞാന്കേട്ടു. പ്രിയപ്പെട്ടവര്‍ പലരും എനിക്ക് നേരെ ചൂണ്ടുവിരലുയര്‍ത്തി. നിരാശ്രയനായി ഉളള് കലങ്ങി നിന്നപ്പോഴൊക്കെ ഞാന്‍ എന്റെ ദൈവത്തോട് ഒന്നേ അപേക്ഷിച്ചുള്ളൂ,
എന്റെ ദൈവമേ എന്നെ അപമാനിതനാക്കരുതേ.. എന്റെ മക്കളെ പട്ടിണിക്കിടരുതേ. ഒന്നും ഇല്ലാത്തവനായി എന്നെ മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടാന്‍ അനുവദിക്കരുതേ.. എന്റെ ആവശ്യങ്ങള്‍ നിവര്ത്തിച്ചുകിട്ടാനായി എന്നെ കടക്കാരനാക്കി മാറ്റരുതേ.
മണിക്കൂറുകള്‍ നീണ്ട പ്രാര്‍ത്ഥനയായിരുന്നില്ല, കൈവിരിച്ചും ത്യാഗങ്ങളെടുത്തുമുള്ള പ്രാര്ത്ഥനയുമായിരുന്നില്ല. പക്ഷേ നെഞ്ചുലഞ്ഞും കണ്ണുകലങ്ങിയുമുള്ള ജീവശ്വാസം പോലെയുള്ള പ്രാര്‍ത്ഥനയായിരുന്നു.
ഇതു വായിക്കുന്ന പ്രിയപ്പെട്ടവരേ, നിങ്ങളുടെ ജീവിതത്തിലുമുണ്ടാകും സമാനമായ അവസ്ഥകള്‍. ബിസിനസ് പരാജയം, ജോലി നഷ്ടം, പ്രിയപ്പെട്ടവരില്‍ നിന്നുള്ള കുത്തുവാക്കുകള്‍..
തളരരുത്. ഒരു മനുഷ്യന്റെ മുമ്പിലും നിങ്ങള്‍ കരയരുത് മറിച്ച് കരയാന്‍ കഴിവുണ്ടെങ്കില്‍ ആരും കാണാതെ ദൈവത്തിന്റെ മുമ്പില്‍ കരയുക, അവിടുത്തോട് കേണപേക്ഷിക്കുക. എന്നെ ഉപേക്ഷിക്കരുതേയെന്ന്.. അവിടുന്ന് നിന്നെ താങ്ങും. അവിടുന്ന് നിന്നെ കൈപിടിക്കും. ഇന്നല്ലെങ്കില്‍ നാളെ നിന്നെ അവിടുന്ന് ഉയര്‍ത്തും. തീര്‍ച്ച.
പ്രാര്‍ത്ഥനയോടെ നല്ല ദിനം ആശംസിച്ചുകൊണ്ട്
വിഎന്‍